കാലവര്‍ഷക്കെടുതിയും വൈദ്യുതി പ്രതിസന്ധിയും

ശക്തമായ കാറ്റും മഴയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയിലാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറാണ്. പലയിടങ്ങളിലും വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീഴുകയും വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുകയും ചെയ്യുന്നു. മരങ്ങളും കൂറ്റന്‍ മരച്ചില്ലകളും വീണാണ് വൈദ്യുതി കമ്പികള്‍ പൊട്ടുന്നത്. മണ്ണിടിച്ചലും മണ്ണൊലിപ്പും കൂടുതലുള്ള പ്രദേശങ്ങളിലെ വൈദ്യുതി തൂണുകളാണ് മറിഞ്ഞുവീഴുന്നത്.മഴ ആരംഭിച്ചത് മുതല്‍ ജില്ലയില്‍ 1046 ട്രാന്‍സ്ഫോര്‍മറുകളിലായി വൈദ്യുതി വിതരണം എത്തിക്കാന്‍ സാധിക്കാത്തവിധം തകര്‍ന്നത് 223 ഹൈടെന്‍ഷന്‍ തൂണുകളാണ്. 33 കെ.വി ലൈനുകള്‍ക്കും 11 […]

ശക്തമായ കാറ്റും മഴയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയിലാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറാണ്. പലയിടങ്ങളിലും വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീഴുകയും വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുകയും ചെയ്യുന്നു. മരങ്ങളും കൂറ്റന്‍ മരച്ചില്ലകളും വീണാണ് വൈദ്യുതി കമ്പികള്‍ പൊട്ടുന്നത്. മണ്ണിടിച്ചലും മണ്ണൊലിപ്പും കൂടുതലുള്ള പ്രദേശങ്ങളിലെ വൈദ്യുതി തൂണുകളാണ് മറിഞ്ഞുവീഴുന്നത്.
മഴ ആരംഭിച്ചത് മുതല്‍ ജില്ലയില്‍ 1046 ട്രാന്‍സ്ഫോര്‍മറുകളിലായി വൈദ്യുതി വിതരണം എത്തിക്കാന്‍ സാധിക്കാത്തവിധം തകര്‍ന്നത് 223 ഹൈടെന്‍ഷന്‍ തൂണുകളാണ്. 33 കെ.വി ലൈനുകള്‍ക്കും 11 കെ.വി ലൈനുകള്‍ക്കും വ്യാപകമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്. 2147 ലോടെന്‍ഷന്‍ തൂണുകളും പൊട്ടി വീണതായാണ് ഇതുവരെയുള്ള കണക്ക്. 6797 സ്ഥലങ്ങളിലാണ ് വൈദ്യുതി ലൈനുകള്‍ മുറിഞ്ഞുവീണത്. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവിഷനുകളില്‍ വൈദ്യുതി തടസം പതിവാകുകയാണ്. പല ഭാഗങ്ങളിലും മണിക്കൂറുകളോളം മാത്രമല്ല രണ്ടും മൂന്നും ദിവസം വരെ വൈദ്യുതിയില്ലാത്ത സ്ഥിതി പോലുമുണ്ട്. രാത്രികാലങ്ങളിലാണ് ഫീഡറുകള്‍ കൂടുതലും തകരാറിലാകുന്നതും ലൈനുകള്‍ പൊട്ടിവീഴുന്നതും. ഇതുസംബന്ധിച്ച പരാതികള്‍ അറിയിച്ചാല്‍ വൈദ്യുതി വിതരണതടസം പരിഹരിക്കപ്പെടാന്‍ ഏറെ കാലതാമസം നേരിടുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിളിക്കുമ്പോള്‍ പലപ്പോഴും ഫോണെടുക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്. ബദിയടുക്ക ഭാഗത്ത് ഇതുകാരണം ദിവസങ്ങളോളമാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി ഓഫീസില്‍ കുത്തിയിരിപ്പ് സമരം വരെ നടത്തേണ്ടിവന്നു. എല്ലാ ഭാഗങ്ങളിലും ഒരുപോലെ നാശം സംഭവിക്കുന്നതിനാല്‍ എല്ലായിടത്തും എത്താന്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. അതാതിടങ്ങളില്‍ ലഭ്യമാകുന്ന ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കോരിച്ചൊരിയുന്ന മഴ അടക്കമുള്ള പ്രതികൂല കാലാവസ്ഥകളില്‍ അപകടകരമായ സാഹചര്യങ്ങളില്‍ പോലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന പരിശ്രമങ്ങള്‍ വിലമതിക്കാനാകാത്തത് തന്നെയാണ്. ഇങ്ങനെ ജോലി ചെയ്യുമ്പോള്‍ ചില ഭാഗങ്ങളില്‍ അപകടമരണങ്ങള്‍ പോലും സംഭവിക്കുന്നുണ്ട്. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ലൈന്‍മാന്മാര്‍ ഷോക്കേറ്റ് മരിക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പോലുമുണ്ടാകുന്നു.
ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലും ജാഗ്രതയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നത് വസ്തുതയാണ്. മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന പ്രശ്‌നമാണ്. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചും നടപടികള്‍ വേഗത്തിലാക്കിയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.

Related Articles
Next Story
Share it