സര്‍ക്കാര്‍ ആസ്പത്രികളിലെ അടിസ്ഥാന പ്രശ്നങ്ങള്‍

കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഒരു സര്‍ക്കാര്‍ ആസ്പത്രി പോലുമില്ല. മാരകമായ അസുഖങ്ങള്‍ ബാധിച്ചാല്‍ ചികില്‍സക്ക് മംഗളൂരുവിലെ ആസ്പത്രികളിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ പോകണം. അതേസമയം അത്യാവശ്യം ചികിത്സ ലഭ്യമാകുന്ന ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ ദയനീയസ്ഥിതിയിലാണുള്ളത്.ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആസ്പത്രികളിലൊന്നായ കാസര്‍കോട് ജനറല്‍ ആസ്പത്രിയുടെ അവസ്ഥ തന്നെ പരിശോധിക്കാം. ജനറല്‍ ആസ്പത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ ഇവിടത്തെ ചികിത്സാ സംബന്ധമായ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരം കാണാന്‍ സാധിക്കുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകാരണം ഈ ആസ്പത്രിയിലെത്തുന്ന രോഗികള്‍ ഏറെ ബുദ്ധിമുട്ട് […]

കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഒരു സര്‍ക്കാര്‍ ആസ്പത്രി പോലുമില്ല. മാരകമായ അസുഖങ്ങള്‍ ബാധിച്ചാല്‍ ചികില്‍സക്ക് മംഗളൂരുവിലെ ആസ്പത്രികളിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ പോകണം. അതേസമയം അത്യാവശ്യം ചികിത്സ ലഭ്യമാകുന്ന ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ ദയനീയസ്ഥിതിയിലാണുള്ളത്.
ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആസ്പത്രികളിലൊന്നായ കാസര്‍കോട് ജനറല്‍ ആസ്പത്രിയുടെ അവസ്ഥ തന്നെ പരിശോധിക്കാം. ജനറല്‍ ആസ്പത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ ഇവിടത്തെ ചികിത്സാ സംബന്ധമായ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരം കാണാന്‍ സാധിക്കുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകാരണം ഈ ആസ്പത്രിയിലെത്തുന്ന രോഗികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സ്റ്റാഫ് നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും കുറവാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദിവസവും 1000വും അതിലധികവും രോഗികള്‍ പരിശോധനയ്ക്കും ചികിത്സക്കുമായി ജനറല്‍ ആസ്പത്രിയില്‍ എത്തുന്നുണ്ട്. മികച്ച സൗകര്യങ്ങള്‍ ജനറല്‍ ആസ്പത്രിയിലുണ്ട്. എന്നാല്‍ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം കൂടുമ്പോഴും അതിനനുസരിച്ച് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം കൂടി ലഭിക്കുമ്പോള്‍ മാത്രമേ ആസ്പത്രിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. മാസത്തില്‍ ശരാശരി 200 പ്രസവമെങ്കിലും ജനറല്‍ ആസ്പത്രിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകുന്നില്ല. മൂന്ന് ഗൈനക്കോളജിസ്റ്റുകളാണ് ജനറല്‍ ആസ്പത്രിയിലുള്ളത്. ഇവരില്‍ ഒരാള്‍ ദീര്‍ഘകാല അവധിയിലാണ്.
ഓര്‍ത്തോ കണ്‍സള്‍ട്ടന്റ്(ഒന്ന്), ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ്(ഒന്ന്), പീഡിയാട്രിക് എസ്.ആര്‍ കണ്‍സള്‍ട്ടന്റ് (ഒന്ന്), സൈക്യാട്രി കണ്‍സള്‍ട്ടന്റ്(ഒന്ന്), ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ്(ഒന്ന്), ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ്(ഒന്ന്), അനസ്‌തേഷ്യ എസ്.ആര്‍ കണ്‍സള്‍ട്ടന്റ് (ഒന്ന്), അനസ്തേഷ്യ കണ്‍സള്‍ട്ടന്റ്(ഒന്ന്), സി.എം.ഒ. (മൂന്ന്), ആര്‍.എം.ഒ (ഒന്ന്), അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ (ഒന്ന്), ദീര്‍ഘകാല അവധിയിലുള്ളവര്‍, സി.എം.ഒ (മെഡിക്കല്‍ അവധി) ഒന്ന്, സി.എം.ഒ -രണ്ട്, ഗൈനക്കോളജിസ്റ്റ് -ഒന്ന് എന്നിങ്ങനെയാണ് ജനറല്‍ ആസ്പത്രിയിലെ ഒഴിവുകള്‍.
ജില്ലക്ക് പുറത്തുനിന്നുള്ളവരാണ് ജനറല്‍ ആസ്പത്രിയില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ ഏറെയും. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടില്ല. സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് പലരും താമസിക്കുന്നത്. ദിവസവും 600 രൂപ കൊടുത്ത് റൂമെടുക്കേണ്ടിവരുന്നു. ജില്ലയിലെ മറ്റൊരു പ്രധാന ആസ്പത്രിയായ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും സമാനമായ അവസ്ഥ തന്നെയാണ്. ഇവിടെയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
കാലവര്‍ഷത്തിന് ഇനി അധികം ദിവസങ്ങളില്ല. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന കാലം കൂടിയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളിലെ ഒഴിവുകള്‍ നികത്തി ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്.

Related Articles
Next Story
Share it