വികസനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ വഴി മുടക്കരുത്

കാസര്‍കോട് ജില്ലയില്‍ ദേശീയപാത വികസനത്തിന്റെ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പലയിടങ്ങളിലും ആളുകള്‍ ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്ക് കടക്കാന്‍ സാധിക്കാത്തതിന്റെ അസ്വസ്ഥതയിലാണ്. ഇത് വലിയൊരു വെല്ലുവിളിയായി നാള്‍ക്കുനാള്‍ വളരുകയാണ്. ചിലയിടങ്ങളില്‍ മേല്‍പ്പാലവും അടിപ്പാതയും നിര്‍മിച്ച് ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മറ്റുപല ഭാഗങ്ങളിലും വഴിമുടക്കത്തിന് എന്ത് പരിഹാരം എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കുമ്പള പെര്‍വാഡില്‍ സഞ്ചാരസ്വാതന്ത്യത്തിന് വേണ്ടി ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടുകഴിഞ്ഞു.ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി പെര്‍വാഡില്‍ നിന്ന് പ്രധാന റോഡിലേക്കുള്ള വഴി മതില്‍ കെട്ടിയടച്ചതിനാല്‍ ആളുകള്‍ക്ക് […]

കാസര്‍കോട് ജില്ലയില്‍ ദേശീയപാത വികസനത്തിന്റെ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പലയിടങ്ങളിലും ആളുകള്‍ ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്ക് കടക്കാന്‍ സാധിക്കാത്തതിന്റെ അസ്വസ്ഥതയിലാണ്. ഇത് വലിയൊരു വെല്ലുവിളിയായി നാള്‍ക്കുനാള്‍ വളരുകയാണ്. ചിലയിടങ്ങളില്‍ മേല്‍പ്പാലവും അടിപ്പാതയും നിര്‍മിച്ച് ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മറ്റുപല ഭാഗങ്ങളിലും വഴിമുടക്കത്തിന് എന്ത് പരിഹാരം എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കുമ്പള പെര്‍വാഡില്‍ സഞ്ചാരസ്വാതന്ത്യത്തിന് വേണ്ടി ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടുകഴിഞ്ഞു.
ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി പെര്‍വാഡില്‍ നിന്ന് പ്രധാന റോഡിലേക്കുള്ള വഴി മതില്‍ കെട്ടിയടച്ചതിനാല്‍ ആളുകള്‍ക്ക് മറുഭാഗത്തേക്ക് കടക്കാന്‍ സാധിക്കുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതുകാരണം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കയ്യും കണക്കുമില്ല. പെര്‍വാഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കുട്ടികള്‍ക്ക് എത്തണമെങ്കില്‍ റോഡ് കൊട്ടിയടച്ച ഭിത്തി ചാടിക്കടക്കേണ്ടിവരും. സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ ്തന്നെ പ്രധാന പാതയിലേക്കുള്ള വഴി അടയ്ക്കുകയും അതേ സമയം ബസ് കാത്തിരിപ്പ് കേന്ദ്രം പ്രധാന പാതയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്. ഭിത്തി ചാടിക്കടക്കാന്‍ എല്ലാ കുട്ടികള്‍ക്കും സാധിക്കുന്നില്ല. ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് പരസഹായമുണ്ടെങ്കില്‍ പോലും ഭിത്തിയില്‍ വലിഞ്ഞുകയറേണ്ടിവരുന്നു. ദിവസവും ഇങ്ങനെ മതില്‍ ചാടിക്കടക്കുന്നത് കുട്ടികള്‍ക്ക് വലിയ കായികാധ്വാനം ഉണ്ടാക്കുന്നുണ്ട്. കാലിടറിയാല്‍ അപകടവും സംഭവിക്കും.
ഇത്രയും ദുഷ്‌കരമായ രീതിയില്‍ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകേണ്ടിവരുന്ന അവസ്ഥ അംഗീകരിക്കാനാകില്ല. മൊഗ്രാല്‍ ഗവ. വി.എച്ച്.എസ് സ്‌കൂളിലേക്ക് മുമ്പ് വിദ്യാര്‍ഥികള്‍ ഒരു കിലോമീറ്ററാണ് നടന്നെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ സ്ഥാനത്ത് അഞ്ച് കിലോ മീറ്റര്‍ വേണ്ടിവരുന്നു. സ്‌കൂളിലെത്തണമെങ്കില്‍ കുമ്പള ഭാഗത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം പോയി അവിടെ നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള ബസില്‍ പ്രധാനപാതയിലൂടെ മൂന്ന് കിലോ മീറ്റര്‍ സഞ്ചരിക്കണം. കുട്ടികള്‍ക്ക് അപകടകരമായ സാഹചര്യത്തിലൂടെ നടന്നുപോകേണ്ടിവരുന്നതിനാല്‍ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ചില കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തന്നെ അവസാനിപ്പിച്ചു.
ഇതുസംബന്ധിച്ച പ്രശ്നം ബാലാവകാശകമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നവംബര്‍ 19ന് ബാലാവകാശകമ്മീഷന്‍ സിറ്റിംഗ് നടത്തുകയും ദേശീയപാതാ അധികൃതരോട് വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിര്‍ദേശം നല്‍കി 10 ദിവസം പിന്നിട്ടിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിനൊപ്പം പെര്‍വാഡില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. ജില്ലയിലെ മറ്റ് ചില ഭാഗങ്ങളിലും സമാനമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദേശീയപാത വികസനജോലികള്‍ തുടരുന്നതിനൊപ്പം തന്നെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ സഞ്ചാരസ്വാതന്ത്യം കൂടി സംരക്ഷിക്കപ്പെടണം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇനിയും കാലതാമസമുണ്ടാകരുത്.

Related Articles
Next Story
Share it