ഭൂഗര്‍ഭ കേബിള്‍; അന്വേഷണം വേണം

കാസര്‍കോടും കാഞ്ഞങ്ങാട്ടും നഗരപ്രദേശത്ത് പോസ്റ്ററുകള്‍ ഒഴിവാക്കി ഭൂഗര്‍ഭ കേബിള്‍ വലിച്ച് വൈദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയേടത്ത് തന്നെ. കാറ്റിലും മഴയിലും അടിക്കടി വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ കൂടിയാണ് രണ്ട് നഗരപ്രദേശത്തും കേബിള്‍ വൈദ്യുതി ലക്ഷ്യമിട്ടത്. കോടികള്‍ മുടക്കി മണ്ണിനടിയിലൂടെ കേബിള്‍ വലിക്കുകയും ചെയ്തു. വര്‍ഷം 12 കഴിഞ്ഞിട്ടും കേബിളുകള്‍ മണ്ണിനടിയില്‍ വിശ്രമിക്കുകയാണ്. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമായി നടത്തിയ പ്രവര്‍ത്തികള്‍ക്ക് ഏതാണ്ട് നാലുകോടി രൂപയോളം ചെലവഴിച്ചിട്ടും തുടര്‍ന്നങ്ങോട്ടുള്ള നീക്കം മുടങ്ങി. ആരാണിതിനെ അട്ടിമറിച്ചതെന്ന് ആര്‍ക്കുമറിയില്ല. ജനങ്ങളുടെ […]

കാസര്‍കോടും കാഞ്ഞങ്ങാട്ടും നഗരപ്രദേശത്ത് പോസ്റ്ററുകള്‍ ഒഴിവാക്കി ഭൂഗര്‍ഭ കേബിള്‍ വലിച്ച് വൈദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയേടത്ത് തന്നെ. കാറ്റിലും മഴയിലും അടിക്കടി വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ കൂടിയാണ് രണ്ട് നഗരപ്രദേശത്തും കേബിള്‍ വൈദ്യുതി ലക്ഷ്യമിട്ടത്. കോടികള്‍ മുടക്കി മണ്ണിനടിയിലൂടെ കേബിള്‍ വലിക്കുകയും ചെയ്തു. വര്‍ഷം 12 കഴിഞ്ഞിട്ടും കേബിളുകള്‍ മണ്ണിനടിയില്‍ വിശ്രമിക്കുകയാണ്. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമായി നടത്തിയ പ്രവര്‍ത്തികള്‍ക്ക് ഏതാണ്ട് നാലുകോടി രൂപയോളം ചെലവഴിച്ചിട്ടും തുടര്‍ന്നങ്ങോട്ടുള്ള നീക്കം മുടങ്ങി. ആരാണിതിനെ അട്ടിമറിച്ചതെന്ന് ആര്‍ക്കുമറിയില്ല. ജനങ്ങളുടെ ദുരിതത്തിന് അറുതി വന്നതുമില്ല. സര്‍ക്കാറിന് കോടികള്‍ നഷ്ടപ്പെടുകയും ചെയ്തു. ഐ.പി.ആര്‍.ഡി.സി കേന്ദ്രപദ്ധതിയിലാണ് ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചത്. കാഞ്ഞങ്ങാട്ട് ആലാമിപ്പള്ളി മുതല്‍ അജാനൂരിലെ അതിഞ്ഞാല്‍ വരെയാണ് വലിയ കുഴിയെടുത്ത് കേബിള്‍ വലിച്ചത്. കാസര്‍കോട്ടും പുതിയ ബസ്സ്റ്റാന്റ് ഭാഗത്തെയും ബന്ധിപ്പിച്ച് കേബിളുകള്‍ വലിച്ചു. നഗര പ്രദേശങ്ങളില്‍ മുടക്കവും തടസ്സവുമില്ലാത്ത വൈദ്യുതി വിതരണം നല്‍കുമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ പ്രഖ്യാപനം. വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കത്തതാണ് തുടക്കം പാളുന്നതിനിടയാക്കിയത്. മണ്ണിനടിയിലൂടെ ഇട്ട കേബിളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അപകടമുണ്ടാകുമെന്ന ബി.എസ്.എന്‍.എല്ലിന്റെയും ജലഅതോറിറ്റിയുടെയും തടസ്സവാദങ്ങളാണ് പ്രശ്‌നമായത്. ജല അതോറിറ്റി പൈപ്പുകളും ടെലഫോണ്‍ കേബിളുകളും വൈദ്യുതി കേബിളുമായി നിശ്ചിത അകലം പാലിച്ചില്ല എന്നതായിരുന്നു പ്രധാ നആക്ഷേപം. ബി.എസ്.എന്‍.എല്ലുമായി ഏറെക്കാലം ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ 2018 ഫെബ്രുവരിയില്‍ മന്ത്രി തലത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേബിള്‍ ചാര്‍ജ് ചെയ്യാന്‍ തീരുമാനമായെങ്കിലും കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നവീകരണം നടക്കുന്നതിനാല്‍ അത് നടന്നില്ല. റോഡ് നവീകരണത്തിനിടെ വൈദ്യുതി കേബിളുകള്‍ക്ക് പലയിടത്തും കേടുപാട് സംഭവിച്ചതോടെ പിന്നീടുള്ള കാര്യങ്ങള്‍ മുഴുവന്‍ തകിടം മറിഞ്ഞു. നവീകരണത്തിന് ശേഷം കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാര്‍ ചാര്‍ജ് ചെയ്യാനായി പരിശോധന നടത്തിയപ്പോള്‍ എട്ടിടത്ത് കേബിള്‍ പൊട്ടിയതായി കണ്ടെത്തി. റോഡ് കരാറുകാര്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രി കാലങ്ങളിലടക്കം റോഡ് കുത്തിപ്പൊളിച്ചപ്പോള്‍ കേബിള്‍ പൊട്ടിയതായാണ് ആക്ഷേപം. പരീക്ഷണച്ചാര്‍ജിംഗ് നടത്തിയപ്പോള്‍ സബ്‌സ്റ്റേഷന്‍ തന്നെ ഡ്രിപ്പ് ആകുന്ന സ്ഥിതിയുണ്ടായി. പൊട്ടലുകളിലൂടെ മഴവെള്ളമിറങ്ങി മിക്ക സ്ഥലങ്ങളിലും കേബിള്‍ നശിക്കുകയും ചെയ്തു. അധികൃതരുടെ അനാസ്ഥക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ബി.എസ്.എന്‍.എല്‍ കേബിളും ജലഅതോറിറ്റിയുടെയും പൈപ്പുകള്‍ ഉള്ളതൊന്നും വൈദ്യുതി ബോര്‍ഡിന് നേരത്തെ അറിയില്ലേ? കോടികള്‍ മുടക്കി ഒരു പദ്ധതി തുടങ്ങുമ്പോള്‍ അതിന്റെ മുമ്പും പിമ്പും ആലോചിക്കേണ്ടതില്ലേ? ഇത് സംബന്ധിച്ച ഒരു സര്‍വ്വെ പോലും നടത്താതെയാണോ ടെണ്ടര്‍ നല്‍കിയതും കോടികള്‍ തുലച്ചതും. സര്‍ക്കാറിന്റെ പണമല്ലേ കുറേ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷനും കൈമടക്കും കിട്ടിയെന്നത് മിച്ചം. എല്ലാം തുലച്ചിട്ട് പരസ്പരം പഴിചാരി പ്രശ്‌നത്തില്‍ നിന്ന് കൈകഴുകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കേബിള്‍ സ്ഥാപിക്കുന്ന കരാര്‍ മുതലുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമുണ്ടാവണം. കേബിള്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി പുതിയ കേബിള്‍ ഇടാനും വഴിയൊരുക്കണം.

Related Articles
Next Story
Share it