നിരോധിത മരുന്നുകള്‍ വിപണിയിലെത്തുന്നത് തടയണം

നിരോധിക്കപ്പെട്ടതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ ഇപ്പോഴും വിപണിയിലുണ്ടെന്ന വിവരം ഏറെ ആശങ്കയുളവാക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാര പരിശോധന വൈകുന്നതിനാല്‍ നിയമപരമായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ക്ക് പുറമെ നിരോധിതമരുന്നുകളും രോഗികള്‍ കഴിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ജീവന് തന്നെ കടുത്ത ഭീഷണിയായി മാറുകയാണ്. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അടുത്തിടെ മൂന്ന് മരുന്നുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്ത കാല്‍സ്യം, അസ്പിരിന്‍, മെറ്റ് ഫോമിന്‍ ഗുളികകള്‍ നിലവാരം കുറഞ്ഞവയാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനാല്‍ ഇവ ആസ്പത്രികളില്‍ നിന്ന് […]

നിരോധിക്കപ്പെട്ടതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ ഇപ്പോഴും വിപണിയിലുണ്ടെന്ന വിവരം ഏറെ ആശങ്കയുളവാക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാര പരിശോധന വൈകുന്നതിനാല്‍ നിയമപരമായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ക്ക് പുറമെ നിരോധിതമരുന്നുകളും രോഗികള്‍ കഴിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ജീവന് തന്നെ കടുത്ത ഭീഷണിയായി മാറുകയാണ്. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അടുത്തിടെ മൂന്ന് മരുന്നുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്ത കാല്‍സ്യം, അസ്പിരിന്‍, മെറ്റ് ഫോമിന്‍ ഗുളികകള്‍ നിലവാരം കുറഞ്ഞവയാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനാല്‍ ഇവ ആസ്പത്രികളില്‍ നിന്ന് പിന്‍വലിക്കാനാണ് കെ.എം.എസ്.സി.എല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മൂന്നു മരുന്നുകളുടെയും വളരെ കുറച്ചുഭാഗം മാത്രമേ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിമരുന്നുകളെല്ലാം കൊടുത്തുതീര്‍ത്തിരിക്കുകയാണ്. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ നടപടികളും നീണ്ടുപോയതാണ് ഇത്തരം മരുന്നുകള്‍ വിപണിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം. ആലുവ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച 2.55 ലക്ഷം കാത്സ്യം ഗുളികകളില്‍ 94.095 എണ്ണം മാത്രമാണ് തിരികെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി 1.60 ലക്ഷത്തിലേറെ ഗുളികകളും രോഗികള്‍ കഴിച്ചിരിക്കുകയാണ്. ഹൃദ്രോഗത്തിനുള്ള 12 ലക്ഷം ആസ്പിരിന്‍ ഗുളികകളില്‍ പകുതി മാത്രമേ തിരികെ കിട്ടിയിട്ടുള്ളൂ. രണ്ട് ബാച്ചിലായി പ്രമേഹത്തിനുള്ള 1.09 കോടി മെറ്റ് ഫോര്‍മിന്‍ ഗുളികകളില്‍ തിരികെ എത്തിയത് 14.90 ലക്ഷത്തില്‍ താഴെ മാത്രമാണ്. അപ്പോള്‍ ഈ അസുഖത്തിനും ഗുണനിലവാരം തീരെ കുറഞ്ഞ മരുന്നുകള്‍ കഴിഞ്ഞുവെന്നര്‍ഥം. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, വയനാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നാണ് ഇതുസംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. വ്യാജമെന്ന് പറയാവുന്ന ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ രോഗം ഭേദമാകില്ലെന്ന് മാത്രമല്ല ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. നിരന്തരമായ ഉപയോഗം പല തരത്തിലുള്ള മാരകരോഗങ്ങള്‍ പിടിപെടാനും അകാലമരണത്തിന് തന്നെ കാരണമാകുകയും ചെയ്യും. ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ച കാരണം പൊതുജനാരോഗ്യം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് പോലും വ്യാജമരുന്ന് നല്‍കുന്ന സ്ഥിതിവിശേഷം അത്യന്തം ഗുരുതരമാണ്.
ജീവന്‍ രക്ഷാ ഔഷധങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ പോലും നിരുത്തരവാദിത്വം കാണിക്കുന്നത് കൊടും ക്രൂരത തന്നെയാണ്. നിരോധിത മരുന്നുകള്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. വ്യാജമരുന്ന് മാഫിയകള്‍ ഇത് നല്ലൊരു അവസാരമായി കാണുകയാണ്. ആളുകളെ കൊന്നിട്ടാണെങ്കില്‍ പോലും പണുണ്ടാക്കുകയെന്ന ഇത്തരക്കാരുടെ ലാഭക്കൊതിക്ക് കൂട്ടുനില്‍ക്കുന്നിടത്തോളം വലിയ അനീതി വേറെയില്ല. രോഗികള്‍ക്ക് ലഭിക്കുന്നത് ഗുണനിലവാരമുള്ള മരുന്ന് തന്നെയാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടല്‍ വേണം. വ്യാജമരുന്നുകള്‍ വിപണിയിലെത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

Related Articles
Next Story
Share it