കള്ളക്കടല്‍ പ്രതിഭാസത്തിനെതിരെ ജാഗ്രത വേണം

കാസര്‍കോട് ജില്ലയിലെ പല തീരദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ബേക്കലിലും തൃക്കണ്ണാട്ടുമാണ് ഈ പ്രതിഭാസം ഏറ്റവും രൂക്ഷമായ രീതിയില്‍ കാണുന്നത്. രണ്ടിടങ്ങളിലും അപ്രതീക്ഷിതമായ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയായിരുന്നു. രാവിലെയും വൈകുന്നേരവുമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ ഭാഗത്തുള്ള ഒമ്പതോളം കുടുംബങ്ങള്‍ ഇതോടെ ഏറെ ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്.കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് മുന്‍വശം സംസ്ഥാനപാതയുടെ 30 മീറ്റര്‍ അരികെ വരെ കടലെടുത്ത നിലയിലാണുള്ളത്. തൃക്കണ്ണാട്, ബേക്കല്‍ വിഷ്ണുമഠം പ്രദേശങ്ങളില്‍ 100 […]

കാസര്‍കോട് ജില്ലയിലെ പല തീരദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ബേക്കലിലും തൃക്കണ്ണാട്ടുമാണ് ഈ പ്രതിഭാസം ഏറ്റവും രൂക്ഷമായ രീതിയില്‍ കാണുന്നത്. രണ്ടിടങ്ങളിലും അപ്രതീക്ഷിതമായ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയായിരുന്നു. രാവിലെയും വൈകുന്നേരവുമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ ഭാഗത്തുള്ള ഒമ്പതോളം കുടുംബങ്ങള്‍ ഇതോടെ ഏറെ ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്.
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് മുന്‍വശം സംസ്ഥാനപാതയുടെ 30 മീറ്റര്‍ അരികെ വരെ കടലെടുത്ത നിലയിലാണുള്ളത്. തൃക്കണ്ണാട്, ബേക്കല്‍ വിഷ്ണുമഠം പ്രദേശങ്ങളില്‍ 100 മീറ്ററോളം വീതിയിലാണ് കടല്‍ കരയിലേക്ക് കയറിയിരിക്കുന്നത്. മഴക്കാലത്ത് തൃക്കണ്ണാട്, ബേക്കല്‍ ഭാഗങ്ങളില്‍ ശക്തമായ കടലാക്രമണങ്ങളുണ്ടാകാറുണ്ട്. മുമ്പുണ്ടായിരുന്ന കടല്‍ ഭിത്തി കടലാക്രമണത്തില്‍ തകര്‍ന്നുപോകുകയായിരുന്നു. ഇതുകാരണം തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ഈ ഭാഗത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്നത്. മഴക്കാലത്തെന്ന പോലെ വേനല്‍ക്കാലത്തും കടലേറ്റമുണ്ടാകുന്നത് തീരദേശ കുടുംബങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലേറ്റമുണ്ടായ ബേക്കല്‍, തൃക്കണ്ണാട് പ്രദേശത്ത് കടല്‍ ഭിത്തിക്കായി പുതിയ പദ്ധതി സമര്‍പ്പിക്കാന്‍ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നബാര്‍ഡ് സഹായത്തോടെ ഇവിടെ തീരസംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ 10 ദിവസത്തിനകം പദ്ധതി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്. ജില്ലയിലെ മറ്റ് തീരപ്രദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടുന്നുണ്ട്.
പൊതുവെ വറുതിയില്‍ കഴിയുന്നവരാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. കടലില്‍ ഇപ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞ സമയമാണ്. ചെറിയ മീനുകളാണ് ലഭ്യമാകുന്നത്. എങ്കിലും ഉള്ള മീനുകള്‍ കൊണ്ട് എങ്ങനെയും ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനുള്ള പെടാപ്പാടിലാണ് അവര്‍. മഴക്കാലത്ത് പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും കൊണ്ട് മത്സ്യബന്ധനത്തിന് ഏറെ വെല്ലുവിളി നേരിടുന്നുണ്ട്. ഇതിനിടയിലാണ് വേനല്‍ക്കാലത്തുപോലും മത്സ്യബന്ധനത്തിന് തടസമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്.
കള്ളക്കടല്‍ പ്രതിഭാസമുണ്ടാകുമ്പോള്‍ കടലിലിറങ്ങുന്നത് സുരക്ഷിതമല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ഏത് സമയത്താണ് ഈ പ്രതിഭാസമുണ്ടാകുകയെന്ന് പറയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ഏറെ സൂക്ഷിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ പര്യാപ്തമായ കടല്‍ ഭിത്തികള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യം തന്നെയാണ്.

Related Articles
Next Story
Share it