കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ച ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വെന്തരിഞ്ഞത് 49 മനുഷ്യജീവനുകളാണ്. ഇവരില്‍ 42 പേരും ഇന്ത്യക്കാരാണ്. മരിച്ചവരില്‍ 25 പേര് മലയാളികളാണ്. അതുകൊണ്ടുതന്നെ കുവൈത്തിലുണ്ടായ വന്‍ ദുരന്തം കേരളത്തെയും ഏറെ ദുഖിപ്പിക്കുന്നു.
കുവൈത്തില്‍ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഈജിപ്ത് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ഇരുനൂറോളം പേര് താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇതോടെ തീപിടിത്തമുണ്ടാവുകയായിരുന്നു. തീ പടര്‍ന്ന സമയത്ത് തൊഴിലാളികളെല്ലാം ഉറക്കത്തിലായിരുന്നു. അതുകൊണ്ടാണ് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കാതെ പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ ഭാഗത്തുനിന്നുമുണ്ടായ അശ്രദ്ധയാണ് 49 മനുഷ്യജീവനുകള്‍ ഹനിക്കപ്പെടാന്‍ ഇടവരുത്തിയത്. കെട്ടിട ഉടമയ്ക്കും ഈ ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെയാണ്. വിവിധ ഫ്ളാറ്റുകളിലായി 195 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ്. എന്നാല്‍ അഞ്ചുപേരെ അധികമായി ഇവിടെ താമസിപ്പിക്കുകയായിരുന്നു. തൊഴിലാളികളെ ആറുനില കെട്ടിടത്തില്‍ താമസിപ്പിക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കമ്പനി അധികൃതര്‍ക്കുണ്ട്. എന്നാല്‍ ഇവിടെ അത്തരത്തിലുള്ള സുരക്ഷിതത്വവും മുന്‍കരുതലും ഏര്‍പ്പെടുത്തിയില്ല. ഈ രീതിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മലയാളികളടക്കം നിരവധി പേര് ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. കെട്ടിടമുറികളില്‍ മതിയായ സൗകര്യങ്ങളില്ലാതെ തിങ്ങിയും ഞെരിഞ്ഞും കഴിയാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന തൊഴിലാളികള്‍ ഏറെയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞതും അപകടസാഹചര്യം നിലനില്ക്കുന്നതുമായ ഇടങ്ങളില്‍ താമസിക്കേണ്ടിവരുന്നവരുടെ യാതനകള്‍ വിവരണാതീതമാണ്. ചില കമ്പനികളുടെ നടത്തിപ്പുകാര്‍ പ്രവാസികളായ തൊഴിലാളികളോട് മനഷ്യത്വ വിരുദ്ധമായി പെരുമാറുകയും ചെയ്യുന്നു. അവഗണനകളും പീഡനങ്ങളും സഹിച്ച് പലരും ജോലിയില്‍ തുടരുന്നത് ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടിയാണ്. ജോലി അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചാലും രക്ഷപ്പെടാന്‍ കഴിയാതെ പോകുന്നവരുമുണ്ട്. തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് കേരളത്തിന് ചെയ്യാനുള്ളത്. ഇക്കാര്യത്തില്‍ കാലതാമസമുണ്ടാകരുത്. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലും കേന്ദ്രസര്‍ക്കാറിന്റെ നടപടികളും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.