റിയാസ് മൗലവി വധക്കേസും നീതി നിഷേധവും

കാസര്‍കോട് പഴയചൂരിയില്‍ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി നിയമവൃത്തങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്. ഈ കേസില്‍ ശാസ്ത്രീയവും ശക്തവുമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും വിധി വരുന്നതിന് മുമ്പ് തന്നെ പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയാണുണ്ടായത്. റിയാസ് മൗലവിയുടെ […]

കാസര്‍കോട് പഴയചൂരിയില്‍ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി നിയമവൃത്തങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്. ഈ കേസില്‍ ശാസ്ത്രീയവും ശക്തവുമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും വിധി വരുന്നതിന് മുമ്പ് തന്നെ പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയാണുണ്ടായത്. റിയാസ് മൗലവിയുടെ കുടുംബത്തെ മാത്രമല്ല, പൊതുമനസാക്ഷിയെ ആകമാനം ഉലയ്ക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്ത വിധിയായിരുന്നു ഇത്. കേസില്‍ ദൃക്സാക്ഷികളില്ലെന്നും അറസ്റ്റ് ചെയ്ത പ്രതികളാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പഴുതുകള്‍ അടച്ചുകൊണ്ട് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും റിയാസ് മൗലവി വധക്കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് കോടതിയുടെ വിധിന്യായത്തില്‍ പറയുന്നത്. റിയാസ് മൗലവി താമസിച്ച മുറിയിലുണ്ടായിരുന്ന സ്വിമ്മും മെമ്മറികാര്‍ഡും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വിധേയമാക്കാതിരുന്നത് വലിയ വീഴ്ചയാണെന്നും അന്വേഷണത്തിന്റെ നിര്‍ണ്ണായക തെളിവായ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചിരുന്നെങ്കിലും ഫോറന്‍സിക് തെളിവുകള്‍ കൈകാര്യം ചെയ്യുന്നതിലടക്കം ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചതെന്നും വിധിന്യായത്തില്‍ വിശദീകരിക്കുന്നു. പ്രതികളുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണം ഏകപക്ഷീയമായിരുന്നുവെന്നും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ശക്തമായ തെളിവുകള്‍ തന്നെ പൊലീസ് ഹാജരാക്കിയിരുന്നുവെന്നും പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ആശങ്കകള്‍ ഏറെയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പടാന്‍ ഇടവരുത്തുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആശ്വസിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. സാമുദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും ആ ഒരു ഗൗരവത്തിലല്ല തെളിവുശേഖരണം നടത്തിയതെന്ന് പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായി മാറുകയാണ്. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിലവിലെ അപര്യാപ്തമായ തെളിവുകള്‍ വെച്ചാണ് ഇനി ഹൈക്കോടതിയിലും വാദം നടക്കുക. അതുകൊണ്ട് കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. തുടര്‍ നടപടികള്‍ ആ രീതിയില്‍ തന്നെ മുന്നോട്ടുപോകണം.

Related Articles
Next Story
Share it