കളിയുടെ പേരിലുള്ള അക്രമങ്ങള്‍

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം അവസാനിച്ചു. അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കി. എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ സമൂഹത്തിന് എന്തുതരം സന്ദേശമാണ് നല്‍കുന്നത്.ഫുട്‌ബോള്‍ കളിയോടും ഫുട്‌ബോള്‍ താരങ്ങളോടും ആരാധനയാവാം. അത് മനുഷ്യസഹജമാണ്. എന്നാല്‍ ആരാധന മൂത്ത് വിവേകം നഷ്ടപ്പെട്ട അവസ്ഥയില്‍ മനുഷ്യര്‍ പെരുമാറിയാല്‍ അത് അപകടം തന്നെയാണ്. ആരാധന ആവേശത്തില്‍ നിന്ന് ഭ്രാന്തമായ മാനസികാവാസ്ഥയിലെത്തിയതിന്റെ പരിണിതഫലങ്ങളാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലും പ്രകടമായത്. കണ്ണൂര്‍ ജില്ലയില്‍ അര്‍ജന്റീനയുടെയും […]

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം അവസാനിച്ചു. അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കി. എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ സമൂഹത്തിന് എന്തുതരം സന്ദേശമാണ് നല്‍കുന്നത്.
ഫുട്‌ബോള്‍ കളിയോടും ഫുട്‌ബോള്‍ താരങ്ങളോടും ആരാധനയാവാം. അത് മനുഷ്യസഹജമാണ്. എന്നാല്‍ ആരാധന മൂത്ത് വിവേകം നഷ്ടപ്പെട്ട അവസ്ഥയില്‍ മനുഷ്യര്‍ പെരുമാറിയാല്‍ അത് അപകടം തന്നെയാണ്. ആരാധന ആവേശത്തില്‍ നിന്ന് ഭ്രാന്തമായ മാനസികാവാസ്ഥയിലെത്തിയതിന്റെ പരിണിതഫലങ്ങളാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലും പ്രകടമായത്. കണ്ണൂര്‍ ജില്ലയില്‍ അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും പേരിലുണ്ടായ തര്‍ക്കങ്ങളാണ് വെട്ടിലും കുത്തിലും കലാശിച്ചത്. തീര്‍ത്തും ബാലിശവും പരിഹാസ്യവുമായ കാരണമാണ് അക്രമത്തിന് ഇടവരുത്തിയത്. അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ ആരാധകര്‍ ഫ്രാന്‍സ് ടീമിന്റെ ആരാധകരെ കളിയാക്കിയെന്നതിനെ ചൊല്ലിയാണ് അക്രമമുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ രണ്ടിടങ്ങളിലുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ അര്‍ജന്റീന ടീമിന് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ആഹ്ലാദപ്രകടനം അതിരുവിട്ടതോടെ പൊലീസിന് നേരെ വരെ കയ്യേറ്റം നടന്നു.
തിരുവനന്തപുരം പൊഴിയൂരിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കൊല്ലം പുത്തൂരിന് സമീപം പൂവറ്റൂരില്‍ ബിഗ് സ്‌ക്രീനില്‍ മത്സരം കണ്ടുകൊണ്ടിരിക്കെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. കൊടി വീശുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് ഇവിടെ സംഘര്‍ഷത്തിന് ഇടവരുത്തിയത്. കൊച്ചി നഗരത്തില്‍ മത്സരം കണ്ടുമടങ്ങിയ യുവാക്കള്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കളി കണ്ടുമടങ്ങുകയായിരുന്ന യുവാക്കള്‍ കലൂര്‍ സ്റ്റേഡിയം ജംഗ്ഷനില്‍ മദ്യലഹരിയില്‍ ഫുട്ബോള്‍ ടീമുകളെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ട് ബഹളം വെക്കുകയായിരുന്നു. പൊലീസെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെയാണ് അക്രമമുണ്ടായത്. ഇരുമ്പനം ഹോട്ടല്‍ ഹില്‍പാലസില്‍ അര്‍ജന്റീന ഫാന്‍സും ബ്രസീല്‍ ഫാന്‍സും തമ്മില്‍ കൂട്ടത്തല്ലാണ് നടന്നത്. ഫാന്‍സുകാര്‍ ഹോട്ടലിലേക്ക് ബിയര്‍കുപ്പികളും കല്ലും എറിയുകയായിരുന്നു. ഇതോടെ എത്തിയ പൊലീസ് സംഘം ഹാളില്‍ ബിഗ് സ്‌ക്രീനില്‍ കളികാണാനെത്തിയവരെയും ഓടിച്ചു. പൊന്നാനിയില്‍ മുക്കാടിയില്‍ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. കോടതിപ്പടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഒരാളുടെ ബൈക്കിന് തീപിടിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ജയിച്ച ടീമുകളും തോറ്റ ടീമുകളും പരസ്പര സൗഹാര്‍ദത്തോടെ കൈകൊടുത്താണ് പിരിഞ്ഞത്. ആരോഗ്യകരമായ മത്സരങ്ങളാണ് ടീമുകള്‍ ലോകകപ്പില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഒരു കായികവിനോദത്തിന്റെ പേരില്‍ പക്ഷം പിടിച്ച് കേരളത്തില്‍ ആളുകള്‍ തമ്മില്‍ തല്ലിയത് നമ്മുടെ നാടിന്റെ യശസിനാണ് കളങ്കം ചാര്‍ത്തിയത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനവും ഇത്തരം അക്രമങ്ങള്‍ക്ക് പ്രചോദനമേകിയിട്ടുണ്ടാകും. അക്രമങ്ങളിലേര്‍പ്പെട്ടവരെല്ലാം യുവാക്കളാണ്. കേരളത്തിലെ യുവസമൂഹം ഒരു ആത്മപരിശോധന നടത്തേണ്ടത് ഈ സാഹചര്യത്തില്‍ നന്നായിരിക്കും. ഫുട്ബോള്‍ കളിയുടെ പേരില്‍ അക്രമങ്ങളിലേര്‍പ്പെടുന്ന യുവാക്കള്‍ക്ക് എന്തുകൊണ്ട് മികച്ച ഫുട്‌ബോള്‍ കളിക്കാരനാകാനുള്ള പരിശീലനവും പ്രയത്നവും നടത്തിക്കൂടെന്ന് ചിന്തിക്കണം.
തങ്ങളുടെ കര്‍മശേഷി ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വിനിയോഗിക്കാനാണ് തയ്യാറാകേണ്ടത്. അല്ലാതെ അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളും നടത്തി നാടിനും സമൂഹത്തിനും ശല്യവും ബാധ്യതയുമായിമാറുന്ന അവസ്ഥയുണ്ടാകരുത്.

Related Articles
Next Story
Share it