അപകടഭീഷണി ഉയര്‍ത്തുന്ന ബോര്‍ഡുകള്‍ നീക്കണം

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ നിരവധി ബോര്‍ഡുകളുണ്ട്. കാല്‍നടയാത്രക്കും വാഹനയാത്രക്കും ഇത്തരം ബോര്‍ഡുകള്‍ കടുത്ത ഭീഷണിയാണ്. അശാസ്ത്രീയമായും അനധികൃതമായും സ്ഥാപിക്കപ്പെടുന്ന ബോര്‍ഡുകള്‍ നഗരങ്ങളിലെത്തുന്ന ആളുകളുടെ ജീവന്‍പോലും അപകടത്തിലാകാന്‍ ഇടവരുത്തുമെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം കാസര്‍കോട് ബസ്സ്റ്റാന്റ് പരിസരത്തെ കൂറ്റന്‍ പരസ്യബോര്‍ഡ് റോഡിലേക്ക് തകര്‍ന്നുവീണ സംഭവം അത്യന്തം ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നതിന്റെ തെളിവാണ്. ഞായറാഴ്ച ദിവസമായതിനാല്‍ കാസര്‍കോട് നഗരത്തില്‍ ആളുകളുടെ തിരക്ക് കുറവായിരുന്നു. പുതിയ ബസ്സ്റ്റാന്റിലും കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ […]

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ നിരവധി ബോര്‍ഡുകളുണ്ട്. കാല്‍നടയാത്രക്കും വാഹനയാത്രക്കും ഇത്തരം ബോര്‍ഡുകള്‍ കടുത്ത ഭീഷണിയാണ്. അശാസ്ത്രീയമായും അനധികൃതമായും സ്ഥാപിക്കപ്പെടുന്ന ബോര്‍ഡുകള്‍ നഗരങ്ങളിലെത്തുന്ന ആളുകളുടെ ജീവന്‍പോലും അപകടത്തിലാകാന്‍ ഇടവരുത്തുമെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം കാസര്‍കോട് ബസ്സ്റ്റാന്റ് പരിസരത്തെ കൂറ്റന്‍ പരസ്യബോര്‍ഡ് റോഡിലേക്ക് തകര്‍ന്നുവീണ സംഭവം അത്യന്തം ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നതിന്റെ തെളിവാണ്. ഞായറാഴ്ച ദിവസമായതിനാല്‍ കാസര്‍കോട് നഗരത്തില്‍ ആളുകളുടെ തിരക്ക് കുറവായിരുന്നു. പുതിയ ബസ്സ്റ്റാന്റിലും കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ ഓടിമാറിയതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
ഞായറാഴ്ച വൈകിട്ട് ശക്തമായ കാറ്റില്‍ ബസ്സ്റ്റാന്റ് കെട്ടിടത്തിന് മുകളിലെ ഇരുമ്പുകൊണ്ടുള്ളതും ഭാരമേറിയതുമായ പരസ്യബോര്‍ഡാണ് താഴേക്കേ് പതിച്ചത്. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തകരുകയായിരുന്നു. 25 അടിയോളം ഉയരവും 40 അടിയോളം നീളവുമുള്ള ബോര്‍ഡാണ് തകര്‍ന്നുവീണത്. ഇരുപത്തിയഞ്ചോളം കല്ലുകളും കെട്ടിടത്തിന് മുകളില്‍ നിന്ന് വീണിരുന്നു. ഇതൊക്കെ ആരുടെയെങ്കിലും ദേഹത്ത് പതിക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്ത് സമാധാനം പറയുമായിരുന്നു. ബോര്‍ഡ് താഴേക്ക് പതിക്കുന്ന ശബ്ദംകേട്ട് യാത്രക്കാര്‍ ഓടിമാറിയതുകൊണ്ട് മാത്രമാണ് ദുരന്തം സംഭവിക്കാതിരുന്നത്. കാസര്‍കോട്ട് മാത്രമല്ല ജില്ലയുടെ പല ഭാഗങ്ങളിലും അപകടകരമായ രീതിയില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകളുണ്ട്. നഗരങ്ങളില്‍ ഫുട്പാത്തിലും ഡിവൈഡറിലും വൈദ്യുതി തൂണുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമൊക്കെ ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ കാണാന്‍ സാധിക്കും. പല ബോര്‍ഡുകളും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ചെറിയ കാറ്റടിച്ചാല്‍ പോലും താഴെ വീഴാന്‍ പാകത്തില്‍ സ്ഥിതിചെയ്യുന്ന ബോര്‍ഡുകളുണ്ട്. ഫുട്പാത്തുകളിലൂടെ നടന്നുപോകുന്നവര്‍ പരസ്യബോര്‍ഡുകളിലും മറ്റും തട്ടി റോഡിലേക്ക് വീഴുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുണ്ട്. പല ബോര്‍ഡുകളും റോഡിലേക്ക് തള്ളിനില്‍ക്കുന്ന നിലയിലാണ്. വാഹനഗതാഗതത്തിന് കടുത്ത ഭീഷണിയാണ് ഇത്തരം ബോര്‍ഡുകള്‍. യാത്രക്കും ഗതാഗതത്തിനും ഭീഷണി സൃഷ്ടിക്കുന്ന വിധത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. യാത്രക്കാരുടെ തലയ്ക്ക് മുകളില്‍ ഡമോക്രസിന്റെ വാള്‍ പോലെ തൂങ്ങിനില്‍ക്കുന്ന ബോര്‍ഡുകള്‍ അവിടെ നിന്ന് മാറ്റാനുള്ള ആര്‍ജവം അധികൃതര്‍ കാണിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്. ജനങ്ങളുടെ ജീവനെ തന്നെ ബാധിക്കുന്ന വലിയ പ്രശ്‌നമാണിത്. അപകടഭീഷണി ഉയര്‍ത്തുന്ന ബോര്‍ഡുകള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യുകയാണ് വേണ്ടത്.

Related Articles
Next Story
Share it