മരണം വിതയ്ക്കുന്ന റോഡ് വളവുകള്‍

കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളിലേക്കും മറ്റ് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും പോകുന്ന റോഡുകളിലെ അപകടകരമായ വളവുകള്‍ യാത്രാ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. ഇത്തരം വളവുകള്‍ കാരണമുള്ള അപകടങ്ങളും അപകട മരണങ്ങളും കാസര്‍കോട് ജില്ലയില്‍ വര്‍ധിച്ചുവരികയാണ്.ഏറ്റവുമൊടുവില്‍ ബേഡഡുക്ക ബേത്തൂര്‍പാറയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബേത്തൂര്‍പാറയിലെ വളവില്‍വെച്ചാണ് അപകടം നടന്നത്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ബേത്തൂര്‍പാറ വളവില്‍ വെച്ച് കാറിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയാണുണ്ടായത്. അപകടം […]

കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളിലേക്കും മറ്റ് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും പോകുന്ന റോഡുകളിലെ അപകടകരമായ വളവുകള്‍ യാത്രാ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. ഇത്തരം വളവുകള്‍ കാരണമുള്ള അപകടങ്ങളും അപകട മരണങ്ങളും കാസര്‍കോട് ജില്ലയില്‍ വര്‍ധിച്ചുവരികയാണ്.
ഏറ്റവുമൊടുവില്‍ ബേഡഡുക്ക ബേത്തൂര്‍പാറയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബേത്തൂര്‍പാറയിലെ വളവില്‍വെച്ചാണ് അപകടം നടന്നത്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ബേത്തൂര്‍പാറ വളവില്‍ വെച്ച് കാറിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയാണുണ്ടായത്. അപകടം വരുത്തിയ കാര്‍ റോഡരികിലെ കുന്നിലിടിച്ചാണ് നിന്നത്. മുമ്പും ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു.
കുറ്റിക്കോല്‍-ബേഡഡുക്ക പഞ്ചായത്തുകളിലെ തെക്കില്‍-ആലട്ടി റോഡ്, ബോവിക്കാനം-കുറ്റിക്കോല്‍ റോഡ്, കൊട്ടോടി-ചുള്ളിക്കര റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഉള്‍നാടന്‍ റോഡുകളിലും അപകടം വരുത്തുന്ന വളവുകള്‍ നിരവധിയാണ്. തെക്കില്‍ ആലട്ടി റോഡിലെ കരിച്ചേരി വളവ്, മുന്നാട് എ.യു.പി സ്‌കൂളിന് സമീപത്തെ വളവ്, ബേത്തൂര്‍പാറ വളവ്, അത്തൂട്ടിപാറയിലെ വളവ്, അത്തിയടുക്കം വളവ്, സാന്‍ജിയോ സ്‌കൂളിന് സമീപത്തെ വളവ്, കാഞ്ഞനടുക്കത്തെ വളവ് ഇവിടങ്ങളിലൊക്കെ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. മലയോരപ്രദേശങ്ങളെ കര്‍ണ്ണാടക അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ അതുകൊണ്ട് തന്നെ അപകടങ്ങളുടെ പരമ്പര തന്നെയാണ്. ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും വളവുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാതയിലും അപകടങ്ങള്‍ പതിവാണ്.
കുറ്റിക്കോല്‍-ബോവിക്കാനം റോഡില്‍ അശാസ്ത്രീയമായ കയറ്റവും ഇറക്കവുമാണുള്ളത്. ഇതുകാരണം പലയിടങ്ങളിലും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളെ കാണാത്ത സ്ഥിതിയുണ്ട്. റോഡിന്റെ രണ്ടുവശങ്ങളിലും കാടുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇത് ഡ്രൈവര്‍മാര്‍ക്ക് എതിര്‍ദിശയിലുള്ള വാഹനങ്ങള്‍ വരുന്ന കാഴ്ച മറയ്ക്കുന്നു. ഇക്കാരണത്താലാണ് രണ്ട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത്. ഇത്തരം വളവുകളിലൊക്കെയും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളെ രാജ്യാന്തരനിലവാരത്തിലെത്തിച്ചിട്ടും വലിയ വളവുകളില്‍ പോലും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് ഒന്നാമത്തെ വീഴ്ച. വേഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് രണ്ടാമത്തെ വീഴ്ച. വാഹനങ്ങള്‍ വേഗത കുറച്ച് പോകുന്നതിന് ആവശ്യമായ മഞ്ഞവരയോട് കൂടിയ സ്ട്രിപ്പസുകള്‍ റോഡുകളിലില്ല. രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ പലതും അപകടത്തില്‍ പെടാതെ പോകുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. വളവുകള്‍ ഉള്ള ഭാഗങ്ങളിലെ കാടുകള്‍ വെട്ടിത്തെളിക്കാത്തത് മൂന്നാമത്തെ വീഴ്ചയാണ്.
റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. മലയോര റോഡുകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം.

Related Articles
Next Story
Share it