കടലോരം കണ്ണീരിലാണ്

കാലവര്‍ഷം കലി തുള്ളുമ്പോള്‍ കടലിന്റെ മക്കളും കണ്ണീരിലാണ്. ട്രോളിങ്ങ് നിരോധനം കാരണം മത്സ്യബന്ധനം നടത്താന്‍ സാധിക്കാത്തതിനാല്‍ പട്ടിണിയെ അഭിമുഖീകരിക്കുന്ന തീരദേശവാസികള്‍ കാലവര്‍ഷക്കെടുതികള്‍ കാരണവും കടുത്ത ദുരിതമനുഭവിക്കുകയാണ്. രൂക്ഷമായ കടലാക്രമണം കാരണം തീരദേശകുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. കടലാക്രമണത്തില്‍ വീടുകള്‍ ഭീഷണി നേരിടുകയാണ്. ശക്തമായ കടലേറ്റം കാരണം കര കുറഞ്ഞുവരികയാണ്. പല ഭാഗങ്ങളിലും കടല്‍ഭിത്തി പോലും തകരുകയാണ്. ട്രോളിംഗ് നിരോധനത്തോടൊപ്പം കാലവര്‍ഷക്കെടുതികളും ഏറിയതോടെ കടലോരം വറുതിയിലായി. 47 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പിലാക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 14 ദിവസത്തെ സൗജന്യ റേഷനാണ്. അതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നാണ്് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നത്. റേഷന്‍ വിതരണത്തിന് ഇനിയും ആഴ്ചകളെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഓണത്തിന് ശേഷമാണ് പല കടലോര ഗ്രാമങ്ങളിലും സൗജന്യ റേഷന്‍ വിതരണം നടന്നത്. ജൂണ്‍ 14ന് അര്‍ദ്ധരാത്രി മുതലാണ് ട്രേളിംഗ് നടപ്പാക്കിയതെങ്കിലും കഴിഞ്ഞ മൂന്നു മാസമായി കടലോരം വറുതിയിലായിരുന്നു. മീന്‍ ലഭ്യത കുറഞ്ഞതാണ് മീന്‍ പിടിത്ത തൊഴിലാളികളെ ദുരിതത്തിലാക്കിയത്. ചൂട് കൂടിയതിനാല്‍ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് വലിഞ്ഞതാണ് കാരണം. പരമ്പരാഗത മത്സ്യ ബന്ധന രീതികളില്‍ വന്ന മാറ്റവും മീന്‍ ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്. വിദ്യാലയങ്ങള്‍ തുറന്നതോടെ ഏറെ പണച്ചെലവുണ്ടെങ്കിലും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റും ലഭിച്ചിട്ടില്ല. ഏഴാം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1200 രൂപയുമാണ് ഗ്രാന്റ് ലഭിക്കുക. പഠനോപകരണങ്ങളും യൂണിഫോമും വാങ്ങാന്‍ തുച്ഛമായ ഈ തുക പര്യാപ്തമല്ലെങ്കിലും അതും സമയത്ത് ലഭിക്കുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കും അനുബന്ധ തൊഴിലുകളിലേര്പ്പെട്ടവര്ക്കും ട്രോളിംഗ് നിരോധന കാലത്ത് കൂടുതല്‍ സഹായധനം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മറുനാടുകളില്‍ നിന്നും വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. നല്ല മീനുകളൊന്നും കിട്ടാനില്ല. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മീനുകളാണ് വിപണിയിലെത്തുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് വഴിമുട്ടിയതോടെ ഈ മേഖലയില്‍ അടിയന്തിരസഹായം എത്തിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. സൗജന്യറേഷന് കാര്യക്ഷമമായി തന്നെ വിതരണം ചെയ്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണണം.