നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ പല ക്ഷേത്ര കമ്മിറ്റികളും വെടിക്കെട്ടും പടക്കം പൊട്ടിക്കലും വേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ്. നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റവരില്‍ നാലുപേര്‍ വിവിധ ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങിയിരുന്നു. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുണ്ട്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ക്ഷേത്രകമ്മിറ്റികള്‍ വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഉത്തരദേശത്ത് തുലാം മാസത്തില്‍ ഒറ്റക്കോലവും കളിയാട്ടവും നടത്താറുള്ള മിക്ക ക്ഷേത്രങ്ങളിലും പടക്കം വേണ്ടെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. മിക്ക ക്ഷേത്രക്കമ്മിറ്റികളും ആഘോഷകമ്മിറ്റികളും വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തീരുമാനം നടപ്പിലാക്കി തുടങ്ങിയെന്നത് ഏറെ ആശ്വാസത്തിന് വക നല്‍കുന്നതാണ്.
കഴിഞ്ഞ ദിവസം പൊതാവൂര്‍ മേലേടത്തറ ഭഗവതിക്ഷേത്രം മുണ്ട്യ ഒറ്റക്കോല മഹോത്സവത്തില്‍ പടക്കം ഉപയോഗിച്ചില്ലെന്നാണ് അറിയുന്നത്. ഇവിടെ മുമ്പ് നടന്ന ഉത്സവങ്ങളിലെല്ലാം വെടിക്കെട്ടുണ്ടായിരുന്നു. കയ്യൂര്‍ ആലയില്‍ ഭഗവതി ക്ഷേത്രത്തിലും മാവിലാകടപ്പുറം ഒരിയരക്കാവ് ക്ഷേത്രത്തിലും വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലാണ് ആഘോഷകമ്മിറ്റി എത്തിയിരിക്കുന്നത്. കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും ഇക്കുറി വെടിക്കെട്ട് വേണ്ടെന്നുവെച്ചിരിക്കുകയാണ്. പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ നടക്കുന്ന പുണര്‍തം ഉത്സവത്തിനും കരിമരുന്ന് പ്രയോഗംവേണ്ടെന്നാണ് തീരുമാനം. വെടിക്കെട്ടിന് മാത്രമായി കമ്മിറ്റിയുണ്ടാക്കി ലക്ഷങ്ങള്‍ ചിലവിടുന്ന ക്ഷേത്രങ്ങള്‍ വരെയുണ്ട്. കുറച്ചുനേരത്തേക്ക് മാത്രമുള്ള വെടിക്കെട്ടിനായി ചെലവിടുന്ന പണം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന പൊതു അഭിപ്രായം ശക്തിപ്പെടുകയാണ്. വെടിമരുന്നുപ്രയോഗം മനുഷ്യജീവന്‍ അപകടത്തിലാക്കുന്നതിന് പുറമെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വെടിക്കെട്ട് ശാരീരികമായും മാനസികവുമായുള്ള പ്രയാസങ്ങളുണ്ടാക്കുന്നു. ഉത്സവ സ്ഥലത്ത് ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങളുള്ളവര്‍ക്കും ഇത് ഹാനികരമാണ്. അതേസമയം വെടിക്കെട്ടിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാത്ത ക്ഷേത്ര കമ്മിറ്റികളും ജില്ലയിലുണ്ട്. മറ്റ് ക്ഷേത്രകമ്മിറ്റികളുടെ നിലപാട് മാതൃകയാക്കി ഉത്സവങ്ങളില്‍ വെടിക്കെട്ട് വേണ്ടെന്ന് വെച്ചാല്‍ അത് ഉത്സവത്തിനെത്തുന്നവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തും. വെടിക്കെട്ടിന്റെ പേരില്‍ ഇനിയൊരു മനുഷ്യജീവന്‍ പൊലിയാതിരിക്കാന്‍ ഇക്കാര്യത്തില്‍ മുന്‍കരുതലും ജാഗ്രതയും അനിവാര്യം തന്നെയാണ്.