കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കര്‍ശനമായി തടയണം

നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കടകളിലൂടെ ലഭിക്കുന്ന സൗജന്യ അരി അടക്കമുള്ള സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് മറിച്ചുവില്‍ക്കുന്ന പ്രവണതകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. റേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യസാധനങ്ങള്‍ ഈ രീതിയില്‍ കൊള്ളയിക്കുന്ന മാഫിയാ സംഘങ്ങള്‍ തന്നെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും സജീവമായിരിക്കുന്നു. അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവയാണ് പ്രധാനമായും കരിഞ്ചന്തയിലെത്തുന്നത്. ചില റേഷന്‍ കടയുടമകളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഈ അനീതിക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. പല റേഷന്‍ കടകളിലും അരി വാങ്ങാനെത്തുന്നവര്‍ക്ക് അരി തീര്‍ന്നെന്ന മറുപടിയാണ് ലഭിക്കുന്നത്. സിവില്‍ […]

നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കടകളിലൂടെ ലഭിക്കുന്ന സൗജന്യ അരി അടക്കമുള്ള സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് മറിച്ചുവില്‍ക്കുന്ന പ്രവണതകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. റേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യസാധനങ്ങള്‍ ഈ രീതിയില്‍ കൊള്ളയിക്കുന്ന മാഫിയാ സംഘങ്ങള്‍ തന്നെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും സജീവമായിരിക്കുന്നു. അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവയാണ് പ്രധാനമായും കരിഞ്ചന്തയിലെത്തുന്നത്. ചില റേഷന്‍ കടയുടമകളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഈ അനീതിക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. പല റേഷന്‍ കടകളിലും അരി വാങ്ങാനെത്തുന്നവര്‍ക്ക് അരി തീര്‍ന്നെന്ന മറുപടിയാണ് ലഭിക്കുന്നത്. സിവില്‍ സപ്ലൈസിന്റെ ഗോഡൗണുകളില്‍ നിന്നും ആവശ്യത്തിന് അരി റേഷന്‍ കടകളിലെത്താത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ അതുമാത്രമല്ല കാരണം. ചില റേഷന്‍ കടകളില്‍ നിന്ന് അരി കടകളിലേക്ക് മറിച്ച് വില്‍ക്കുന്നുണ്ട്. ഇങ്ങനെ പൂഴ്ത്തിവെച്ച കിലോക്കണക്കിന് അരി ഇതിനകം പിടികൂടിയിട്ടുമുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമാണ് പരിശോധനകള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് റേഷന്‍ കുത്തരിയും ഗോതമ്പും മോഷ്ടിച്ചുകടത്തിയതിന് സപ്ലൈകോ ഉദ്യോഗസ്ഥനടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭരണകേന്ദ്രത്തില്‍ നിന്ന് രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്ക് കടത്തുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ നിന്നും പൂഴ്ത്തിവെച്ച റേഷനരി അടക്കമുള്ള സാധനങ്ങള്‍ സമീപകാലത്ത് പിടികൂടിയിരുന്നു. അരി അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വിപണിയില്‍ വില കുതിച്ചുകയറുകയാണ്. റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ അരിയെയും വില കുറച്ച് കിട്ടുന്ന അരിയെയും ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. വിപണിയില്‍ തീവിലയുള്ള അരി വാങ്ങി ഉപയോഗിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബങ്ങള്‍ക്ക് റേഷനരി നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇങ്ങനെ കിട്ടേണ്ട അരി പോലും സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന കൊള്ള തന്നെയാണ് ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്നത്. റേഷന്‍ കടകളില്‍ പൊതുവെ പുഴുക്കലരി ലഭിക്കുന്നില്ലെന്നും പച്ചരി മാത്രമാണ് കിട്ടുന്നതെന്നും പരാതികളുണ്ട്. പൊതുവെ ഭക്ഷണത്തിന് പ്രധാനമായും ജനങ്ങള്‍ ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്.
എല്ലാ റേഷന്‍ കടകളിലും വിതരണത്തിനെത്തിക്കാനായി ഗോഡൗണുകളില്‍ പുഴുക്കലരി കൊണ്ടുവരുന്നുണ്ട്. എന്നാല്‍ റേഷന്‍ കടകളിലേക്ക് വിതരണത്തിനെത്തുന്നില്ല. എങ്കില്‍ പിന്നെ ഈ അരി എങ്ങോട്ടുപോകുന്നുവെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. കരിഞ്ചന്ത മാഫിയകളുടെ സ്വാധീനത്തില്‍ സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ അകപ്പെടുന്നുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിന് അധികൃതര്‍ ഉത്തരം നല്‍കണം. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന തരത്തിലുള്ള നിഷ്‌ക്രിയത്വം ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it