വീണ്ടും വ്യാപകമാകുന്ന കള്ളനോട്ടുകള്‍

കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ കള്ളനോട്ട് മാഫിയാസംഘങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. കര്‍ശന നടപടികളെ തുടര്‍ന്ന് പത്തി താഴ്ത്തിയിരുന്ന കള്ളനോട്ട് സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വ്യാപിപ്പിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍. കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തതോടെ കാസര്‍കോട് ജില്ലയില്‍ വേരുറപ്പിച്ചിരിക്കുന്ന കള്ളനോട്ട് സംഘങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. കള്ളനോട്ട് സംഘത്തില്‍പെട്ട നീലേശ്വരം സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ കള്ളനോട്ട് സംഘത്തില്‍പെട്ട പലരും ഒളിവില്‍ പോവുകയും ചെയ്തു. […]

കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ കള്ളനോട്ട് മാഫിയാസംഘങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. കര്‍ശന നടപടികളെ തുടര്‍ന്ന് പത്തി താഴ്ത്തിയിരുന്ന കള്ളനോട്ട് സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വ്യാപിപ്പിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍. കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തതോടെ കാസര്‍കോട് ജില്ലയില്‍ വേരുറപ്പിച്ചിരിക്കുന്ന കള്ളനോട്ട് സംഘങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. കള്ളനോട്ട് സംഘത്തില്‍പെട്ട നീലേശ്വരം സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ കള്ളനോട്ട് സംഘത്തില്‍പെട്ട പലരും ഒളിവില്‍ പോവുകയും ചെയ്തു. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. രണ്ട് ജില്ലകളില്‍ കള്ളനോട്ട് മാഫിയകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമായതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം തന്നെയാണ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ കള്ളനോട്ട് ഇടപാടുകളെ പൊലീസ് അതീവ ഗൗരവത്തിലാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ യുവതി ചീമേനിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരി കൂടിയാണ്. ഈ യുവതി തന്റെ ബന്ധങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കള്ളനോട്ട് ശൃംഖല വ്യാപിപ്പിച്ചത്. യുവതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കള്ളനോട്ടുകള്‍ക്ക് പുറമെ നിരോധിത നോട്ടുകളും പൊലീസ് പിടികൂടിയിരുന്നു. പ്രിന്റര്‍ അടക്കമുള്ള സാധനങ്ങളും യുവതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കള്ളനോട്ടുകള്‍ അച്ചടിക്കുന്ന രഹസ്യകേന്ദ്രങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനും കള്ളനോട്ട് ഇടപാട് നടത്തുന്ന മുഴുവന്‍ സംഘങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊലീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന് കണ്ടുതന്നെ അറിയണം. കള്ളനോട്ട് സംഘങ്ങള്‍ക്ക് രാഷ്ട്രീയ സ്വാധീനവും ഭരണസ്വാധീനവുമുണ്ടെന്ന് ഇതിന് മുമ്പ് തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക് പോകാതെ തടയുന്ന സ്ഥിതിയുമുണ്ട്. പിന്നീട് ഇത്തരം കേസുകള്‍ എങ്ങുമെത്താതെ പോകുകയാണ് ചെയ്യുന്നത്. കള്ളനോട്ട് വിതരണത്തിലൂടെ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിതന്നെ സ്വീകരിക്കേണ്ടത് ആവശ്യമാണ്. കള്ളനോട്ട് വ്യാപകമായാല്‍ അത് വിപണനരംഗത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. യഥാര്‍ത്ഥ നോട്ടിനെ പോലും വെല്ലുന്ന വ്യാജനോട്ടുകള്‍ ഇറക്കുന്നതില്‍ ഇത്തരം സംഘങ്ങള്‍ മിടുക്കരാണ്. ഒറിജിനലോ വ്യാജനോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. തിരിച്ചറിയാന്‍ വൈകുന്നത് കള്ളനോട്ട് സംഘങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നു. കള്ളനോട്ട് വിതരണക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണം.

Related Articles
Next Story
Share it