കൊറഗ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര നടപടി വേണം

കാസര്‍കോട് ജില്ലയില്‍ എറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വിഭാഗമാണ് കൊറഗര്‍. ബദിയടുക്ക പഞ്ചായത്ത് പരിധിയിലാണ് ഏറ്റവും കൂടുതല്‍ കൊറഗകുടുംബങ്ങള്‍ താമസിക്കുന്നത്. ബദിയടുക്ക പെര്‍ഡാല കോളനിയില്‍ താമസിക്കുന്ന കൊറഗകുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രശ്നം കുടിവെള്ളക്ഷാമമാണ്. കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ കുടിവെള്ളപ്രശ്നം കാരണം നിത്യവും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിഭാപഠനകേന്ദ്രത്തിനടുത്തുള്ള കിണറിനെയാണ് കുടിവെള്ളത്തിനായി അവര്‍ ആശ്രയിക്കുന്നത്. ഈ കിണറില്‍ നിന്ന് കുടിവെള്ളം ശേഖരിക്കാന്‍ കുടുംബങ്ങള്‍ക്ക് വലിയ കഷ്ടപ്പാടുകളാണ് അനുഭവിക്കേണ്ടിവരുന്നത്. അപകടം നിറഞ്ഞ സാഹചര്യത്തിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കിണറും പരിസരവും ശുചീകരിക്കാനും എളുപ്പത്തില്‍ വെള്ളം […]

കാസര്‍കോട് ജില്ലയില്‍ എറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വിഭാഗമാണ് കൊറഗര്‍. ബദിയടുക്ക പഞ്ചായത്ത് പരിധിയിലാണ് ഏറ്റവും കൂടുതല്‍ കൊറഗകുടുംബങ്ങള്‍ താമസിക്കുന്നത്. ബദിയടുക്ക പെര്‍ഡാല കോളനിയില്‍ താമസിക്കുന്ന കൊറഗകുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രശ്നം കുടിവെള്ളക്ഷാമമാണ്. കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ കുടിവെള്ളപ്രശ്നം കാരണം നിത്യവും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിഭാപഠനകേന്ദ്രത്തിനടുത്തുള്ള കിണറിനെയാണ് കുടിവെള്ളത്തിനായി അവര്‍ ആശ്രയിക്കുന്നത്. ഈ കിണറില്‍ നിന്ന് കുടിവെള്ളം ശേഖരിക്കാന്‍ കുടുംബങ്ങള്‍ക്ക് വലിയ കഷ്ടപ്പാടുകളാണ് അനുഭവിക്കേണ്ടിവരുന്നത്. അപകടം നിറഞ്ഞ സാഹചര്യത്തിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കിണറും പരിസരവും ശുചീകരിക്കാനും എളുപ്പത്തില്‍ വെള്ളം കോരിയെടുക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള സ്ലാബ് ദ്രവിച്ച് നശിക്കാറായ നിലയിലാണ്. കമ്പികളും മറ്റും തുരുമ്പെടുത്തിരുന്നു. ഈ സ്ലാബില്‍ നിന്നാണ് കൊറഗകോളനിയിലെ കുടുംബങ്ങള്‍ വെള്ളമെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി കിണറ്റില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നു. പുറത്തുനിന്ന് മലിനജലം ഒഴുകിയെത്തി കിണറില്‍ വീഴാതിരിക്കാനാണ് കിണര്‍ മൂടി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചിരുന്നത്. പിന്നീട് കുഴല്‍ക്കിണറില്‍ നിന്ന് ജലവിതരണം ആരംഭിച്ചതോടെ വലിയ കിണറില്‍ നിന്നുള്ള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവെക്കുകയാണുണ്ടായത്. കോളനിയിലെ മുഴുവന്‍ കുടുംബങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിക്കാണ് കുഴല്‍ക്കിണറില്‍ നിന്നുള്ള ജലവിതരണത്തിന്റെ ചുമതലയുള്ളത്. എന്നാല്‍ കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുഴല്‍ക്കിണര്‍വെള്ളം ഉപയോഗിക്കാനുള്ള നിര്‍വാഹമില്ല. വൈദ്യുതി നിരക്കും ഇടക്കിടെ വരുന്ന അറ്റകുറ്റപ്പണിയും കണക്കിലെടുത്ത് ഓരോ കുടുംബവും ആഴ്ചയില്‍ അമ്പത് രൂപ വീതം നല്‍കണം. എന്നാല്‍ നിത്യവരുമാനമില്ലാത്ത കുടുംബങ്ങള്‍ക്ക് ഇതിന് സാധിക്കുന്നില്ല. ഇവര്‍ക്ക് കിണറിനെ തന്നെ ആശ്രയിക്കേണ്ടിവരുന്നു. കോണ്‍ക്രീറ്റ് സ്ലാബിന് നടുവിലായുള്ള ദ്വാരത്തിലൂടെയാണ് അഞ്ച് കുടുംബങ്ങള്‍ വെള്ളമെടുക്കുന്നത്. കാല്‍ വഴുതിയാല്‍ വലിയ അപകടം തന്നെ സംഭവിക്കും. കോണ്‍ക്രീറ്റ് സ്ലാബ് നീക്കി കൃത്യമായി സംരക്ഷണഭിത്തി കെട്ടി കപ്പിയും കയറും ഉപയോഗിച്ച് കിണറ്റില്‍ നിന്ന് വെള്ളമെടുക്കാനുള്ള സൗകര്യമെങ്കിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യം പോലും അധികൃതര്‍ മുഖവിലക്കെടുക്കുന്നില്ല. അതല്ലെങ്കില്‍ സാമ്പത്തിക ഭാരം ഒഴിവാക്കി മുഴുവന്‍ കൊറഗകുടുംബങ്ങള്‍ക്കും കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാനുള്ള അവസരമുണ്ടാക്കണം. കൊറഗവിഭാഗം പൊതുവെ അവഗണിക്കപ്പെടുന്നവരാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തില്‍ പോലും അവഗണന നിലനില്‍ക്കുകയാണ്. പണവും സ്വാധീനവും ഒന്നുമില്ലാത്ത വിഭാഗമായതുകൊണ്ട് അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും പരിഹരിക്കേണ്ട ആവശ്യമില്ല എന്ന മനോഭാവം ഇനിയെങ്കിലും അധികാരികള്‍ അവസാനിപ്പിക്കണം. അവര്‍ കൂടി ഉള്‍പ്പെടുന്നതാണ് നമ്മുടെ സമൂഹം. മറ്റ് ജനവിഭാഗങ്ങളെ പോലെ അവര്‍ക്കുമുണ്ട് അവകാശങ്ങള്‍. ഇനിയെങ്കിലും അനാസ്ഥ വെടിഞ്ഞ് അവര്‍ നേരിടുന്ന കുടിവെള്ളപ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണം.

Related Articles
Next Story
Share it