കൊലക്കത്തി രാഷ്ട്രീയത്തിന് അറുതി വേണം

കൊറോണ എന്ന മഹാമാരി മനുഷ്യന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുമ്പോഴും അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊല ചെയ്ത സംഭവം. ഒരു പ്രാദേശിക പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടെയാണ് ആറംഗസംഘം സനൂപിനെ വെട്ടിവീഴ്ത്തിയത്. മറ്റ് മൂന്നുപേരെയും ഇതേ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കൊലക്ക് പിന്നില്‍ ആര്‍.എസ്.എസ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഒരു പ്രതിയെ പിടികൂടിയിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ […]

കൊറോണ എന്ന മഹാമാരി മനുഷ്യന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുമ്പോഴും അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊല ചെയ്ത സംഭവം. ഒരു പ്രാദേശിക പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടെയാണ് ആറംഗസംഘം സനൂപിനെ വെട്ടിവീഴ്ത്തിയത്. മറ്റ് മൂന്നുപേരെയും ഇതേ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കൊലക്ക് പിന്നില്‍ ആര്‍.എസ്.എസ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഒരു പ്രതിയെ പിടികൂടിയിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ നാല് ചെറുപ്പക്കാരാണ് മൃഗീയമായി കൊല്ലപ്പെട്ടത്. കായംകുളത്തും വെഞ്ഞാറംമൂടിലുമാണ് മറ്റ് മൂന്നു പേര്‍ കൊലക്കത്തിക്കിരയായത്. വെഞ്ഞാറംമൂട്ടില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ തിരുവോണം പുലര്‍ന്നത് രണ്ട് ചെറുപ്പക്കാരുടെ കൊലപാതക വാര്‍ത്തയോടെയായിരുന്നു. ജീവന്‍ ആരുടേതായാലും വിലപ്പെട്ടതാണ്. എല്ലാ ചോരയുടെയും നിറം ചുവപ്പ് തന്നെ. ആരുടെയും ജീവനെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ല. സഹജീവികളെ കൊലക്കത്തിക്കിരയാക്കിക്കൊണ്ടുള്ള ഈ ചോരക്കളി എന്നാണവസാനിക്കുക. ഒരു കാലത്ത് കണ്ണൂരും തലശ്ശേരിയും ചോരകൊണ്ട് ചുവന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പകരത്തിന് പകരമായി ഓരോ ദിവസവും പുലര്‍ന്നത് പുതിയ കൊലപാതക വാര്‍ത്തകളുമായിട്ടായിരുന്നു. ബോംബും കഠാരയും വടിവാളുമൊക്കെ ഓരോ പാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ കൂട്ടി വെച്ചു കൊണ്ടായിരുന്നു ചോരക്കളി. ഓരോ ജീവന്‍ പൊലിയുമ്പോഴും ആര്‍ക്കാണ് നഷ്ടം. അവരവരുടെ കുടുംബത്തിന് മാത്രം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ രക്തസാക്ഷികളുടെ പട്ടികയില്‍ പുതിയ ഓരോ ആളുകളെ കൂട്ടിച്ചേര്‍ത്തുവെക്കാന്‍ കഴിഞ്ഞുവെന്നത് മാത്രം മിച്ചം. ഭാര്യക്ക് ഭര്‍ത്താക്കന്മാരെയും അമ്മക്ക് മക്കളെയും മക്കള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടാല്‍ അവര്‍ക്കെന്ത് ചേതം. എതിര്‍വിശ്വാസത്തെയും എതിര്‍ രാഷ്ട്രീയത്തെയും അടിച്ചും കൊന്നുമല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. സ്‌നേഹം കൊടുത്ത് സ്‌നേഹം നേടുന്നതാവണം രാഷ്ട്രീയ പ്രവര്‍ത്തനം. കൊലയും പൈശാചികതയും കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല. കൊലക്കത്തിയെടുക്കുന്നവര്‍ക്ക് എന്നും നഷ്ടമേ ഉണ്ടായിട്ടുള്ളു. മനുഷ്യനെ അക്രമിക്കാത്ത, കൊലപ്പെടുത്താത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവണം രാഷ്ട്രീയക്കാരുടേത്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് യൂ.പി.യില്‍ നിന്ന് നാം കേള്‍ക്കുന്ന കൂട്ട ബലാത്സംഗങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സാഹചര്യത്തിലാണ് പരസ്പരം പോരാടിയും വെട്ടിക്കൊന്നും തമ്മിലടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളെ പുറത്തുകൊണ്ടുവരാനാവുന്നില്ല. ഏതെങ്കിലും ഒരു ക്രിമിനലിനെ ബലിയാടാക്കി യഥാര്‍ത്ഥ പ്രതികള്‍ മാളങ്ങളിലൊളിക്കുകയാണ്. അവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നല്ലാളന്മാര്‍ ആളും അര്‍ത്ഥവും നല്‍കി നിയമങ്ങളെപ്പോലും കീഴ്‌പ്പെടുത്തുമ്പോള്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ എങ്ങനെ ആവര്‍ത്തിക്കാതിരിക്കും. ഇത്തരം ക്രിമിനലുകളെ ഇറക്കിവിട്ട് കൊലചെയ്യിക്കുമ്പോള്‍ എത്ര പണം വാരിയെറിഞ്ഞും അവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാവുന്നു. ഈ അരും കൊലകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പൊലിസോ സര്‍ക്കാറോ ഒന്നും വിചാരിച്ചാല്‍ മതിയാവില്ല, ക്രിമിനലുകളെ ആയുധങ്ങളും കൊടുത്ത് ഇറക്കിവിടുന്ന രാഷ്ട്രീയക്കാര്‍ തന്നെ വിചാരിക്കണം, ധാര്‍മ്മികവും സംസ്‌കാരപൂര്‍ണ്ണവുമായ രാഷ്ട്രീയപ്രവര്‍ത്തനമാവണം ജനാധിപത്യത്തിന്റെ ശക്തി. അതല്ലാതെ കൊലപാതകരാഷ്ട്രീയമല്ല.

Related Articles
Next Story
Share it