കുട്ടികളുടെ സുരക്ഷയില്‍ അലംഭാവമരുത്

കേരളത്തില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വിവരം തികച്ചും ആശങ്കാജനകമാണ്. പൂര്‍ണമായും തൃപ്തികരമല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട നിലയിലാണ് സംസ്ഥാനത്ത് ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം നിര്‍വീര്യമാകാന്‍ ഇടവരുത്തുന്ന സമീപനമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ പല ജില്ലകളിലും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി ചൈല്‍ഡ് ലൈന്‍ ജീവനക്കാരാണ് ജോലി ഉപേക്ഷിച്ചുപോയത്. തുടരുന്നവര്‍ പല ജില്ലകളിലും ഫീല്‍ഡ് പ്രവര്‍ത്തനം […]

കേരളത്തില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വിവരം തികച്ചും ആശങ്കാജനകമാണ്. പൂര്‍ണമായും തൃപ്തികരമല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട നിലയിലാണ് സംസ്ഥാനത്ത് ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം നിര്‍വീര്യമാകാന്‍ ഇടവരുത്തുന്ന സമീപനമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ പല ജില്ലകളിലും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി ചൈല്‍ഡ് ലൈന്‍ ജീവനക്കാരാണ് ജോലി ഉപേക്ഷിച്ചുപോയത്. തുടരുന്നവര്‍ പല ജില്ലകളിലും ഫീല്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ സുരക്ഷയെയാണ് ഈ പ്രശ്നങ്ങളെല്ലാം ബാധിക്കുന്നത്. നിയമപരിരക്ഷ ഉള്‍പ്പെടെയുള്ള സഹായം തേടി വിളിക്കുന്ന കുട്ടികളുടെ പരാതികള്‍ കേള്‍ക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് ഇതോടെ രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളും മറ്റ് രീതിയിലുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. കുടുംബങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചൈല്‍ഡ് ലൈനുകളുടെ ഇടപെടല്‍ മൂലമാണ് പല കുറ്റകൃത്യങ്ങളും വെളിച്ചത്തുവരുന്നത്. സ്‌കൂളുകളില്‍ നടത്തുന്ന കൗണ്‍സിലിംഗിലൂടെയാണ് മിക്ക കുട്ടികളും തങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്താറുള്ളത്. പിന്നീട് കുട്ടികള്‍ പൊലീസിലും മറ്റും പരാതി നല്‍കാറുള്ളത് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെയാണ്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നിയമത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ചൈല്‍ഡ് ലൈനിന്റെ സേവനം ഏറെ പ്രയോജനപ്പെടുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ചൈല്‍ഡ് ലൈനിന്റെ സഹായവും സേവനവും കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ആപല്‍ക്കരമാണ്. കുട്ടികള്‍ കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടാനും കുറ്റകൃത്യങ്ങള്‍ പിന്നെയും വര്‍ധിക്കാനും ഇത് കാരണമാകും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചതാണ് ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. ചൈല്‍ഡ് ലൈന്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴില്‍ നിന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള നീക്കം വിവാദത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രഫണ്ട് വെട്ടിക്കുറച്ചിരിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ സംവിധാനത്തില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ട്. എന്‍.ജി.ഒകള്‍ ഇക്കാരണത്താല്‍ സാമ്പത്തികസഹായം നല്‍കുന്നത് നിര്‍ത്തിവെച്ചത് മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ചൈല്‍ഡ് ലൈന്‍ സംവിധാനം ഇവിടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ച വന്നാല്‍ അത് വലിയ തോതിലുള്ള സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഈ സാഹചര്യത്തില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനത്തിന് തടസമാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍ ശക്തമായി ഇടപെടണം.

Related Articles
Next Story
Share it