കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമങ്ങളുടെ സൈ്വര്യജീവിതം ആനപ്പേടി കാരണം നഷ്ടമായിട്ട് ഏറെ നാളുകളായി. വനത്തില്‍ നിന്നും ഇറങ്ങിവരുന്ന കാട്ടാനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വരുത്തിവെക്കുന്ന ദുരിതങ്ങള്‍ ചെറുതൊന്നുമല്ല. ജില്ലയിലെ ആദൂര്‍, ബദിയടുക്ക, ബേഡകം പൊലീസ് സ്റ്റേഷന് പരിധികളിലെ ഗ്രാമപ്രദേശങ്ങളിലാണ് കാട്ടാനകള്‍ കൂടുതലും സൈ്വര്യവിഹാരം നടത്തുന്നത്. കാറടുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ മാത്രം 9 കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ച് പരാക്രമം തുടരുന്നുണ്ട്. വഴിയില്‍ കാണുന്നവരെ അക്രമിക്കാന്‍ മുതിരുന്നതിനാല്‍ ആനകളെ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. വനംവകുപ്പിന് ആനകളെ തുരത്തുന്ന കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല. വേലി കെട്ടിയും പടക്കം പൊട്ടിച്ചും മുമ്പ് ആനകളെ ഓടിച്ചിരുന്ന തന്ത്രം ഇപ്പോള്‍ ഏശുന്നില്ല. രാത്രികാലങ്ങളില്‍ ആനകള്‍ വരാതിരിക്കാന്‍ തീകൂട്ടുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇപ്പോള്‍ ഇത്തരം പരീക്ഷണങ്ങളും വൃഥാവിലാവുകയാണ്. അതിര്‍ത്തിഗ്രാമങ്ങളില്‍ കൃഷി ഉപജീവനമായി കണ്ടിരുന്ന പല കര്‍ഷകര്‍ക്കും ഇപ്പോള്‍ അതിന് കഴിയാത്ത സാഹചര്യമാണുള്ളത്.
ശക്തമായ കാറ്റും മഴയും മൂലം കാര്‍ഷികവിളകള്‍ നശിക്കുന്നതിലെ സങ്കടം ഒരു ഭാഗത്ത്. ഇതിനെല്ലാം പുറമെയാണ് കാട്ടാനകള്‍ വരുത്തുന്ന കൃഷിനാശം. രണ്ടുതരത്തിലുള്ള നാശനഷ്ടങ്ങളാകുമ്പോള് കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത സാമ്പത്തികപ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ആനകളെ തുരത്തുന്നതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ആനകളെ ഓടിക്കുന്ന ഭാഗങ്ങളില്‍ 10 വീതം വളണ്ടിയര്‍മാരെ ഓരോ രാഷ്ട്രീയപാര്‍ട്ടികളും ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ആനകളെ വേലി കടത്തിയ ശേഷം പണി പൂര്‍ത്തിയായ നാല് കിലോമീറ്ററോളം തൂക്കുസൗരോര്‍ജ വേലികള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ 30ന് മുമ്പായി എട്ട് കിലോമീറ്റര്‍ വേലിയുടെ ജോലി പൂര്‍ത്തിയാകുമെന്ന് ഡി.എഫ്.ഒ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയെങ്കിലും വിജയിക്കണമെന്നാണ് അതിര്‍ത്തിഗ്രാമങ്ങളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കാട്ടാനശല്യം കാരണം കൃഷിയോട് മാത്രമല്ല ജീവിതത്തോട് തന്നെ അത്രക്കും മടുത്തുകഴിഞ്ഞവരാണ് ഇവിടങ്ങളിലെ ജനങ്ങള്‍. അതുകൊണ്ട് കാട്ടാനകളെ എന്നന്നേക്കുമായി തുരത്താനുള്ള കര്‍മപദ്ധതികള്‍ ശക്തമാക്കണം. വനംവകുപ്പും രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും നാട്ടുകാരും കൈകോര്‍ത്താല്‍ അത് സാധ്യമാകും.