വേണം സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച തിരുവനന്തപുരത്തെ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായി പുകഞ്ഞു കൊണ്ടിരിക്കയാണല്ലോ. സ്ത്രീകളെ അപമാനിച്ച ഇയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ചിലര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച ശേഷം മാപ്പ് പറയിപ്പിക്കുകയായിരുന്നു. വിജയിന്റെ യുട്യൂബ് വീഡിയോയില്‍ കവയത്രി സുഗതകുമാരിയെ അടക്കം അധിക്ഷേപിച്ചിരുന്നു. ഫെമിനിസ്റ്റുകളെ മോശമായി ചിത്രീകരിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് വനിതാ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിജയ് പി. നായരെ കണ്ടുപിടിച്ച് കയ്യേറ്റം ചെയ്തത്. ഭാഗ്യ ലക്ഷ്മി […]

സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച തിരുവനന്തപുരത്തെ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായി പുകഞ്ഞു കൊണ്ടിരിക്കയാണല്ലോ. സ്ത്രീകളെ അപമാനിച്ച ഇയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ചിലര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച ശേഷം മാപ്പ് പറയിപ്പിക്കുകയായിരുന്നു. വിജയിന്റെ യുട്യൂബ് വീഡിയോയില്‍ കവയത്രി സുഗതകുമാരിയെ അടക്കം അധിക്ഷേപിച്ചിരുന്നു. ഫെമിനിസ്റ്റുകളെ മോശമായി ചിത്രീകരിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് വനിതാ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിജയ് പി. നായരെ കണ്ടുപിടിച്ച് കയ്യേറ്റം ചെയ്തത്. ഭാഗ്യ ലക്ഷ്മി ഇയാളെ കയ്യേറ്റം ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നിട്ടുണ്ട്. എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ കൂടിയുള്ള അധിക്ഷേപം അതിരു വിട്ടുകൊണ്ടിരിക്കയാണെന്നതില്‍ സംശയമില്ല. സ്ത്രീകളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വ്യക്തികളെയും തിരഞ്ഞു പിടിച്ച് അവരെ പച്ചയായി തൊലി ഉരിയുന്ന വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇതൊക്കെ നിയന്ത്രിക്കാന്‍ നിയമം വഴി സാധിക്കുന്നില്ലെങ്കില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തത് പോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാവുമെന്നതില്‍ സംശയമില്ല. സൈബര്‍ നിയമം ലഘൂകരിച്ചതോടെയാണ് ഇത്തരക്കാര്‍ക്കെതിരെ പൊലീസിനും നടപടിയെടുക്കാന്‍ സാധിക്കാതെ വരുന്നത്. അത് സാമൂഹിക വിരുദ്ധര്‍ക്ക് സുരക്ഷിത താവളമായി മാറുകയും ചെയ്യുന്നു. ഈ രീതിയില്‍ കൂടുതലും അപമാനിതരാവുന്നത് സ്ത്രീകളാണ്. അവരുടെ അവകാശവും വ്യക്തിത്വവും സംരക്ഷിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന് കഴിയുന്നില്ലെന്നത് പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്നതില്‍ തര്‍ക്കമില്ല. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലിന് സമീപം വാടകക്ക് താമസിച്ച് മനശാസ്ത്ര വിദഗ്ധന്‍ എന്ന വ്യാജേനയാണ് ഇയാള്‍ യൂട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നത്. ഇല്ലാത്ത ഒരു യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ബിരുദം ഉപയോഗിച്ചാണത്രെ ഇയാള്‍ മനശാസ്ത്രജ്ഞനായി വിലസിക്കൊണ്ടിരുന്നത്. സുഗതകുമാരിയെ അടക്കമുള്ളവരെ അപമാനിച്ചും അശ്ലീലം പറഞ്ഞും വീഡിയോകള്‍ പടച്ചുവിട്ടതിനെത്തുര്‍ന്ന് പൊലീസും പിന്നീട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നപ്പോഴാണ് സ്ത്രീകള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നത്. സാമൂഹിക ദ്രോഹികള്‍ക്കും മനോവൈകൃതമുള്ളവര്‍ക്കും സുരക്ഷിത താവളമൊരുക്കുന്ന ഈ വ്യവസ്ഥ മാറാന്‍ ഇനിയും വൈകിക്കൂട. ഐ.ടി ചട്ടപ്രകാരം 66 എ എന്ന ചട്ടം ഏതാനും മാസം മുമ്പ് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. അതോടെ ഇത്തരം അധിക്ഷേപം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന നിയമം ഇല്ലാതാവുകയായിരുന്നു. ഇതാണ് വിജയ് പി. നായരെപ്പോലുള്ളവര്‍ക്ക് തുണയായത്. അമേരിക്കന്‍ കമ്പനിയായ യുട്യൂബ് വഴിയാണ് ഇത്തരം വീഡിയോകള്‍ വരുന്നതെന്നതിനാല്‍ ഇതിന്റെ ഫോറന്‍സിക് വശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതുള്‍പ്പെടെയുള്ളവക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതൊക്കെ സാമൂഹ്യ വിരുദ്ധര്‍ക്ക് തണലാവുകയാണ്. സമൂഹത്തിലെ ചിലരെ തിരഞ്ഞു പിടിച്ച് വ്യക്തിഹത്യ നടത്തുകയും സ്ത്രീകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അപവാദ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇത്തരക്കാരുടെ മുഖം മൂടി പിച്ചിച്ചീന്താന്‍ നിയമത്തിന് കഴിയണം. അതല്ലെങ്കില്‍ ഭാഗ്യലക്ഷ്മിമാരെപ്പോലുള്ളവര്‍ക്ക് ഇനിയും ഇതേ രീതിയില്‍ പ്രതികരിക്കേണ്ടി വരും. കയ്യേറ്റങ്ങളെ ന്യായീകരിക്കാനാവില്ലെങ്കിലും മറ്റൊരു മാര്‍ഗവും ഇല്ലാതെ വരുമ്പോള്‍ സ്ത്രീ സമൂഹം അതിന് നിര്‍ബന്ധിതരാവുകയാണ്. ശക്തമായ നിയമം ഉണ്ടാവുക മാത്രമാണ് സാമൂഹിക വിരുദ്ധരെ നിലക്ക് നിര്‍ത്താനുള്ള ഏക പോംവഴി.

Related Articles
Next Story
Share it