കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കരുത്

കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന സൗജന്യ അരിയുടെ വില തിരികെ വേണമെന്ന ആവശ്യം നമ്മുടെ നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വലിയ വെല്ലുവിളി തന്നെയാണ്. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് ദുരിതനിവാരണ ഫണ്ടില്‍ നിന്നോ, സംസ്ഥാനത്തിന് നല്‍കേണ്ട ഭക്ഷ്യസബ്സിഡിയില്‍ നിന്നോ പിടിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. 2018ല്‍ ഉണ്ടായ വന്‍പ്രളയം കേരളത്തിന് കോടികളുടെ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്.നിരവധി മനഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. അനേകം വീടുകള്‍ മണ്ണിനടിയിലായി. ആയിരങ്ങളുടെ സമ്പാദ്യങ്ങള്‍ […]

കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന സൗജന്യ അരിയുടെ വില തിരികെ വേണമെന്ന ആവശ്യം നമ്മുടെ നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വലിയ വെല്ലുവിളി തന്നെയാണ്. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് ദുരിതനിവാരണ ഫണ്ടില്‍ നിന്നോ, സംസ്ഥാനത്തിന് നല്‍കേണ്ട ഭക്ഷ്യസബ്സിഡിയില്‍ നിന്നോ പിടിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. 2018ല്‍ ഉണ്ടായ വന്‍പ്രളയം കേരളത്തിന് കോടികളുടെ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്.
നിരവധി മനഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. അനേകം വീടുകള്‍ മണ്ണിനടിയിലായി. ആയിരങ്ങളുടെ സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടു. ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി കേന്ദ്രം അനുവദിച്ച സാമ്പത്തിക സഹായമാണ് ഇപ്പോള്‍ തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. 2018ല്‍ റേഷന്‍കട വഴി വിതരണം ചെയ്ത 89,540 മെട്രിക് ടണ്‍ അരിയുടെ വിലയാണ് കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവാങ്ങുന്നത്. പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചിരിക്കുന്നു. നേരത്തെ കേരളത്തിനുള്ള വായ്പാവിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതുകാരണം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരമൊരു അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കുമ്പോഴാണ് സൗജന്യ അരിക്ക് കോടികള്‍ വില നിശ്ചയിച്ച് കേന്ദ്രം പിടിച്ചുവാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. 2018ല്‍ എഫ്.സി.ഐയില്‍ നിന്നാണ് കേരളം അരിയെടുത്തത്. രണ്ട് തവണയുണ്ടായ പ്രളയം കേരളത്തിന്റെ സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പണം ഈടാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കത്ത് നല്‍കിയിട്ടും കടുത്ത നടപടിയിലേക്ക് കേന്ദ്രം നീങ്ങുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഒരുതരത്തിലുള്ള ഇളവും ഇക്കാര്യത്തില്‍ കേരളത്തിന് ലഭിക്കില്ലെന്ന സൂചനയാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലും നല്‍കുന്നത്. സംസ്ഥാനദുരന്തനിവാരണ ഫണ്ടിന്റെ 75 ശതമാനവും ലഭിക്കുന്നത് കേന്ദ്രത്തില്‍ നിന്നാണ്. എല്ലാ വര്‍ഷവും 7.5 ലക്ഷം മെട്രിക് ടണ്‍ അരിയാണ് റേഷന്‍ വിതരണത്തിനായി കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നത്. ഭക്ഷ്യസബ്സിഡി നിഷേധിക്കപ്പെട്ടാല്‍ ഒരു കിലോ അരിക്ക് 25 രൂപയാണ് കേരളം നല്‍കേണ്ടിവരിക. കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുന്ന ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റേത് പ്രതികാര നടപടിയാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ ദുരന്തങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമ്പോള്‍ സഹായിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഔദാര്യമല്ല. അവകാശം കൂടിയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം വാരിക്കോരി നല്‍കുമ്പോള്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് പരിമിതമായ സഹായം മാത്രമാണ്. അതിന് പോലും കണക്ക് ചോദിക്കുന്ന അവസ്ഥ കേരളജനതയുടെ ജീവിതത്തെ തന്നെയാണ് ദോഷകരമായി ബാധിക്കുന്നത്. കേന്ദ്രം പുനപരിശോധനക്ക് തയ്യാറാകണം.

Related Articles
Next Story
Share it