നാടിനെ സമ്പൂര്‍ണ്ണ മാലിന്യ വിമുക്തമാക്കണം

ഗാന്ധിജയന്തി ദിനത്തില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു. ശുചിത്വത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള റാലികളും നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങാതെ നിരന്തരമായ പ്രവര്‍ത്തനമായി മാറേണ്ടത് അനിവാര്യം തന്നെയുണ്ട്. നാട്ടില്‍ മാലിന്യങ്ങള്‍ നിറയുന്ന സ്ഥിതിയുണ്ടാല്‍ മറ്റെന്ത് പുരോഗതി കൈവരിച്ചിട്ടും കാര്യമില്ല. പലരും കരുതുന്നത് സ്വന്തം വീടും ചുറ്റുപാടും മാത്രം വൃത്തിയായിരുന്നാല്‍ മതിയെന്നാണ്. ഇത്തരം ചിന്താഗതിക്കാര്‍ സ്വന്തം […]

ഗാന്ധിജയന്തി ദിനത്തില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു. ശുചിത്വത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള റാലികളും നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങാതെ നിരന്തരമായ പ്രവര്‍ത്തനമായി മാറേണ്ടത് അനിവാര്യം തന്നെയുണ്ട്. നാട്ടില്‍ മാലിന്യങ്ങള്‍ നിറയുന്ന സ്ഥിതിയുണ്ടാല്‍ മറ്റെന്ത് പുരോഗതി കൈവരിച്ചിട്ടും കാര്യമില്ല. പലരും കരുതുന്നത് സ്വന്തം വീടും ചുറ്റുപാടും മാത്രം വൃത്തിയായിരുന്നാല്‍ മതിയെന്നാണ്. ഇത്തരം ചിന്താഗതിക്കാര്‍ സ്വന്തം വീട്ടിലെയും വീട്ടുവളപ്പിലെയും മാലിന്യങ്ങള്‍ അയല്‍വാസിയുടെ പറമ്പില്‍ കൊണ്ടുപോയിടുന്നു. ചിലരാകട്ടെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും വരെ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നു. മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളുടെ കേന്ദ്രങ്ങളായി മാറുന്നു. കൊതുകുകള്‍ മുഖേനയാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നത്. അങ്ങനെ അനാരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ മാരകരോഗങ്ങള്‍ക്കടിമകളായി മാറുകയാണ്. മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പലവിധ അസുഖങ്ങള്‍ ബാധിക്കുന്നു. അകാലമരണത്തിന് വരെ ഇടയാക്കുന്ന വിധത്തില്‍ അസുഖങ്ങള്‍ മാരകമായെന്നുവരാം. വെള്ളവും വായുവും അശുദ്ധമാകുമ്പോള്‍ ജനങ്ങള്‍ രോഗികളായി മാറുന്നു. വീടും പരിസരവും മാത്രം വൃത്തിയായാല്‍ മതിയെന്ന് ചിന്തിക്കുന്നവര്‍ ഈ വിപത്തിനെക്കുറിച്ച് ബോധമുള്ളവരാകുന്നില്ല. നാട്ടിലാകെ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് ആ പ്രദേശത്ത് താമസിക്കുന്ന എല്ലാവരെയും ബാധിക്കും. സ്വന്തം വീട് വൃത്തിയാക്കിയവരും രോഗികളാകും. അതുകൊണ്ട് വിശാലമായ ശുചിത്വബോധമാണ് മനുഷ്യരില്‍ വളര്‍ന്നുവരേണ്ടത്. പൊതുസ്ഥലങ്ങളിലും പുഴകളിലും മാലിന്യങ്ങള്‍ തള്ളാതിരിക്കുക. ഇങ്ങനെ ചെയ്യുന്നവരെ പിഴയടപ്പിച്ച് വിടുന്നതില്‍ മാത്രം നടപടി ഒതുങ്ങരുത്. ഇത്തരക്കാര്‍ക്കെതിരെ ഭീമമായ പിഴ ചുമത്തുന്നതിന് പുറമെ കര്‍ശന ശിക്ഷയും നല്‍കണം. ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ പര്യാപ്തമായ ശിക്ഷയാകണം നല്‍കേണ്ടത്. ശിക്ഷ ഏതുവിധത്തില്‍ വേണമെന്നത് സംബന്ധിച്ച് അധികാരകേന്ദ്രങ്ങള്‍ ഒരു തീരുമാനത്തിലെത്തണം. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണ്. എല്ലാവരുടെയും ഉത്തരവാദിത്വമാണിതെന്ന ബോധമാണ് വളര്‍ന്നുവരേണ്ടത്. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. രോഗികളെ വാര്‍ത്തെടുക്കുന്ന മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുക തന്നെ വേണം. അതിനായി കാര്യക്ഷമമായ ഇടപെടല്‍ തന്നെയുണ്ടാകണം.

Related Articles
Next Story
Share it