മന്ത് രോഗ വ്യാപനത്തിനെതിരെ ജാഗ്രത വേണം

കാസര്‍കോട് ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുകയാണെന്ന വിവരം ഏറെ ആശങ്കയുയര്‍ത്തുന്നതാണ്. കഴിഞ്ഞ കുറെനാളുകളായി ജില്ലയില്‍ മന്ത് രോഗം നിയന്ത്രണവിധേയമായിരുന്നു. മന്ത് രോഗത്തെക്കുറിച്ച് ആളുകള്‍ മറന്നുതുടങ്ങിയ അവസരത്തിലാണ് വീണ്ടും ഈ രോഗം ജില്ലയില്‍ വ്യാപിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകളിലാണ് വിവിധ പഞ്ചായത്തുകളിലെ അതിഥിതൊഴിലാളികളില്‍ മന്തുരോഗത്തിന് കാരണമായ മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2022ല്‍ ഇതുവരെ 15,619 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 95 പേരിലാണ് മന്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. […]

കാസര്‍കോട് ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുകയാണെന്ന വിവരം ഏറെ ആശങ്കയുയര്‍ത്തുന്നതാണ്. കഴിഞ്ഞ കുറെനാളുകളായി ജില്ലയില്‍ മന്ത് രോഗം നിയന്ത്രണവിധേയമായിരുന്നു. മന്ത് രോഗത്തെക്കുറിച്ച് ആളുകള്‍ മറന്നുതുടങ്ങിയ അവസരത്തിലാണ് വീണ്ടും ഈ രോഗം ജില്ലയില്‍ വ്യാപിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകളിലാണ് വിവിധ പഞ്ചായത്തുകളിലെ അതിഥിതൊഴിലാളികളില്‍ മന്തുരോഗത്തിന് കാരണമായ മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2022ല്‍ ഇതുവരെ 15,619 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 95 പേരിലാണ് മന്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലാണ് കൂടുതലും രോഗബാധയെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ബിഹാറില്‍ നിന്നുള്ള 36 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 പേര്‍ക്കും മന്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിഥിതൊഴിലാളികളില്‍ നിന്ന് സ്വദേശികളിലേക്ക് രോഗം പടരാനുള്ള സാധ്യത ഏറെയാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. സ്വദേശികളില്‍ ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനെ നിസാരമായി കാണാനാകില്ല. ജില്ലയിലെ എല്ലാ മേഖലകളിലും ഇപ്പോള്‍ അതിഥിതൊഴിലാളികളുടെ സാന്നിധ്യമുണ്ട്. തൊഴില്‍ രംഗങ്ങളിലെല്ലാം അതിഥിതൊഴിലാളികള്‍ സജീവമാണ്. സ്വദേശികള്‍ താമസിക്കുന്ന ഇടങ്ങളില്‍ വാടകക്കും മറ്റുമായി അതിഥിതൊഴിലാളികളും താമസിക്കുന്നു. തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അതിഥിതൊഴിലാളികള്‍ ഏറെയാണ്. കൊതുകുകളും കൂത്താടികളും നിറഞ്ഞ മലിനജലവും മറ്റും നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കാതെയും മുന്‍കരുതല്‍ സ്വീകരിക്കാതെയും താമസിക്കുന്നവരുണ്ട്. കൊതുക് മുഖേനയാണ് മന്ത് രോഗം പടരുന്നത്. അതുകൊണ്ടുതന്നെ കൊതുക് നശീകരണമാണ് മന്ത് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഇത്തരം പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ മുന്‍കൈയെടുക്കണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണവും അനിവാര്യമാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആദ്യം പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികളെ കുറിച്ച് കണക്കെടുപ്പ് നടത്തണം. അവര്‍ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും പരിശോധിക്കണം. മന്ത് രോഗവും മറ്റ് പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുള്ള ഇടങ്ങളിലാണ് താമസമെങ്കില്‍ ഇതിന് പരിഹാരം കാണുന്നതിനുള്ള ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കണം. സ്വദേശവാസികളുമായി ഇടപഴകിയും ഇണങ്ങിയും ജീവിക്കുന്ന തരത്തിലേക്ക് അതിഥിതൊഴിലാളികള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്കുണ്ടാകുന്ന രോഗബാധ പൊതുജനാരോഗ്യത്തെ മുഴുവനും ബാധിക്കുന്ന പ്രശ്നമാണ്. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ കാസര്‍കോട് ജില്ലയില്‍ മന്ത് രോഗം ബാധിക്കുന്നരില്‍ സ്വദേശികളും ഉള്‍പ്പെട്ടുവെന്ന് വരും. അതുകൊണ്ട് ഇക്കാര്യത്തില്‍ അതീവ ജാഗ്രതയും പ്രായോഗിക നടപടിയും ഉണ്ടാകണം.

Related Articles
Next Story
Share it