തകര്‍ന്ന റോഡുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍

കാലവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കാസര്‍കോട് നഗരത്തില്‍ ദേശീയപാതയ്ക്കും നഗരത്തിലെ പ്രധാന റോഡുകള്‍ക്കും ബൈപ്പാസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന റോഡുകളില്‍ പലതും തകര്‍ന്നുകിടക്കുകയാണ്. തകര്‍ന്ന റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ഒരുപോലെ അപകടകരമാകുകയാണ്. കുഴികള്‍ നിറഞ്ഞ റോഡിലെ ചെളിയും മണ്ണും വാഹനങ്ങള്‍ തെന്നിപ്പോകാനും കാല്‍നടയാത്രക്കാര്‍ കാല്‍ വഴുതി വീഴാനും ഇടവരുത്തുന്നു. കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കുടിവെള്ളവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി കോാണ്‍ക്രീറ്റ് റോഡ് പൊളിച്ചിട്ടിരുന്നു. ഈ റോഡ് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനിടയില്‍ മഴ ശക്തമായതോടെ റോഡ് ചെളിക്കുളമായിരിക്കുകയാണ്. മഴവെള്ളം കുത്തിയൊലിക്കുന്നത് റോഡിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാണ്. കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിച്ച് ആറുമാസത്തിനകം തന്നെ പൈപ്പ് കണക്ഷന്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡുകള്‍ പൊളിച്ചിടുകയായിരുന്നു. അടുക്കത്ത് ബയല്‍-ബീരന്ത് ബയല്‍ റോഡും കറന്തക്കാട്- ലക്ഷ്മി വെങ്കിടേഷ് റോഡും ഭിക്ഷു ലക്ഷ്മി നാരായണ സ്മാരക മന്ദിരം റോഡും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുസഹമാണ്.

അടുക്കത്ത് ബയല്‍ ദേശീയപാത, സര്‍വീസ് റോഡ്, കറന്തക്കാട് സര്‍വീസ് റോഡ്, കറന്തക്കാട് പി.ഡബ്ല്യു.ഡി റോഡ് എന്നിവിടങ്ങളില്‍ നിന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കി കാസര്‍കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, നെല്ലിക്കുന്ന് ബീച്ച് റോഡ്, താലൂക്ക് ഓഫീസ്, തായലങ്ങാടി, കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലത്തെത്താന്‍ ഉപയോഗിക്കുന്ന റോഡിനാണ് ദുരവസ്ഥ. റോഡിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് കുഴിയില്‍ പതിക്കുന്നത് പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷകള്‍ വാടകയ്ക്ക് ഓട്ടം പോകാന്‍ പോലും മടികാണിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചുവീഴുന്നതും പതിവാണ്. മഴക്കുമുമ്പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കില്‍ റോഡുകള്‍ ഇത്രയേറെ തകര്‍ച്ച നേരിടില്ലായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. പൊതുമരാമത്തും നഗരസഭയും ജലഅതോറ്റിയും തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെങ്കിലും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it