മരണം വിതയ്ക്കുന്ന ടിപ്പറുകള്‍

മരണം വിതച്ചുകൊണ്ടുള്ള ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അനന്തു മരണപ്പെട്ട സംഭവം വ്യാപകമായ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു.യാതൊരു സുരക്ഷയും ഏര്‍പ്പെടുത്താതെ ടിപ്പര്‍ ലോറിയില്‍ കരിങ്കല്ലുകള്‍ കയറ്റി അലക്ഷ്യമായി കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. […]

മരണം വിതച്ചുകൊണ്ടുള്ള ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അനന്തു മരണപ്പെട്ട സംഭവം വ്യാപകമായ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു.
യാതൊരു സുരക്ഷയും ഏര്‍പ്പെടുത്താതെ ടിപ്പര്‍ ലോറിയില്‍ കരിങ്കല്ലുകള്‍ കയറ്റി അലക്ഷ്യമായി കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഈ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചില്‍ കവര്‍ന്നെടുത്തത്. ഈ സംഭവത്തിന്റെ നടുക്കവും വേദനയും നിലനില്‍ക്കെയാണ് മറ്റൊരു ടിപ്പര്‍ ലോറിയും മനുഷ്യജീവന്‍ അപഹരിക്കാന്‍ കാരണമായിതീര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം പനവിള ജംഗ്ഷനില്‍ സിഗ്‌നലില്‍ നിന്ന് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപകനായ സുധീറിന് ദാരുണമരണം സംഭവിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സുധീറിന്റെ തലയിലൂടെ ടിപ്പര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു.
സംസ്ഥാനത്തെ പല ഭാഗങ്ങളിലും ടിപ്പര്‍ലോറികളുടെ അമിതവേഗത കാരണമുള്ള അപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുവരികയാണ്. മണ്ണും കല്ലും മണലും ഒക്കെ കയറ്റിപ്പോകുന്ന ലോറികളാണ് മരണപ്പാച്ചില്‍ നടത്തുന്നത്. കൂടുതല്‍ ട്രിപ്പടിച്ചാല്‍ അധികം പണം ലഭിക്കുമെന്നതിനാലാണ് ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. ഇത്തരം സമയങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുമെന്നോ, കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്നോ ടിപ്പറുകള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കാറില്ല. എത്രയും വേഗം ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ ലോറികള്‍ പരമാവധി വേഗത്തില്‍ പോകുകയാണ്. വീതി കുറഞ്ഞ ഗ്രാമീണ റോഡുകളില്‍ പോലും ടിപ്പറുകള്‍ കുതിച്ചുപായുന്നത് പതിവ് കാഴ്ചയാണ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ പോകുകയും വരികയും ചെയ്യുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ഓടിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. രാവിലെയും വൈകുന്നേരങ്ങളിലും ടിപ്പറുകള്‍ തലങ്ങും വിലങ്ങും ഓടുന്നത് കാണാം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുപ്പുള്ളതിനാല്‍ നിരത്തുകളില്‍ ടിപ്പര്‍ലോറികള്‍ സജീവമാണ്. വേഗത നിയന്ത്രിച്ച് ജാഗ്രതയോടെ ഓടിച്ചാല്‍ ടിപ്പറുകള്‍ അപകടങ്ങള്‍ വരുത്തില്ല. എന്നാല്‍ ചില ഡ്രൈവര്‍മാര്‍ ഇക്കാര്യത്തില്‍ നിയമം അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. അനധികൃത ക്വാറികളില്‍ നിന്നുള്‍പ്പെടെ അമിതമായ ഭാരം കയറ്റി യാതൊരു നിയമവും അനുസരിക്കാതെയാണ് പല ടിപ്പറുകളും ഓടുന്നത്. എന്നിട്ടുപോലും ബന്ധപ്പെട്ടവര്‍ പരിശോധന നടത്താനും നടപടികള്‍ സ്വീകരിക്കാനും തയ്യാറാകുന്നില്ല. ടിപ്പര്‍ ലോറികളുടെ വേഗത നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലുണ്ടാകണം.

Related Articles
Next Story
Share it