ഓണക്കാലത്തെ ലഹരിക്കടത്ത്

ഓണാഘോഷത്തെ ലഹരിയില്‍ മുക്കാന്‍ ലഹരിക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്. പൊലീസും എക്‌സൈസും സജീവമായി രംഗത്തുണ്ടെങ്കിലും കാസര്‍കോട് ജില്ലയിലേക്കടക്കം അതിര്‍ത്തി കടന്നുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കടത്ത് സജീവമാണ്.
ഓണക്കാലത്ത് കേരളത്തിലെ മദ്യ ഉപഭോഗം കുതിച്ചുയരുന്നതിന്റെ കണക്കുകള്‍ നാം അറിയാറുണ്ട്. അതുകൊണ്ടുതന്നെ കേരളക്കരയിലേക്ക് ഒഴുകി വന്നേക്കാവുന്ന വ്യാജമദ്യവും മറ്റു ലഹരി ഉല്‍പന്നങ്ങളും ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നതാണ്. ഈ വിപത്തിനെതിരെ സംസ്ഥാന എക്‌സൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡുകളെ ഉപയോഗിച്ച് പരിശോധനയും നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഓരോ ജില്ലയെയും രണ്ട് മേഖലകളാക്കി തിരിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോഴ്സ് പൊലീസിന്റെയും റവന്യു വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പല വഴികളിലൂടെയും ലഹരിക്കടത്ത് നടക്കുന്നു. തീരമേഖലയില്‍ കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും സഹകരണം തേടിയിട്ടുണ്ട്. ട്രെയിന്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും അന്തര്‍ സംസ്ഥാന കണ്ടയ്നര്‍ വഴിയുമൊക്കെ കേരളത്തിലേക്ക് എത്തുന്ന ലഹരി മരുന്നുകളും വ്യാജമദ്യവും തടയാനുള്ള സജ്ജീകരണമാണ് സംസ്ഥാന തലത്തില്‍ എക്സൈസ് വകുപ്പ് നടപ്പാക്കിവരുന്നത്. അതിര്‍ത്തി കടന്നെത്തുന്ന മദ്യവും മയക്കുമരുന്നുമാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പ്രാധാന്യം കൊടുത്തുകൊണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന എക്‌സൈസ് വകുപ്പ്. വനിത ഉദ്യോഗസ്ഥരെ അടക്കം വിന്യസിച്ചുകൊണ്ട് എക്‌സൈസിന്റെ സാന്നിധ്യം ഇല്ലാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ താല്‍ക്കാലികമായി ജീവനക്കാരെ ഏര്‍പ്പെടുത്തിയും വാഹന പരിശോധന കര്‍ശനമാക്കിയും മുന്നോട്ട് പോവുകയാണ് വകുപ്പ്. സംസ്ഥാന പൊലീസുമായി സഹകരിച്ച് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും തിരച്ചില്‍ വ്യാപിപ്പിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന ബസുകള്‍, സംസ്ഥാനത്തിനകത്ത് തന്നെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗം കണ്ടെത്തിയിട്ടുള്ള സ്‌കൂള്‍ പരിസരങ്ങള്‍, ടാറ്റു സെന്ററുകള്‍, ബീച്ചുകള്‍, മാളുകള്‍, ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി ലഹരി ഒഴുകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സജീവ ഇടപെടല്‍ ദൃശ്യമാണ്. ലഹരി മുക്തമായ ഓണം ലക്ഷ്യമിട്ടാണ് ക്രമീകരണങ്ങള്‍. ജനാഭിപ്രായങ്ങള്‍ രൂപീകരിച്ചുകൂടിയാണ് എക്സൈസ് വകുപ്പ് പ്രവര്‍ത്തിച്ചുവരുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പൂര്‍ണ തോതില്‍ ബാരിക്കേഡുകള്‍ നിരത്തിവെച്ച് പരിശോധിക്കാനുള്ള വെല്ലുവിളികള്‍ നിലവിലുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ ചെക്ക്‌പോസ്റ്റുകളില്‍ വിന്യസിച്ചുകൊണ്ട് വാഹന പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ചരക്ക്-യാത്രാവാഹനങ്ങളെത്തുന്ന പ്രധാനപ്പെട്ട ചെക്ക്‌പോസ്റ്റാണ് പാലക്കാട് ജില്ലയിലെ വാളയാര്‍. പരിഷ്‌കരിച്ച റോഡ് സംവിധാനം ഉള്ളതിനാല്‍ കര്‍ശന പരിശോധന ഇവിടെ ദുഷ്‌കരമാണ്. നിലവിലുള്ള സംവിധാനത്തിന് പുറമേ അവരെ സഹായിക്കാന്‍ ടാക്‌സ് ഫോഴ്‌സിനേയും സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ലഹരിമാഫിയകളെ തുരത്തണം.