തൊഴില്‍ നഷ്ടമായ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം വൈകരുത്

ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമൂലം തൊഴില്‍ നഷ്ടമായ കാസര്‍കോട് ജില്ലയിലെ ആയിരത്തിലേറെ വ്യാപാരികള്‍ ഇന്ന് കണ്ണീര്‍ക്കയത്തിലാണ്. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ പ്രയാസമനുഭവിക്കുന്നു. വ്യാപാര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിച്ചിരുന്ന പല കെട്ടിടങ്ങളും ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിട ഉടമകള്‍ക്കും സ്ഥല ഉടമകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ പൊളിച്ചുനീക്കപ്പെട്ട കെട്ടിടങ്ങളില്‍ വാടക നല്‍കി പ്രവര്‍ത്തിച്ചിരുന്ന ആയിരത്തിലേറെ വ്യാപാരികള്‍ നഷ്ടപരിഹാരം ലഭിക്കാതെ വഴിയാധാരമായിരിക്കുകയാണ്. അപേക്ഷ നല്‍കിയ വ്യാപാരി […]

ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമൂലം തൊഴില്‍ നഷ്ടമായ കാസര്‍കോട് ജില്ലയിലെ ആയിരത്തിലേറെ വ്യാപാരികള്‍ ഇന്ന് കണ്ണീര്‍ക്കയത്തിലാണ്. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ പ്രയാസമനുഭവിക്കുന്നു. വ്യാപാര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിച്ചിരുന്ന പല കെട്ടിടങ്ങളും ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിട ഉടമകള്‍ക്കും സ്ഥല ഉടമകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ പൊളിച്ചുനീക്കപ്പെട്ട കെട്ടിടങ്ങളില്‍ വാടക നല്‍കി പ്രവര്‍ത്തിച്ചിരുന്ന ആയിരത്തിലേറെ വ്യാപാരികള്‍ നഷ്ടപരിഹാരം ലഭിക്കാതെ വഴിയാധാരമായിരിക്കുകയാണ്. അപേക്ഷ നല്‍കിയ വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ അംഗങ്ങള്‍ക്കാണ് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടിരിക്കുന്നത്. സംഘടനയില്‍ ഉള്‍പ്പെടാത്ത ഒട്ടനവധി പേര്‍ വേറെയുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 75,000 രൂപ ജില്ലയിലെ ചിലയിടങ്ങളില്‍ വ്യാപാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം വ്യാപാരികള്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. തലപ്പാടി മുതല്‍ കാലിക്കടവ് വരെ നിരവധി വ്യാപാരികളാണ് കെട്ടിടം ഒഴിയേണ്ടിവന്നതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നത്.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇവര്‍ ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ആശ്വാസധനമായി രണ്ടുലക്ഷത്തിലേറെ രൂപ നല്‍കുമെന്ന് എട്ടുവര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വര്‍ഷങ്ങളേറെ കടന്നുപോയിട്ടും ഈ വിഷയത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തതോടെ കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായിത്തീരുകയായിരുന്നു. ഉപജീവനമാര്‍ഗം നഷ്ടമായതോടെ ഇവരുടെ കുടുംബം പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. പലരും കടക്കെണിയിലുമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഇവരുടെ കണ്ണീരുകാണാന്‍ ആരുമില്ലെന്നതാണ് അവസ്ഥ. പ്രശ്നത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ടിരിക്കുകയാണ്. ദേശീയപാത വികസനത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്തതുകാരണം തൊഴില്‍ നഷ്ടമായ വ്യാപാരികളെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കലക്ടര്‍ മനുഷ്യാവകാശകമ്മീഷനെ അറിയിച്ചിരിക്കുന്നത്. ദേശീയപാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് മൂലം തൊഴിലും സ്ഥാപനവും നഷ്ടപ്പെടുന്നവര്‍ക്കാണ് നഷ്ടപരിഹാരം അനുവദിക്കുന്നതെന്ന് കലക്ടര്‍ പറയുന്നു. വാടകക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ദേശീയപാത വികസനം കാരണം തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സാങ്കേതികത്വം പറഞ്ഞ് ഈ വിഭാഗത്തെ കഴിയുന്നതും നീതീകരിക്കാനാകാത്തതാണ്. ഇവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. വിലക്കയറ്റത്തിന്റെ രൂക്ഷത കാരണം ജീവിതച്ചിലവുകള്‍ വര്‍ധിച്ചതോടെ ദുരിതത്തിലായ ജനവിഭാഗങ്ങളില്‍ തൊഴില്‍ നഷ്ടമായ വ്യാപാരികളുമുണ്ട്. ഇവരെ കൂടിചേര്‍ത്തുപിടിക്കുകയെന്നത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്വമാണ്.

Related Articles
Next Story
Share it