സംസ്ഥാനത്ത് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വ്യക്തി വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് കാരണമാവുകയാണ്. രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ വിശദാംശങ്ങളാണ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം വ്യാപകമായ സൈബര്‍ തട്ടിപ്പുകള്ക്കിടവരുത്തുമോയെന്നാണ് പൊതുവായി ആശങ്കയുയര്‍ന്നിരിക്കുന്നത്. സമീപകാലത്ത് ലക്ഷങ്ങളുടെ ഭൂമി കൈമാറ്റ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ ഫോണ്‍ സന്ദേശം ലഭിച്ചുതുടങ്ങിയതോടെയാണ് ഇതിലെ അപകടാവസ്ഥ പുറത്തുവന്നത്. ആധാരം രജിസ്ട്രേഷന് വിവരങ്ങള്‍ വെബ്സൈറ്റില്‍ കൃത്യമായി വരുമ്പോള്‍ വ്യക്തികളുടെ ആധാര്‍, പാന്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബര്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം. തട്ടിപ്പിനുള്ള ഏത് സാധ്യതയും നന്നായി ഉപയോഗിക്കുന്ന സംഘങ്ങള്‍ ഇന്ന് സജീവമാണ്. ബാങ്ക് അക്കൗണ്ടുകളും എ.ടി.എം നമ്പറുകളും ചോര്‍ത്തി പണം തട്ടുന്നവരുടെ ശല്യം രൂക്ഷമാണ്. ഇതിനിടയിലാണ് ആധാര്‍ രജിസ്ട്രേഷനും തട്ടിപ്പുകാര്‍ക്ക് ദുരുപയോഗം ചെയ്യാനുള്ള അവസരമായി മാറിയിരിക്കുന്നത്. ഭൂമി രജിസ്ട്രേഷന് ചെയ്യുന്നവരുടെ ആധാര്‍, പാന്‍ കാര്‍ഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാരത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് രീതി. ഇവയുടെ പകര്‍പ്പുകള്‍ രജിസ്ട്രാര്‍ ഓഫീസില്‍ നല്കുന്നു. ഇതില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ഓരോ രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ വിവരം, കൈമാറിയ തുക, ഭൂമി വാങ്ങിയവരുടെയും കൈമാറ്റം ചെയ്യുന്നവരുടെയും പേരുകള്‍. സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയുള്‍പ്പെടുത്തിയ പട്ടിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് തട്ടിപ്പുകാര്‍ക്ക് ഇത് അനുകൂലസാഹചര്യമായിരിക്കുന്നത്. ഭൂമി ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്താനെന്ന പേരിലാണ് ഇങ്ങനെയൊരു പരിഷ്ക്കരണം കൊണ്ടുവന്നത്. പരിഷ്ക്കരണം സദുദ്ദേശപരമാണെങ്കിലും ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അധികൃതര്‍ ഗൗരവത്തോടെ ചിന്തിച്ചില്ലെന്നുവേണം മനസിലാക്കാന്‍. വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് ആധാരത്തിന്റെ നമ്പര്‍ ലഭിച്ചാല്‍ ആര്‍ക്കും ആധാരത്തിന്റെ പകര്‍പ്പ് തരപ്പെടുത്തി തട്ടിപ്പ് നടത്താന്‍ സാധിക്കുമെന്നതാണ് വസ്തുത. ഏത് ആധാരവും ഓണ്‍ലൈനായി കാണാന്‍ 120 രൂപയും പകര്‍പ്പെടുക്കാന്‍ 360 രൂപയും നല്കിയാല് മതിയാകും. ഇതിന് വേണ്ടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോകേണ്ട കാര്യവുമില്ല. ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ വിവരങ്ങളെല്ലാം ആധാരത്തിലുള്ളതിനാല് കാര്യങ്ങള്‍ എളുപ്പമാണ്. ഭൂമി രജിസ്ട്രേഷന് ചെയ്തവരെ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നതിനാല്‍ വെബ്സൈറ്റിലെ പ്രദര്‍ശനം വേണമോയെന്ന കാര്യത്തില്‍ ഒരു പുനഃപരിശോധന അനിവാര്യമാണ്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയുടെ ക്രയവിക്രയങ്ങളെ തന്നെ അത് പ്രതികൂലമായി ബാധിക്കും.