ജില്ലയിലെ രാത്രിയാത്രക്കാരെ പെരുവഴിയിലാക്കരുത്

കാസര്‍കോട് ജില്ലയിലെ രാത്രികാലയാത്രക്കാര്‍ കഴിഞ്ഞ കുറേനാളുകളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അധികൃതര്‍ നിസാരമായാണ് കാണുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല. ദേശീയ-സംസ്ഥാന പാതകളിലൂടെയും മറ്റ് പ്രധാന റോഡുകളിലൂടെയും രാത്രിയാത്ര നടത്തുന്നവര്‍ ഈ ബുദ്ധിമുട്ട് എത്രമാത്രം വലുതാണെന്ന് അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാകും.രാത്രിയില്‍ സ്വകാര്യബസ് സര്‍വീസ് വളരെ കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അത് എട്ടുമണിക്ക് മുമ്പുവരെ മാത്രമായിരിക്കും. അതാകട്ടെ നാമമാത്രമായ സര്‍വീസ് മാത്രമായിരിക്കും. മുമ്പൊക്കെ ദേശീയ-സംസ്ഥാന പാതകളില്‍ രാത്രി 10 മണിക്കും 11 മണിക്കും ദീര്‍ഘദൂര സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. പെര്‍മിറ്റ് നല്‍കാത്തതിനാല്‍ ഇങ്ങനെയുള്ള […]

കാസര്‍കോട് ജില്ലയിലെ രാത്രികാലയാത്രക്കാര്‍ കഴിഞ്ഞ കുറേനാളുകളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അധികൃതര്‍ നിസാരമായാണ് കാണുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല. ദേശീയ-സംസ്ഥാന പാതകളിലൂടെയും മറ്റ് പ്രധാന റോഡുകളിലൂടെയും രാത്രിയാത്ര നടത്തുന്നവര്‍ ഈ ബുദ്ധിമുട്ട് എത്രമാത്രം വലുതാണെന്ന് അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാകും.
രാത്രിയില്‍ സ്വകാര്യബസ് സര്‍വീസ് വളരെ കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അത് എട്ടുമണിക്ക് മുമ്പുവരെ മാത്രമായിരിക്കും. അതാകട്ടെ നാമമാത്രമായ സര്‍വീസ് മാത്രമായിരിക്കും. മുമ്പൊക്കെ ദേശീയ-സംസ്ഥാന പാതകളില്‍ രാത്രി 10 മണിക്കും 11 മണിക്കും ദീര്‍ഘദൂര സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. പെര്‍മിറ്റ് നല്‍കാത്തതിനാല്‍ ഇങ്ങനെയുള്ള ബസുകളൊക്കെ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. രാത്രിയില്‍ സര്‍വീസ് നടത്തിയിരുന്ന നിരവധി ഹ്രസ്വദൂരബസുകളും ഉണ്ടായിരുന്നു. ഈ ബസുകളെയും ഇപ്പോള്‍ കാണാനില്ല. രാത്രിയാത്രക്ക് പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിക്കുക എന്നല്ലാതെ യാത്രക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ദേശീയ-സംസ്ഥാന പാതകളില്‍ രാത്രിയില്‍ മതിയായ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഉണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ രാത്രി എട്ടുമണികഴിഞ്ഞാല്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടാത്ത സ്ഥിതിയാണുള്ളത്. ആകെയുള്ള ആശ്വാസം രാത്രി 9 മണിക്ക് കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന എയര്‍പോര്‍ട്ട് ബസാണ്. കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പുലര്‍ച്ചെയും രാത്രിയിലുമുള്ള കോഴിക്കോട് ഫാസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയതോടെ രാത്രിയാത്ര കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ഡിപ്പോയുടെ അഞ്ച് ബസുകള്‍ ശബരിമല തീര്‍ഥാടക ആവശ്യത്തിന് അയച്ചിട്ടുണ്ട്. ഈ ബസുകളിലാണ് കോഴിക്കോട് ബസും ഉള്‍പ്പെട്ടിരിക്കുന്നത്. കോവിഡ് കാലത്തിന് മുമ്പ് കരിപ്പൂര്‍ വിമാനത്താവളം വരെ സര്‍വീസ് നടത്തിയിരുന്ന ബസാണിത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതോടെ സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ വിമാനത്താവളം സര്‍വീസ് ചുരുക്കുകയും കോഴിക്കോട് വരെ മാത്രമാക്കി തീര്‍ക്കുകയും ചെയ്തു. കോഴിക്കോട് ബസ് സര്‍വീസ് റദ്ദാക്കിയതോടെ കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കണ്ണൂര്‍ റൂട്ടില്‍ സാധാരണയാത്രക്കാര്‍ക്ക് പോകാനുള്ള രാത്രികാല അവസാന കെ.എസ്.ആര്‍.ടി.സി സര്‍വീസ് 7.15 മണിക്കുള്ള പയ്യന്നൂര്‍ സര്‍വീസ് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പിന്നെയുള്ളത് പുലര്‍ച്ചെ 4.50നുള്ള വടകരയിലേക്കുള്ള ടി.ടി ബസ് സര്‍വീസാണ്. ഇതിനിടയില്‍ സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ് ബസുകളുണ്ട്. ഇത്തരം ബസുകള്‍ വലിയ യാത്രാനിരക്കുകളാണ് ഈടാക്കുന്നത്. ഇവയാകട്ടെ ദീര്‍ഘദൂരം സ്റ്റോപ്പില്‍ മാത്രമാണ് നിര്‍ത്തുന്നത്. കാസര്‍കോട്ട് രാത്രിയില്‍ ജോലി കഴിഞ്ഞ് വൈകി പോകുന്നവര്‍ക്ക് ആശ്വാസമായിരുന്നു കോഴിക്കോട് ബസ്. മംഗളൂരുവില്‍ നിന്ന് ജോലി കഴിഞ്ഞ് രാത്രി കാസര്‍കോട്ടെത്തുന്നവരും ഈ ബസിനെയാണ് ആശ്രയിക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രസ്തുത ബസ് ഇവര്‍ക്കും ആശ്വാസകരമായിരുന്നു. ഇടയില്‍ മറ്റ് ബസുകളില്ലാത്തതിനാല്‍ കോഴിക്കോട് ബസില്‍ ദിവസവും വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്.
ഈ സാഹചര്യത്തില്‍ രാത്രിയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് വേണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഉള്ള സര്‍വീസ് പോലും വെട്ടിക്കുറച്ച് യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. അധികാരികള്‍ യാത്രക്കാരുടെ വിഷമം തിരിച്ചറിഞ്ഞ് കോഴിക്കോട് ബസ് സര്‍വീസ് പുനസ്ഥാപിക്കണം. രാത്രിയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഏര്‍പ്പെടുത്തുകയും വേണം.

Related Articles
Next Story
Share it