തുടര്‍ന്നും വേണം വയനാടിന് കരുതല്‍

പ്രകൃതി പതുക്കെ ശാന്തമാകുകയാണ്. എന്നാലും വയനാട് ദുരന്തത്തില്‍ ഉറ്റവരും സകല സമ്പാദ്യങ്ങളും നഷ്ടമായവരുടെ വേദനകളും വിലാപങ്ങളും ശമിച്ചിട്ടില്ല. ഇവരെയെല്ലാം പുനരധിവസിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യവുമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെല്ലാം നഷ്ടമായ ഉറ്റവരെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ്. പലരും ഭക്ഷണം കഴിക്കാന്‍ പോലും താല്‍പ്പര്യപ്പെടുന്നില്ല. അത്രമാത്രം കടുത്ത മാനസികാഘാതമാണ് വയനാട് ദുരന്തം അവരില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വീടുകള്‍ നഷ്ടമായവര്‍ക്കെല്ലാം വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതടക്കമുള്ള പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. പുനരധിവാസ പദ്ധതികള്‍ക്കായി പലരും കോടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നഷ്ടമായതിനൊന്നും ഇത് പകരമാകില്ലെങ്കില്‍ […]

പ്രകൃതി പതുക്കെ ശാന്തമാകുകയാണ്. എന്നാലും വയനാട് ദുരന്തത്തില്‍ ഉറ്റവരും സകല സമ്പാദ്യങ്ങളും നഷ്ടമായവരുടെ വേദനകളും വിലാപങ്ങളും ശമിച്ചിട്ടില്ല. ഇവരെയെല്ലാം പുനരധിവസിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യവുമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെല്ലാം നഷ്ടമായ ഉറ്റവരെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ്. പലരും ഭക്ഷണം കഴിക്കാന്‍ പോലും താല്‍പ്പര്യപ്പെടുന്നില്ല. അത്രമാത്രം കടുത്ത മാനസികാഘാതമാണ് വയനാട് ദുരന്തം അവരില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വീടുകള്‍ നഷ്ടമായവര്‍ക്കെല്ലാം വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതടക്കമുള്ള പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. പുനരധിവാസ പദ്ധതികള്‍ക്കായി പലരും കോടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നഷ്ടമായതിനൊന്നും ഇത് പകരമാകില്ലെങ്കില്‍ കൂടിയും പുനരധിവാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. മുമ്പ് വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ജീവന്‍ നഷ്ടമായവരില്‍ പലര്‍ക്കും ഇപ്പോഴും വീട് ലഭിച്ചില്ലെന്ന പരാതികളുണ്ട്. പുനരധിവാസ പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. കേരളത്തില്‍ ഇതിന് മുമ്പുണ്ടായതിനെക്കാള്‍ ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അത്രക്കും വലിയ ആള്‍നാശം ഇത്തവണ സംഭവിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപ്തിയുള്ളതും ദൂരവ്യാപകവുമാണ്. ഈ ദുരന്തം വരുത്തിവെച്ച വിനാശത്തെ അതിജീവിക്കുകയെന്നതും കഠിനതരം തന്നെയാണ്. എന്നാലും അതിജീവിച്ചേ മതിയാകൂ. അതിന് വേണ്ട പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം. ഉറ്റവരെല്ലാം നഷ്ടമായവര്‍ അനുഭവിക്കുന്ന മനോവേദന വാക്കുകള്‍ക്കും അതീതമാണ്. എപ്പോഴും അവരുടെ മനസ്സിനെ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ അലട്ടിക്കൊണ്ടേയിരിക്കും. പലരിലും ഇത് കാലക്രമേണ വിഷാദരോഗത്തിലേക്ക് മാറാനും ആത്മഹത്യാപ്രവണതകള്‍ പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ കാണിച്ച ഒത്തൊരുമയും കൂട്ടായ്മയും മനുഷ്യത്വവും കാരുണ്യവും സഹായങ്ങളും ഒക്കെ ഇനിയുള്ള കാലവും തുടരേണ്ടതുണ്ട്. വയനാട് ദുരന്തത്തോടെ അനാഥരാക്കപ്പെട്ട കുട്ടികള്‍ ഏറെയാണ്. പിഞ്ചുമക്കള്‍ നഷ്ടമായ മാതാപിതാക്കളും ഏറെ. ഇവര്‍ അനുഭവിക്കുന്ന വേദനയുടെ ആഴം അളക്കാനാകില്ല. മാനസികാഘാതം നേരിടുന്നവരെ കൗണ്‍സിങ്ങിലൂടെയും നിരന്തരമായ പരിഗണനയിലൂടെയും പിന്തുണയിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക തന്നെ വേണം. ഒറ്റപ്പെടലിന്റെ വേദന കുറയ്ക്കാന്‍ കേരളസമൂഹത്തിന്റെ മുഴുവന്‍ ചേര്‍ത്തുപിടിക്കലുകളും അവരുടെ ജീവിതത്തിലുണ്ടാകണം. ഇനിയും ജീവിതം തുടരാനാവശ്യയമായ ഭൗതികമായ സാഹചര്യങ്ങള്‍ എത്രയും വേഗം അവര്‍ക്ക് ഒരുക്കിക്കൊടുക്കണം. മൃതദേഹങ്ങള്‍ കണ്ടെടുത്ത് സംസ്‌ക്കരിക്കുകയും ദുരന്തത്തില്‍ ജീവന്‍ നഷ്ടമാകാതിരുന്നവരെ രക്ഷപ്പെടുത്തുകയും ചെയ്തതോടെ കടമകള്‍ അവസാനിക്കുന്നില്ലെന്ന് തിരിച്ചറിയണം.

Related Articles
Next Story
Share it