കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും റോഡരികുകളില്‍ അപകടഭീഷണികള്‍ ഉയര്‍ത്തുന്ന മരങ്ങള്‍ സ്ഥിതിചെയ്യുന്നത് യാത്രാ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണ്. കാലവര്‍ഷത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂവെന്നിരിക്കെ ഉണങ്ങിയതും അപകടസാധ്യതയുള്ളതുമായ മരങ്ങള്‍ അതേപടി നിലനില്‍ക്കുന്നത് വിരോധാഭാസം തന്നെയാണ്. കാലവര്‍ഷത്തിലുണ്ടാകുന്ന അപകടങ്ങളില്‍ പലതും മരം വീഴുന്നത് മൂലം സംഭവിക്കുന്നതാണ്. ചുവടുകള്‍ ദ്രവിച്ചതും ചില്ലകള്‍ ഉണങ്ങിയതുമായ കൂറ്റന്‍ മരങ്ങള്‍ ധാരാളമുണ്ട്. ശക്തമായ കാറ്റ് വന്നാല്‍ ഇത്തരം മരങ്ങള്‍ പൊട്ടി വാഹനങ്ങള്‍ക്ക് മുകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം പൊട്ടി വീണ നിരവധി സംഭവങ്ങള്‍ ജില്ലയില്‍ കഴിഞ്ഞ മഴക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരം വീണുള്ള അപകടമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടുന്നത് വൈദ്യുതി ബന്ധം താറുമാറാകാനും ഇടവരുത്തുന്നു. ഏത് സമയത്തും പൊട്ടിവീഴാറായ നിലയിലുള്ള മരങ്ങള്‍ വലിയ വെല്ലുവിളിയായി മാറുകയാണ്. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയുടെ സമീപം അപകടഭീഷണി ഉയര്‍ത്തുന്ന അനവധി മരങ്ങളാണുള്ളത്. ഇവയില്‍ പലതും ഉണങ്ങിയതാണ്. കെട്ടിടങ്ങള്‍ക്ക് മോടികൂട്ടാന്‍ അപകടസാധ്യതയില്ലാത്ത മരങ്ങള്‍ പോലും മുറിച്ചുമാറ്റുന്ന കാലമാണിത്. സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കാത്തതും യാത്രക്കാര്‍ക്ക് തണലേകിയിരുന്നതുമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നവര്ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകാറുമില്ല. എന്നാല്‍ ഉണങ്ങി നാശത്തിന്റെ വക്കിലെത്തിയിട്ടുള്ള മരങ്ങള്‍ റോഡരികുകളില്‍ അതേപടി നിലനില്‍ക്കുകയാണ്.
വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാറുള്ളത്. എന്നാല്‍ ശക്തമായ കാറ്റും മഴയും വരുന്നതിന് മുമ്പ് തന്നെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കിയാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ കഴിയും. യാത്രക്ക് വെല്ലുവിളിയായി റോഡിലേക്ക് നീണ്ടുനില്‍ക്കുന്ന ശിഖരങ്ങള്‍ പല ഭാഗങ്ങളിലും പതിവ് കാഴ്ചയാണ്. ഇത്തരം ചില്ലകള്‍ വൈദ്യുതി ലൈനുകള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുന്നു. സ്കൂള്‍ തുറക്കാന്‍ ഇനി അധികം ദിവസങ്ങളില്ല. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കുട്ടികള്‍ക്കും ആപത്തുണ്ടാക്കുന്നു. മരം വീണ് പൊട്ടി താഴെ വീഴുന്ന വൈദ്യുതി കമ്പികളും വലിയ ഭീഷണി തന്നെയാണ്. പൊട്ടി വീഴുന്ന വൈദ്യുതി കമ്പിയില്‍ നിന്നും ആളുകള്‍ക്ക് ഷോക്കേല്‍ക്കുന്നു. ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മാര്‍ഗം ഒന്നേയുള്ളൂ. റോഡരികുകളില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന മരങ്ങള്‍ കണ്ടെത്തി മുറിച്ചുനീക്കുക. ഇക്കാര്യത്തില്‍ ഇനിയും അമാന്തം കാണിക്കരുത്. വലിയ കൊടുങ്കാറ്റും പേമാരിയും വന്നാല്‍ അവസ്ഥ ഊഹിക്കുന്നതിലും ഭയാനകമായിരിക്കും. മഴക്കാലം ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിക്കുന്ന കാലം കൂടിയാണ്. ദുരന്തങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികള്‍ ഉണ്ടാകണം.