പെരുമഴ പോലെ റോഡപകടങ്ങള്‍

കാലവര്‍ഷം തുടങ്ങിയതോടെ നിരത്തുകളില്‍ അപകടങ്ങള്‍ പെരുകുകയാണ്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ യുവതീയുവാക്കളും കുട്ടികളുമടക്കം അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്നതിനാല്‍ പൊതുവെ അപകടസാധ്യത കൂടുതലാണ്. മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് ഇടവരുത്തുന്നു.ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പാലങ്ങളുടെയും സര്‍വീസ് റോഡുകളുടെയും ഓവുചാലുകളുടെയുമൊക്കെ പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. ദേശീയപാതക്ക് സമീപം കുഴികളും ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിലൂടെ പോകുമ്പോള്‍ വാഹനങ്ങള്‍ പെട്ടെന്ന് […]

കാലവര്‍ഷം തുടങ്ങിയതോടെ നിരത്തുകളില്‍ അപകടങ്ങള്‍ പെരുകുകയാണ്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ യുവതീയുവാക്കളും കുട്ടികളുമടക്കം അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്നതിനാല്‍ പൊതുവെ അപകടസാധ്യത കൂടുതലാണ്. മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് ഇടവരുത്തുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പാലങ്ങളുടെയും സര്‍വീസ് റോഡുകളുടെയും ഓവുചാലുകളുടെയുമൊക്കെ പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. ദേശീയപാതക്ക് സമീപം കുഴികളും ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിലൂടെ പോകുമ്പോള്‍ വാഹനങ്ങള്‍ പെട്ടെന്ന് വീതികുറഞ്ഞ സര്‍വീസ് റോഡിലേക്ക് മാറേണ്ടിവരുന്നതിലും വലിയ ബുദ്ധിമുട്ടുകളുണ്ട്. സ്‌കൂള്‍ കൂടി തുറന്നതോടെ നിരത്തുകളില്‍ വിദ്യാര്‍ത്ഥികളും നിറയുകയാണ്. ബസുകളും ലോറികളും കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകുന്ന സര്‍വീസ് റോഡുകളില്‍ സ്‌കൂള്‍ വാഹനങ്ങളുടെ സര്‍വീസും സജീവമായതോടെ ഗതാഗതക്കുരുക്കുകള്‍ രൂക്ഷമാണ്. ഇതിനിടയില്‍ അപ്പുറത്തേക്കും ഇപ്പുറത്തേക്കും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നടന്നുപോകുന്നത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോഴും മറികടക്കുമ്പോഴും ഒക്കെ നിയന്ത്രണം വിടുന്ന സാഹചര്യമാണുള്ളത്. വളരെ സൂക്ഷ്മതയോടെ ഓടിച്ചില്ലെങ്കില്‍ ഏത് വാഹനവും അപകടത്തില്‍ പെടുന്ന സ്ഥിതിയുണ്ട്.
കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പെട്ടത് ഇരുചക്രവാഹനങ്ങളാണെന്ന് മനസ്സിലാക്കാന്‍ കഴിയും. വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറുപേരാണ് മരിച്ചത്. ഇവരെല്ലാം യുവാക്കളുമാണ്. കഴിഞ്ഞ ദിവസം രാത്രി സൗത്ത് തൃക്കരിപ്പൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലും ഇരുമ്പ് തൂണിലെ ബി.എസ്.എന്‍.എല്‍ ബോക്‌സിലും ഇടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ട് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥി ഓടിച്ചുപോവുകയായിരുന്ന ബൈക്ക് കുഴിവെട്ടിക്കുന്നതിനിടെ മറിഞ്ഞ് വിദ്യാര്‍ത്ഥി ബസിനടിയില്‍പെട്ട് മരിച്ച ദാരുണ സംഭവവും നടന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ രക്ഷിതാക്കളും റോഡിലെ കുഴി അടക്കാന്‍ നടപടി സ്വീകരിക്കാതിരുന്ന അധികൃതരും ഈ മരണത്തിന് ഉത്തരവാദികളാണ്.
മഴക്കാലമാണെന്നും അപകടസാധ്യതയുണ്ടെന്നുമുള്ള ബോധ്യത്തോടെയാകണം വാഹനങ്ങള്‍ ഓടിക്കേണ്ടത്. അമിതവേഗത അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. റോഡ് സുരക്ഷ ഉറപ്പുവരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. റോഡ് നിയമങ്ങള്‍ പാലിക്കാന്‍ വാഹനങ്ങള്‍ ഓടിക്കുന്നവരും തയ്യാറാകണം.

Related Articles
Next Story
Share it