കവര്‍ച്ചാപരമ്പരകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

കാസര്‍കോട് ജില്ലയിലെ കവര്‍ച്ചാപരമ്പരകള്‍ ജനങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളില്‍ കവര്‍ച്ചയും ഒരു കവര്‍ച്ചാശ്രമവും നടന്നു. ഉപ്പള പ്രതാപ് നഗറില്‍ വീട് കുത്തിത്തുറന്ന് നാലരപ്പവന്‍ സ്വര്‍ണ്ണവും 35,000 രൂപയും കവര്‍ച്ച ചെയ്ത സംഘം കവര്‍ച്ച തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തോക്ക് ചൂണ്ടി കടന്നുകളയുകയായിരുന്നു. പ്രവാസിയായ പ്രതാപ് നഗറിലെ ബദറുല്‍ മുനീറിന്റെ പൂട്ടിയിട്ട വീട്ടിലാണ് കവര്‍ച്ച നടന്നത്. ബദറുല്‍ മുനീറിന്റെ ഭാര്യ സമീപത്തെ […]

കാസര്‍കോട് ജില്ലയിലെ കവര്‍ച്ചാപരമ്പരകള്‍ ജനങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളില്‍ കവര്‍ച്ചയും ഒരു കവര്‍ച്ചാശ്രമവും നടന്നു. ഉപ്പള പ്രതാപ് നഗറില്‍ വീട് കുത്തിത്തുറന്ന് നാലരപ്പവന്‍ സ്വര്‍ണ്ണവും 35,000 രൂപയും കവര്‍ച്ച ചെയ്ത സംഘം കവര്‍ച്ച തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തോക്ക് ചൂണ്ടി കടന്നുകളയുകയായിരുന്നു. പ്രവാസിയായ പ്രതാപ് നഗറിലെ ബദറുല്‍ മുനീറിന്റെ പൂട്ടിയിട്ട വീട്ടിലാണ് കവര്‍ച്ച നടന്നത്. ബദറുല്‍ മുനീറിന്റെ ഭാര്യ സമീപത്തെ പിതാവിന്റെ വീട്ടില്‍ രാത്രി താമസിക്കുന്നതിനാല്‍ വീട് പൂട്ടി അവിടേക്ക് പോയതായിരുന്നു. ഈ സമയത്താണ് ആറംഗസംഘം കവര്‍ച്ചക്കെത്തിയത്. കവര്‍ച്ച ചെയ്യുന്നതിനുള്ള സാമഗ്രികള്‍ക്കുപുറമെ സംഘം തോക്ക് കൂടി കൈവശം വെച്ചത് ഏറെ ഭയാശങ്ക സൃഷ്ടിക്കുകയാണ്. വീട്ടില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അപായപ്പെടുത്താമെന്ന ഉദ്ദേശത്തോട് കൂടിയായിരിക്കണം തോക്ക് കൈവശം വെച്ചത്.
വീട്ടുമുറ്റത്ത് അപരിചിതരുടെ ബൈക്കുകള്‍ കണ്ട് സംശയം തോന്നി മുനീറിന്റെ ബന്ധുവായ യുവാവ് അങ്ങോട്ട് വന്ന് കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയാണ് സംഘം മര്‍ദ്ദിക്കുകയും തോക്ക് ചൂണ്ടിയ ശേഷം ബൈക്കില്‍ സ്ഥലം വിടുകയും ചെയ്തത്. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാത്രിയില്‍ വീടുകളില്‍ തനിച്ച് താമസിക്കുന്നവരെ ലക്ഷ്യമിട്ട് കവര്‍ച്ചാസംഘം രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പെരിയ ആയമ്പാറയിലെ സുബൈദ എന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവവും ചീമേനിയിലെ റിട്ട. അധ്യാപികയായിരുന്ന ജാനകിയെ കഴുത്തറുത്ത് കൊന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവവും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മകളാണ്. വീടുകളില്‍ ഒറ്റയ്ക്കും അല്ലാതെയും താമസിക്കുന്നവരെ ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഭവങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഉപ്പള പ്രതാപ് നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ദിവസം തന്നെയാണ് തൃക്കരിപ്പൂര്‍ പരുത്തിച്ചാലിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നത്. ബദിയടുക്കയില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഏഴുപവന്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചതും മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിന്റെ മുറികളുടെ വാതില്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയതും ഇതേ ദിവസം രാത്രിയിലാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജില്ലയുടെ പല ഭാഗങ്ങളിലായി തുടര്‍ച്ചയായി ചെറുതും വലുതുമായ മോഷണങ്ങള്‍ നടക്കുന്നു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഡി.വൈ.എസ്.പിമാരും ഇന്‍സ്പെക്ടര്‍മാരും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് നിയോഗിച്ചതിനാല്‍ പൊലീസിന്റെ ശ്രദ്ധ നാട്ടിലെ ക്രമസമാധാനപ്രശ്‌നങ്ങളിലേക്ക് പതിയില്ലെന്ന് മനസ്സിലാക്കിയാണ് കവര്‍ച്ചക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പുതിയ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ ഇവിടത്തെ രീതികളെക്കുറിച്ച് മനസ്സിലാക്കി വരുന്നതേയുള്ളൂ.
സ്വര്‍ണ്ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വീടുകളില്‍ ഉള്ളവര്‍ ഇത് സംരക്ഷിക്കേണ്ട ബാധ്യത സ്വയം ഏറ്റെടുക്കുക മാത്രമേ തല്‍ക്കാലം നിര്‍വ്വാഹമുള്ളൂ. വയോധികരടക്കം വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യവും ഉണ്ടാകരുത്. കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം.

Related Articles
Next Story
Share it