ബാങ്കുകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചുള്ള തട്ടിപ്പ് പുതിയ കാര്യമല്ല. കാലങ്ങളായി ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടന്നുവരുന്നു. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. എന്നാല്‍ ഇത്തരം തട്ടിപ്പുകളെ പൊതുസമൂഹവും ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളും ലാഘവത്തോടെ കാണുന്നതുകൊണ്ടാകാം ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മുക്കുപണ്ട തട്ടിപ്പ് കേസുകളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാത്തതും പല കേസുകളിലും പ്രതികളെ വിട്ടയക്കുന്നതും ഈ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ വര്ധിക്കാനിടവരുത്തുകയാണ്. ബാങ്ക് ഇടപാടുകളിലെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വലിയൊരു പ്രശ്നം തന്നെയായി ഇത് മാറുകയാണ്.
സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങള്‍ കൂടുതലും പണയം വെക്കുന്നത് സഹകരണ ബാങ്കുകളിലാണ്. മാലകളെക്കാള്‍ കൂടുതല്‍ വളകളാണ് പണയം വെക്കുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായിരിക്കും ഇതിന്റെ രൂപം. ബാങ്കിലെ അപ്രൈസര്‍മാര്‍ക്ക് പോലും ഇത് സ്വര്‍ണ്ണമല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. മാലകള്‍ക്കും വളകള്‍ക്കും പുറമെ സ്വര്‍ണ്ണമാണെന്ന് തോന്നിപ്പിക്കുന്ന കട്ടകളും നാണയങ്ങളും വരെ പണയം വെക്കുന്നുണ്ട്. ചില ബാങ്കുകളില്‍ മുക്കുപണ്ട തട്ടിപ്പിന് ജീവനക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നു. ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും പ്രതികളാക്കി ഇത്തരം കേസുകള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്കിന്റെ വിവിധ ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് മാത്രമല്ല സംസ്ഥാനത്തെ പല ഭാഗങ്ങളിലും മുക്കുപണ്ട പണയ തട്ടിപ്പ് സംബന്ധിച്ച് വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൂട്ടത്തോടെയാണ് പൊലീസില്‍ പരാതികള്‍ ലഭിക്കുന്നത്. ബാങ്കുകളില്‍ പണയം വെച്ച് വന്‍ തുകകള്‍ കൈക്കലാക്കുന്നതിനായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് മുക്കുപണ്ട നിര്‍മ്മാണ കേന്ദ്രങ്ങള്‍ തന്നെയുണ്ടെന്നാണ് വിവരം. പല ബാങ്കുകളിലും ഏറെ നാള് കഴിഞ്ഞിട്ടായിരിക്കും പണയം വെച്ചത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. വ്യാജവിലാസവും കൃത്രിമരേഖകളും ഹാജരാക്കിയാണ് സ്വര്‍ണ്ണമാണെന്ന വ്യാജേന മുക്കുപണ്ടങ്ങള്‍ പണയം വെക്കുന്നത്. ഒരു വര്‍ഷത്തേക്കായിരിക്കും പണ്ടം പണയം വെക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാതിരിക്കുമ്പോള് ബാങ്ക് കത്തയക്കുമ്പോള്‍ യഥാര്‍ത്ഥ വിലാസം കണ്ടുപിടിക്കാനാകാതെ കത്ത് ബാങ്കിലേക്ക് തന്നെ തിരിച്ചുവരുന്നു. മുക്കുപണ്ടങ്ങള്‍ ഉപയോഗിച്ച് ലക്ഷങ്ങളുടെയും കോടികളുടെയും വരെ അനധികൃത ഇടപാടുകള്‍ നടക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കര്‍ശനമായ നിയമനടപടികള്‍ അനിവാര്യമാണ്.