വടക്കന്‍ കേരളത്തില്‍ ചൂട് വര്‍ധിക്കുകയാണ്. സാധാരണഗതിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ചൂട് വര്‍ധിക്കാറുള്ളത്. നവംബര്‍ തണുപ്പിന്റെ മാസമാണ്. എന്നാല്‍ മുന്കാലങ്ങളിലുള്ളതുപോലെയുള്ള തണുപ്പ് ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല പകല്‍നേരങ്ങളില്‍ നല്ല ചൂടാണുള്ളത്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ ചൂട് കൂടുന്നതായി വെളിപ്പെടുത്തിയത് കേന്ദ്രകാലാവസ്ഥാ വകുപ്പാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത് കാസര്‍കോട് ജില്ലയിലാണ്. 37.3 ഡിഗ്രി സെല്‍ഷ്യസാണ് കാസര്‍കോട് ജില്ലയിലെ ചൂട്. കാസര്‍കോട് ജില്ല കഴിഞ്ഞാല്‍ കൂടുതല്‍ ചൂടുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. മറ്റ് ജില്ലകളിലൊക്കെയും ചൂട് 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. നവംബര്‍ മാസത്തില്‍ ഇത്രയും ചൂട് മുമ്പൊന്നും ഉണ്ടാകാറില്ല. രാത്രികാലങ്ങളില്‍ പോലും കാര്യമായ തണുപ്പൊന്നുമില്ല. സമീപകാലത്തായി കാലാവസ്ഥകളില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റേതായ ശാരീരിക മാനസിക പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
വടക്കന്‍ കേരളത്തിലെ ശക്തമായ ചൂടിനും വരണ്ട കാലാവസ്ഥക്കും തുലാവര്‍ഷത്തിന്റെ വലിയ കുറവ് ഒരു കാരണമാണ്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. കാസര്‍കോട് ജില്ലയില്‍ തുലാവര്‍ഷത്തിന് 48 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. 283 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 147.3 മില്ലി മീറ്റര്‍ മാത്രമാണ് ലഭിച്ചത്. നവംബര്‍ മാസത്തില്‍ തന്നെ ഇത്രക്ക് ചൂടാണെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോള്‍ ചൂടിന് എത്രമാത്രം കാഠിന്യമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ചൂടിന് ആക്കം കൂട്ടുന്നുണ്ട്. തണല്‍മരങ്ങളെല്ലാം വ്യാപകമായി മുറിച്ചുനീക്കപ്പെടുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചുനീക്കപ്പെട്ടത്. ഇത്തരം ഭാഗങ്ങളില്‍ ബസ് കാത്തുനില്ക്കാനുള്ള ബസ് സ്റ്റോപ്പുകള്‍ പോലുമില്ല. നേരിട്ട് വെയില്ച്ചൂടേല്ക്കുന്ന ഇടങ്ങളാണ് ഭൂരിഭാഗവും. ഏറെ നേരം വെയില് കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ടി വരുന്നത് തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. നവംബറിന്റെ സ്വാഭാവിക കാലാവസ്ഥക്ക് മാറ്റം സംഭവിച്ചതോടെ പല തരത്തിലുള്ള അസുഖങ്ങളും ആളുകളെ അലട്ടുന്നുണ്ട്. ഛര്‍ദിയും ശാരീരിക അസ്വസ്ഥതകളുമുണ്ടാകുന്നു. ജീവിത ശൈലി രോഗങ്ങളുള്ളവരെല്ലാം ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയം കൂടിയാണിത്. ധാരാളം വെള്ളം കുടിക്കണം. ഭക്ഷണരീതികളില്‍ പോലും ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതല്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ചൂട് കാലത്തെ ജീവിതം ഒരു വെല്ലുവിളി തന്നെയാണ്. ജാഗ്രതയോടെ ഈ കാലാവസ്ഥയെ അതിജീവിക്കേണ്ടതുണ്ട്.