അതിര്‍ത്തിപ്രദേശങ്ങളിലെ സ്‌കൂളുകളെ അവഗണിക്കരുത്

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ഭാഷാന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിടുന്ന ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ അധികാരികള്‍ പൊതുവെ താല്‍പ്പര്യം കാണിക്കുന്നില്ല. ഇതിന്റെയൊക്കെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് അതിര്‍ത്തി പ്രദേശങ്ങളിലുള്ള നിര്‍ധന-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളാണ്. അപകടകരമായ സാഹചര്യങ്ങളിലാണ് പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. ദേലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പരിമിതമായ സാഹചര്യത്തിലാണ്. 710 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഇവിടെ ആവശ്യത്തിന് അധ്യാപകരില്ലെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നു. അധ്യാപകരില്‍ പകുതിയിലധികം […]

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ഭാഷാന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിടുന്ന ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ അധികാരികള്‍ പൊതുവെ താല്‍പ്പര്യം കാണിക്കുന്നില്ല. ഇതിന്റെയൊക്കെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് അതിര്‍ത്തി പ്രദേശങ്ങളിലുള്ള നിര്‍ധന-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളാണ്. അപകടകരമായ സാഹചര്യങ്ങളിലാണ് പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. ദേലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പരിമിതമായ സാഹചര്യത്തിലാണ്. 710 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഇവിടെ ആവശ്യത്തിന് അധ്യാപകരില്ലെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നു. അധ്യാപകരില്‍ പകുതിയിലധികം പേരും താല്‍ക്കാലികമായി നിയമനം ലഭിച്ചവരാണ്. ദേലംപാടി സ്‌കൂളിന്റെ പ്രൈമറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ കഴുക്കോല്‍ ദ്രവിക്കുകയും ഓട് ഇളകി വീഴുകയും ചെയ്തിട്ട് മാസങ്ങളോളമായി. അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴാന്‍ കാരണമായത് കാലപ്പഴക്കമാണ്. ഇതുമൂലം ഈ അധ്യയനവര്‍ഷത്തില്‍ ക്ലാസുകള്‍ നടത്താന്‍ സാധിച്ചില്ല. സമീപത്തെ ലാബ്, ലൈബ്രറി എന്നിവിടങ്ങളിലായാണ് ക്ലാസുകള്‍ നടന്നത്. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തില്‍ നാളിതുവരെ അറ്റകുറ്റപ്പണി പോലും നടത്തിയിരുന്നില്ല. സ്‌കൂളിന്റെ ദയനീയാവസ്ഥ സംബന്ധിച്ച് നിരവധി തവണ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ഉന്നയിച്ചതായി അറിയുന്നു. സ്‌കൂള്‍ കെട്ടിടം ഇരുമ്പ് മേല്‍ക്കൂര നിര്‍മിച്ച് പുതുക്കി പണിയാന്‍ 15 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ദേലംപാടി സ്‌കൂളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏറെയുള്ള മറ്റ് സ്‌കൂളുകള്‍ക്ക് പണം മാറ്റിവെച്ചപ്പോഴും ഈ സ്‌കൂളിനെ അവഗണിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്. ആവശ്യത്തിന് ക്ലാസ് മുറികളും അസംബ്ലി ഹാളും ചുറ്റുമതിലും ദേലംപാടി സ്‌കൂളിനില്ല. യാത്രാസൗകര്യവുമില്ല. കെട്ടിടം തകര്‍ന്നതോടെ പ്രൈമറി ക്ലാസുകള്‍, ലാബ്, ലൈബ്രറി, പെണ്‍കുട്ടികളുടെ വിശ്രമമുറി എന്നിവിടങ്ങളിലേക്കും മറ്റ് കെട്ടിടങ്ങളുടെ ചായ്പിലേക്കും മാറ്റേണ്ടിവരികയാണ്. പട്ടികവര്‍ഗവിഭാഗത്തിലും ഭാഷാന്യൂനപക്ഷവിഭാഗത്തിലും ഉള്ള കുട്ടികളാണ് ദേലംപാടി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും. അതിര്‍ത്തി പ്രദേശങ്ങളിലെ മറ്റ് വിദ്യാലയങ്ങളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ആവശ്യത്തിന് അധ്യാപകരെ നിയമിച്ച് പഠനനിലവാരം ഉറപ്പുവരുത്താനും അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ക്കുണ്ട്. കാസര്‍കോടിന്റെ അതിര്‍ത്തിപ്രദേശത്ത് ഉള്‍പ്പെട്ടുപോയെന്നതിന്റെ പേരില്‍ അവിടത്തെ കുട്ടികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത് അനീതിയാണ്. വിദ്യാഭ്യാസവകുപ്പ് ഉടന്‍ ഈ പ്രശ്നത്തിലിടപെട്ട് പരിഹാരം കണ്ടേ മതിയാകൂ.

Related Articles
Next Story
Share it