ഇന്ത്യയുടെ മനസ് കീഴടക്കിയ നാദവിസ്മയം നിലച്ചിരിക്കയാണ്. ആരാധകരുടെയും സംഗീതപ്രേമികളുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കിക്കൊണ്ട് അനുഗ്രഹീത ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം നമ്മെ വിട്ടുപിരിഞ്ഞിരിക്കയാണ്. നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍ ബാക്കിയാക്കി അദ്ദേഹം കടന്നുപോകുമ്പോള്‍ കൈവെച്ച മേഖലകളിലെല്ലാം കയ്യൊപ്പ് ചാര്‍ത്തിയ ഒരു അതുല്യ ഗായകനെയാണ് നമുക്ക് നഷ്ടമാവുന്നത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഒരേ സമയം വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ കുറവായിരിക്കും. ഗായകന്, നടന്, സംഗീത സംവിധായകന്, ചലച്ചിത്രനിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ടി.വി. അവതാരകന് എന്നീ മേഖലകളിലെല്ലാം അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. പതിനാല് പ്രാദേശിക ഭാഷകളിലായാണ് നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍ അദ്ദേഹം പാടിയത്. ആന്ധ്രയിലാണ് ജനനമെങ്കിലും മലയാളികള്‍ക്ക് എസി.പി.ബി. കേരളീയനാണ്. 120 ലേറെ മലയാല സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പാടിയെന്ന് പറയുമ്പോള്‍ മലയാളത്തെ അദ്ദേഹം ചേര്ത്തുപിടിച്ചുവെന്നതില് അത്ഭുതപ്പെടാനില്ല. മലയാളത്തില്‍ ആദ്യം പാടിയ കടല്പാലത്തിലെ ‘ഈ കടലും… മറുകടലും’ തുടങ്ങി ‘താരാപഥം ചേതോഹരം…’ വരെയുള്ള ഗാനങ്ങള്‍ ഒരാവര്‍ത്തി കൂടി കേട്ടുനോക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രതിഭ നമുക്ക് കാണാന്‍ കഴിയും. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എസ്.പി.ബി. പാട്ടുകളുടെ ഒരു സാഗരം തന്നെ ബാക്കിയാക്കിയാണ് കടന്നു പോകുന്നത്. പരമ്പരാഗത രീതിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത ഗുരു അദ്ദേഹത്തിനില്ല. സംഗീത പാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദര ശബ്ദം പാട്ടിന്റെ പുഴയായി ആസ്വാദകരുടെ ചെവിയില്‍ വന്നു വീണു. ശങ്കരാഭരണം എന്ന ചിത്രത്തിലെ ‘ശങ്കരാ.. നാദശരീരാപരാ..’ എന്ന ഗാനം എസ്.പി.ബിയെ പാട്ടിന്റെ അത്യുന്നതങ്ങളില്‍ എത്തിച്ചു. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ശബ്ദമാണ് ആസ്വാദക മനസുകളില്‍ ആദ്യമായി അടയാളപ്പെടുത്തിയത്. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ലാതാവുന്നതും അതുകൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആശബ്ദ മാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. യേശുദാസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ ഏറ്റവും നല്ല ദേശീയ ഗായകനുള്ള അവാര്‍ഡ് നേടിയത് എസ്.പി.ബിയാണ്. ആറ് തവണയാണ് ദേശീയ അവാര്‍ഡ് നേടിയത്. 24 മണിക്കൂറിനുള്ളില്‍ 21 ചലച്ചിത്ര ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് സൃഷ്ടിച്ച എസ്.പി.ബി. ഗിന്നസ് ലോക റെക്കോര്‍ഡിനുടമയാണ്. 1946ല്‍ ആന്ധ്രാപ്രദേശിലെ നെല്ലുരില്‍ ജനിച്ച എസ്.പി.ബി. 1966ല്‍ സിനിമാ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. മികച്ച ഗായകന്, സംഗീതസംവിധായകന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് 20 തവണ ലഭിച്ചു. മികച്ച ഗായകനുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സര്‍ക്കാരിന്റെ നല്ല ഗായകനുള്ള പുരസ്കാരം നാല് തവണയും ലഭിച്ചു. നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്കാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബി.ക്ക് തന്നെ. പത്മശ്രീയും പത്മഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഏക് ദുചേകേലിയെ, സാഗരസംഗമം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ജനങ്ങളെ ഇളക്കിമറിച്ചവയായിരുന്നു. റോജയിലെ ‘കാതല്‍ റോജാവേ..’ പോലുള്ള ഗാനങ്ങള്‍ എത്ര പ്രാവശ്യം കേട്ടാലാണ് മതിവരിക. ആ അനശ്വര ഗായകന് അവശേഷിപ്പിച്ചു പോയ ഗാനങ്ങള്‍ വരും തലമുറയും നെഞ്ചേറ്റുവാങ്ങുമെന്നതില് സംശയമില്ല. നിലച്ചുപോയ ആ നാദ വിസ്മയത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഞങ്ങളും തല കുനിക്കുന്നു.