ഡോക്ടര്‍മാരുടെ കുറവ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മഴക്കാലമായതിനാല്‍ ദിവസവും നൂറുകണക്കിനാളുകളാണ് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ പല സി.എച്ച്.സികളിലും പി.എച്ച്.സികളിലും ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഉച്ചവരെ മാത്രമാണ് ഒ.പി. പരിശോധന ഉണ്ടാകാറുള്ളത്. ഉച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ ഇല്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമുണ്ട്. ഒരു ഡോക്ടര്‍ അവധിയായാല്‍ മറ്റേ ഡോക്ടര്‍ക്ക് കടുത്ത ജോലിഭാരമുണ്ടാകുന്നു. […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മഴക്കാലമായതിനാല്‍ ദിവസവും നൂറുകണക്കിനാളുകളാണ് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ പല സി.എച്ച്.സികളിലും പി.എച്ച്.സികളിലും ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഉച്ചവരെ മാത്രമാണ് ഒ.പി. പരിശോധന ഉണ്ടാകാറുള്ളത്. ഉച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ ഇല്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമുണ്ട്. ഒരു ഡോക്ടര്‍ അവധിയായാല്‍ മറ്റേ ഡോക്ടര്‍ക്ക് കടുത്ത ജോലിഭാരമുണ്ടാകുന്നു. രോഗികള്‍ക്ക് പരിശോധനയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ദിവസം ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പനിബാധിതര്‍ അടക്കം 200ലേറെ പേര്‍ രാവിലെ പരിശോധനക്കെത്തിയപ്പോള്‍ ഡോക്ടറില്ലാതിരുന്നത് വളരെയേറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഈ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ മുളിയാര്‍ സി.എച്ച്.സിയില്‍ നടന്ന വകുപ്പുതല യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഡോക്ടറില്ലാത്തതുകാരണം രോഗികള്‍ ദുരിതമനുഭവിക്കുന്ന വിവരം പഞ്ചായത്ത് അധികൃതര്‍ ഡി.എം.ഒയെ അറിയിച്ചതോടെ അദ്ദേഹം ഇടപെട്ട് മെഡിക്കല്‍ ഓഫീസറെ തിരിച്ചയക്കുകയായിരുന്നു. രാവിലെ 11 മണിയോടെ മെഡിക്കല്‍ ഓഫീസര്‍ എത്തിയാണ് പരിശോധന ആരംഭിച്ചത്. അപ്പോഴേക്കും ആസ്പത്രിയില്‍ രോഗികള്‍ നിറഞ്ഞിരുന്നു. ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ നിയമിക്കാത്തതാണ് രോഗികള്‍ ദുരിതത്തിലാകാന്‍ കാരണം. ജില്ലയിലെ പല സര്‍ക്കാര്‍ ആസ്പത്രികളിലും സ്ഥിതി ഇതുതന്നെയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള അതിര്‍ത്തിയിലെ ആസ്പത്രികളില്‍ പോലും ഡോക്ടര്‍മാരുടെ ക്ഷാമം ചികിത്സാ സംവിധാനങ്ങള്‍ താളം തെറ്റാന്‍ ഇടവരുത്തുന്നു. മഴക്കാലത്ത് പനിബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ പരിശോധനക്കും ചികിത്സക്കും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ ആസ്പത്രികളില്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ അതുണ്ടാകുന്നില്ല. പുതിയ തസ്തികകളും സൃഷ്ടിക്കുന്നില്ല. സ്ഥലം മാറ്റുന്ന ഡോക്ടര്‍മാര്‍ക്ക് പകരം നിയമനങ്ങളുമുണ്ടാകുന്നില്ല. പനിബാധിതരെ കൊണ്ട് ആസ്പത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഒരുവിധത്തിലും കാലതാമസം വരുത്തരുത്.

Related Articles
Next Story
Share it