റേഷന്‍ വിതരണം ഇ-പോസ് സംവിധാനത്തിലേക്ക് മാറ്റിയതിന് ശേഷം പലപ്പോഴായി വിതരണം അവതാളത്തിലാവുന്ന സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍വ്വര്‍ തകരാറ് മൂലമാണ് ഇ-പോസ് സംവിധാനം തകരാറിലാവുന്നത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ ഓണത്തിന് അനുവദിച്ച ഭക്ഷ്യധാന്യവും സര്‍ക്കാര്‍ വകയുള്ള കിറ്റും വാങ്ങുന്നതിന് റേഷന്‍ കടകളില്‍ എത്തിയ പലര്‍ക്കും പഴയത് പോലെ മാന്വലായി റേഷന്‍ നല്‍കുകയാണ് ചെയ്തത്. ഇത് വലിയ അഴിമതി വരുത്തിവെച്ചുവെന്ന ആരോപണവും ഉണ്ടായി. പല സ്ഥലങ്ങളിലും ഭക്ഷ്യധാന്യം കരിഞ്ചന്തയിലേക്ക് എത്തിയതായാണ് പരാതി ഉയര്‍ന്നത്. മാന്വല്‍ വഴി റേഷന്‍ വിതരണം ചെയ്തപ്പോള്‍ റേഷന്‍ വാങ്ങുന്ന പലരുടെയും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതായി രേഖയില്‍ കാണിച്ച് മറിച്ച് വില്‍ക്കുകയായിരുന്നുവത്രെ. റേഷന്‍ കട തുറക്കാത്ത ഞായറാഴ്ച ദിവസം പോലും റേഷന്‍ വാങ്ങിയതായാണത്രെ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയത്. റേഷന്‍ വിതരണത്തില്‍ അഴിമതി നടത്തുന്നത് കൊണ്ടാണ് വിതരണം മുഴുവന്‍ ഇ-പോസ് സംവിധാനത്തിലേക്ക് മാറ്റിയത്. സര്‍വ്വര്‍ തകരാറിന്റെ പേരില്‍ അഴിമതി നടത്താനുള്ള നീക്കം അനുവദിക്കരുത്. കൊറോണ വന്നതിന് ശേഷം റേഷന്‍ കടകളില്‍ നിന്ന് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ 10 കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരു കുടുംബത്തിന് 10 കിലോ വീതം അരി 15 രൂപക്ക് നല്‍കി വരുന്നുണ്ട്. അതിനിടയിലാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പലവ്യജ്ഞനങ്ങളടങ്ങിയ കിറ്റ് നല്‍കിയത്. കേന്ദ്ര സര്‍ക്കാറിന്റെ വക കടലയും പയറും അരിയുമൊക്കെ വിതരണം ചെയ്തതും റേഷന്‍ കടകള്‍ വഴി തന്നെ. ഇതിനിടയിലൊക്കെ പലപ്പോഴും സര്‍വ്വര്‍ തകരാറ് മൂലം ഉപഭോക്താക്കള്‍ റേഷന്‍ കടയിലെത്തി മടങ്ങേണ്ടി വരുന്ന സ്ഥിതി പലപ്പോഴും ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന സംവിധാനമെന്ന നിലയില്‍ ഇ-പോസ് സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ശ്രദ്ധ വേണം. സര്‍വ്വര്‍ തകരാറായാല്‍ ഒന്നോ രണ്ടോ റേഷന്‍ കടയില്‍ മാത്രമല്ല. സംസ്ഥാനത്തെ എല്ലായിടത്തും അത് ബാധിക്കും. ഈയിടെ രണ്ടാഴ്ചയോളമാണ് സര്‍വ്വര്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് റേഷന്‍ കടയിലെ ഇ-പോസ് മെഷീനില്‍ ബയോമെട്രിക് ഒഴിവാക്കി റേഷന്‍ കാര്‍ഡ് ഉടമയുടെ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ്(ഒ.ടി.പി) അയച്ചാണ് റേഷന്‍ വിതരണം നടത്തിയത്. കൊറോണ പടരുന്നതിനിടെ ബയോമെട്രിക് സംവിധാനം കുറച്ച് കാലം ഒഴിവാക്കിയിരുന്നു. റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ കടയുടമ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുമ്പോഴാണ് ഒ.ടി.പി ലഭിക്കേണ്ടത്. എന്നാല്‍ പല കാര്‍ഡ് ഉടമകള്‍ക്കും മണിക്കൂറുകളോളം ഫോണില്‍ കണ്ണും നട്ടിരുന്നിട്ടും ഇത് ലഭിക്കുന്നില്ല. ഏഴ് വര്‍ഷം മുമ്പ് റേഷന്‍ കാര്‍ഡിലെ വിവരശേഖരണത്തിന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറാണ് ഇപോസ് മെഷീനിന്റെ സംവിധാനത്തിലുള്ളത്. ഭൂരിഭാഗം പേരും ഈ ഫോണ്‍ നമ്പര്‍ ഒഴിവാക്കിയിട്ടുണ്ടാവണം. ഇതിനിടെ പുതിയ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തു നല്‍കിയവര്‍ക്കും ഒ.ടി.പി ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് കടയുടമകള്‍ പറയുന്നു. നിലവില്‍ 87.48 ലക്ഷം കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഒരു പക്ഷെ മറ്റേതൊരു സംസ്ഥാനത്തും ഇത്രയും വ്യാപകമായ രീതിയിലുള്ള ഒരു പൊതുവിതരണ സമ്പ്രദായം ഉണ്ടാവാനിടയില്ല. അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിലുള്ള ഒരു വിതരണ സംവിധാനം ഉണ്ടാവണം. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് പോകുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇ-പോസ് സംവിധാനം കൊണ്ടു വന്നത്. ഇത് കുറ്റമറ്റതാണെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ ഇടക്കിടെയുണ്ടാകുന്ന സര്‍വ്വര്‍ തകരാണ് പ്രശ്‌നമാകുന്നത്. ഇത് ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്.