ദയാവധം മാത്രമോ പരിഹാരം...?

തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന പുതിയ നടപടികള്‍ തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസകരമാകുമോയെന്നാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. തെരുവ് നായ ഉള്‍പ്പെടെ ഏതെങ്കിലും മൃഗത്തിന് ഗുരുതര രോഗമുണ്ടെന്നോ മറ്റ് മൃഗങ്ങളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നോ ബോധ്യപ്പെട്ടാല്‍ അവയെ ദയാവധത്തിന് വിധേയമാക്കാമെന്നും രോഗമുണ്ടെന്ന് വെറ്ററിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ദയാവധം കൊണ്ട് മാത്രം തെരുവ് നായ്ക്കളുടെ ശല്യം തടയാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആരെയും ഉപദ്രവിക്കാന്‍ ത്രാണിയില്ലാത്ത രോഗംബാധിച്ച നായ്ക്കളെ കൊല്ലുമ്പോഴും മനുഷ്യരെ പച്ചക്ക് കടിച്ച് കീറുന്ന ഹിംസ്ര സ്വഭാവമുള്ള ധാരാളം നായ്ക്കള്‍ അപ്പോഴും സൈ്വരവിഹാരം നടത്തുമെന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യയില്‍ 2001ല്‍ ആണ് തെരുവ് പട്ടികളെ കൊന്നൊടുക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്തത്. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തില്‍ പ്രത്യേകിച്ചും, തെരുവ് പട്ടികളുടെ എണ്ണം അനിയന്ത്രിതമായി പെരുകി. അനിയന്ത്രിതമായി പെറ്റു പെരുകിയ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ 130 പേരാണ് സംസ്ഥാനത്ത് പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. 18 ലക്ഷത്തോളം ആളുകള്‍ക്കാണ് ഈ കാലയളവില്‍ നായയുടെ കടിയേറ്റത്. 2019 ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പകരം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളാണ് സംസ്ഥാനത്തുള്ളത്. 2025ല്‍ മാത്രം പട്ടിയുടെ കടിയേറ്റത് ആയിരക്കണക്കിനാളുകള്‍ക്കാണ്. അതായത് പ്രതി ദിനം ശരാശരി 868 പേര്‍ക്ക് സംസ്ഥാനത്ത് നായയുടെ കടിയേല്‍ക്കുന്നു.
ഒരേ പട്ടി തന്നെ ഒന്നിലധികം പേരെ കടിച്ചിട്ടും തെരുവ് പട്ടിക്ക് ലഭിക്കുന്ന നിയമ പരിരക്ഷ മനുഷ്യര്‍ക്ക് കിട്ടുന്നില്ല. പിന്നെയും ആളുകളെ കടിക്കാന്‍ ഇടവരുന്നു. ചില രാജ്യങ്ങള്‍ സംസ്ഥാനത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് തെരുവ് പട്ടി ശല്യത്തെപ്പറ്റി മുന്നറിയിപ്പ് വരെ നല്‍കുകയുണ്ടായി. മൃഗ സ്നേഹത്തിന്റെ ഭീകര മുഖമാണ് നാമിവിടെ കാണുന്നത്. തെരുവ് പട്ടികളെ വന്ധ്യംകരിക്കാനും റാബീസ് വാക്‌സിന്‍ വിതരണത്തിനും വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 2024 -25 മാത്രം ഈ വകയില്‍ ചെലവഴിച്ചത് 47 കോടി അറുപത് ലക്ഷം രൂപ. പട്ടികടിയേറ്റാല്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ മുഖാന്തിരം നഷ്ടപരിഹാരത്തിനപേക്ഷിക്കാം. ചെറിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലയളവില്‍ മുന്നൂറുപേര്‍ക്കായി മൂന്നുകോടിയിലേറെ രൂപയാണ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം നഷ്ട പരിഹാരമായി നല്‍കിയത്. തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകുന്ന കേരളമാണ് ഉണ്ടാകേണ്ടത്.