മാതൃകാപരമായ വോട്ടെടുപ്പ്

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ നടന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൊതുവെ സമാധാനപരമെന്നതിലുപരി മാതൃകാപരം കൂടിയായിരുന്നു. എടുത്തുപറയത്തക്ക അക്രമസംഭവങ്ങളൊന്നും സംസ്ഥാനത്ത് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ചിലയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെങ്കില്‍ പോലും മുന്‍കാല അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഏറെ ആശ്വാസത്തിന് വക നല്‍കുന്നതാണ്.അതേ സമയം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഒരു മണിക്കൂറും രണ്ട് മണിക്കൂറും ഒക്കെ വോട്ടെടുപ്പ് മുടങ്ങാന്‍ വരെ യന്ത്രത്തകരാറുകള്‍ ഇടവരുത്തിയിട്ടുണ്ട്. വരും തിരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഇത്തരം […]

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ നടന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൊതുവെ സമാധാനപരമെന്നതിലുപരി മാതൃകാപരം കൂടിയായിരുന്നു. എടുത്തുപറയത്തക്ക അക്രമസംഭവങ്ങളൊന്നും സംസ്ഥാനത്ത് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ചിലയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെങ്കില്‍ പോലും മുന്‍കാല അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഏറെ ആശ്വാസത്തിന് വക നല്‍കുന്നതാണ്.
അതേ സമയം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഒരു മണിക്കൂറും രണ്ട് മണിക്കൂറും ഒക്കെ വോട്ടെടുപ്പ് മുടങ്ങാന്‍ വരെ യന്ത്രത്തകരാറുകള്‍ ഇടവരുത്തിയിട്ടുണ്ട്. വരും തിരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഇത്തരം തടസങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കണം.
മുമ്പൊക്കെ കേരളത്തില്‍ ഏത് തിരഞ്ഞെടുപ്പ് നടന്നാലും അതിന്റെ അവസാനം അക്രമങ്ങളിലും സംഘര്‍ഷങ്ങളിലുമാണ് കലാശിക്കാറുള്ളത്. ബോംബേറും അക്രമവും ബൂത്ത് പിടുത്തങ്ങളുമെല്ലാം വ്യാപകമായിരുന്നു. ഇതിനെല്ലാം പുറമെ അതാത് പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളിലുള്ള ബൂത്തുകളില്‍ കള്ളവോട്ടും നടക്കാറുണ്ട്. അത്തരത്തിലുള്ള ജനാധിപത്യ ധ്വംസന പ്രവര്‍ത്തനങ്ങളൊന്നും ഇത്തവണ കേരളത്തിലുണ്ടായില്ല. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരളത്തിലെ പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ പൊലീസ് സേനയെ മാത്രമല്ല കേന്ദ്രസേനയെയും സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിരുന്നു. ബൂത്തുകളില്‍ സുരക്ഷ ഉറപ്പുവരുത്താനും നിരീക്ഷണം ശക്തമാക്കാനും പൊലീസും കേന്ദ്രസേനയും ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന്റെ പ്രയോജനം നമ്മുടെ നാടിന് ലഭിച്ചു.
പോളിംഗ് ആരംഭിച്ചതുമുതല്‍ അവസാനിക്കുന്നത് വരെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ കനത്ത പോളിംഗും രേഖപ്പെടുത്തി. കേരളത്തില്‍ ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമായി തന്നെ ജനങ്ങള്‍ ആഘോഷിച്ചുവെന്ന് പറയാം. നിര്‍ഭയത്തോടെ ഓരോ വോട്ടര്‍ക്കും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവകാശവും അവസരവും ഉണ്ടായെന്നത് ജനാധിപത്യത്തിന്റെ ശക്തി തന്നെയാണ്.
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നപ്പോള്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായ അക്രമങ്ങളും തീവെപ്പും കൊലപാതകങ്ങളും വരെ സംഭവിച്ചു. ബൂത്ത് പിടുത്തവും കള്ളവോട്ടും പരക്കെയുണ്ടായി. ഏജന്റുമാരെ മര്‍ദ്ദിച്ചും ഓടിച്ചും ഉദ്യോഗസ്ഥരെ അക്രമിച്ചും വരെ കള്ളവോട്ട് ചെയ്തു. കേരളത്തില്‍ മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിരുന്നെങ്കിലും സ്ഥിതി ആകെ മാറുന്നതിന്റെ ശുഭ സൂചനയാണ് കാണുന്നത്. കള്ളവോട്ട് തടയാന്‍ കേരളത്തിലെ ബൂത്തുകളില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ഈ രീതിയില്‍ തന്നെയാകട്ടെ നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന വരുംകാല തിരഞ്ഞെടുപ്പുകളും.

Related Articles
Next Story
Share it