അശാസ്ത്രീയ നിര്‍മ്മാണപ്രവൃത്തികളുടെ ദുരിതഫലങ്ങള്‍

കേരളത്തില്‍ കാലവര്‍ഷം വന്നിരിക്കുന്നു. മെയ് പകുതിയോടെ തന്നെ കനത്ത മഴ ലഭിച്ചുതുടങ്ങിയെങ്കിലും കാലവര്‍ഷത്തിന് ഇന്നലെ മുതലാണ് തുടക്കമായത്. ഇടമുറിയാതെ പെയ്യുന്ന കനത്ത മഴ കടുത്ത ദുരിതങ്ങള്‍ക്കും വന്‍ ദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന നിര്‍മ്മാണപ്രവൃത്തികള്‍ പലയിടങ്ങളിലും നടന്നത് അശാസ്ത്രീയമായ രീതിയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അപാകതകള്‍ പരിഹരിക്കപ്പെടുമെന്ന് കരുതാമെങ്കിലും അതുവരെ അശാസ്ത്രീയമായ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.കാസര്‍കോട് ജില്ലയിലെ നഗരങ്ങളിലൊക്കെയും മഴ വന്നാല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയാണ്. മഴ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ പല […]

കേരളത്തില്‍ കാലവര്‍ഷം വന്നിരിക്കുന്നു. മെയ് പകുതിയോടെ തന്നെ കനത്ത മഴ ലഭിച്ചുതുടങ്ങിയെങ്കിലും കാലവര്‍ഷത്തിന് ഇന്നലെ മുതലാണ് തുടക്കമായത്. ഇടമുറിയാതെ പെയ്യുന്ന കനത്ത മഴ കടുത്ത ദുരിതങ്ങള്‍ക്കും വന്‍ ദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന നിര്‍മ്മാണപ്രവൃത്തികള്‍ പലയിടങ്ങളിലും നടന്നത് അശാസ്ത്രീയമായ രീതിയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അപാകതകള്‍ പരിഹരിക്കപ്പെടുമെന്ന് കരുതാമെങ്കിലും അതുവരെ അശാസ്ത്രീയമായ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.
കാസര്‍കോട് ജില്ലയിലെ നഗരങ്ങളിലൊക്കെയും മഴ വന്നാല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയാണ്. മഴ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ പല ഭാഗങ്ങളിലും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതുകാരണം റോഡുകള്‍ സഹിതം നഗരങ്ങള്‍ വെള്ളത്താല്‍ വലയം ചെയ്യപ്പെടുകയാണ്. ഇത്തരം വെള്ളക്കെട്ടുകള്‍ വാഹനയാത്ര അതീവ ദുഷ്‌ക്കരമാകാനാണ് ഇടവരുത്തുന്നത്. മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടാകുന്നു. വലിയ വെള്ളക്കെട്ടുകളുണ്ടായാല്‍ വാഹനങ്ങള്‍ക്ക് ഒരടി പോലും മുന്നോട്ട് നീങ്ങാനാകുന്നില്ല. ഒരാഴ്ചമുമ്പ് വന്ന കനത്തമഴ ചെര്‍ക്കള ടൗണില്‍ വെള്ളം നിറയാന്‍ കാരണമാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നു. വെള്ളം ഒഴുകിപ്പോകുന്ന വഴികളെല്ലാം തടസ്സപ്പെട്ടതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. തിരുവനന്തപുരത്തും എറണാകുളത്തും കഴിഞ്ഞ ദിവസം മഴയുടെ ദുരിതപ്പെയ്ത്ത് തന്നെയായിരുന്നു. രണ്ട് നഗരങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടി വന്നു. കനത്ത മഴമൂലമുണ്ടായ വെള്ളക്കെട്ടുകളില്‍ പെട്ട് ജനങ്ങള്‍ കടുത്ത ദുരിതം തന്നെ അനുഭവിക്കുകയായിരുന്നു. മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തത്. കാലവര്‍ഷം കൂടി വന്നതോടെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ഈ ദുരിതാവസ്ഥയുണ്ടാകും. റോഡുകളുടെ ഇരുവശങ്ങളിലും അടച്ചുകെട്ടിയുള്ള മതില്‍ നിര്‍മ്മാണവും ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകള്‍, പുഴകളിലെയും തോടുകളിലും ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍, പരിസ്ഥിതിയെ അവഗണിച്ചുകൊണ്ടുള്ള കെട്ടിടനിര്‍മ്മാണം തുടങ്ങിയവയൊക്കെ കാസര്‍കോട് ജില്ലയിലടക്കം രൂക്ഷമായ വെള്ളക്കെട്ടുകള്‍ക്ക് കാരണമാകുന്നു. ദൈനംദിന ജീവിതത്തിന് തന്നെ വെള്ളക്കെട്ടുകള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. കൊതുകുകളും മറ്റ് ക്ഷുദ്രജീവികളും പെരുകാന്‍ ഇടവരുത്തുന്നതിനാല്‍ ഇത്തരം വെള്ളക്കെട്ടുകള്‍ മാരകമായ പകര്‍ച്ച വ്യാധികള്‍ പടരാനും കാരണമാകുകയാണ്. ഒഴുകിപ്പോകാന്‍ ഇടമില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ വെള്ളക്കെട്ടുകളില്‍ കലര്‍ന്ന് അതാതിടങ്ങളില്‍ അടിഞ്ഞുകൂടുന്നു. കാലവര്‍ഷം വരുന്നതിന് മുമ്പെ വെള്ളക്കെട്ടുകള്‍ക്ക് കാരണാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതായിരുന്നു. മുന്‍കരുതല്‍ നടപടികള്‍ പോലും സ്വീകരിക്കാതെ അധികൃതര്‍ വലിയ കെടുകാര്യസ്ഥതയാണ് കാണിച്ചിരിക്കുന്നത്.

Related Articles
Next Story
Share it