വേണം എല്ലായിടങ്ങളിലും<br>ജാഗ്രത

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിയുടെ വലയിലകപ്പെടുത്താന്‍ ഇറങ്ങിയ മാഫിയാസംഘങ്ങള്‍ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍, ഇടവഴികള്‍, കെട്ടിടമറവുകള്‍ തുടങ്ങി ഇത്തരം സംഘങ്ങള്‍ താവളമുറപ്പിക്കുന്ന ഇടങ്ങള്‍ വര്‍ധിക്കുകയാണ്. കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങളുടെ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും വിദ്യാര്‍ത്ഥികളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുന്നുണ്ട്. പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മയക്കുമരുന്ന് […]

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിയുടെ വലയിലകപ്പെടുത്താന്‍ ഇറങ്ങിയ മാഫിയാസംഘങ്ങള്‍ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍, ഇടവഴികള്‍, കെട്ടിടമറവുകള്‍ തുടങ്ങി ഇത്തരം സംഘങ്ങള്‍ താവളമുറപ്പിക്കുന്ന ഇടങ്ങള്‍ വര്‍ധിക്കുകയാണ്. കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങളുടെ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും വിദ്യാര്‍ത്ഥികളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുന്നുണ്ട്. പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ ചിലരെങ്കിലും പിടിയിലാകുന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് വില്‍പ്പന പൊടിപൊടിക്കുന്നവര്‍ ഇതിലും കൂടുതലായിരിക്കും. കാസര്‍കോട് ജില്ലയില്‍ മയക്കുമരുന്ന് പിടികൂടാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയാം. ഇവരുടെ സ്വാധീനം ജില്ലയില്‍ അത്രക്കും വ്യാപിച്ചുകിടക്കുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന കഞ്ചാവ് വില്‍പ്പനക്കാരെയും മയക്കുമരുന്ന് സംഘങ്ങളെയും പിടികൂടുന്നതിനായി കാസര്‍കോട് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ക്ക് തന്നെ രൂപം നല്‍കിയിട്ടുണ്ട്. ക്ലീന്‍ കാസര്‍കോട് എന്ന പേരിലുള്ള ഓപ്പറേഷനിലൂടെ ജില്ലയിലെ എല്ലാഭാഗത്തും ശക്തമായ പരിശോധന തുടരുകയും മാഫിയാസംഘത്തിലെ നിരവധി പേര്‍ പിടിയിലാവുകയും ചെയ്യുന്നുണ്ട്. പൊലീസിന്റെ കണ്ണില്‍പ്പെടാതെ കുറുക്കുവഴികളിലൂടെ ലഹരിവില്‍പ്പന നടത്തുന്നതിലായിരിക്കും സംഘങ്ങള്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെയുള്ള നടപടി പൊലീസിന്റെ മാത്രം ഉത്തരവാദിത്വമായി കാണരുത്. അധ്യാപകരും രക്ഷിതാക്കളും അടക്കമുള്ള പൊതുസമൂഹം ലഹരിമാഫിയക്കെതിരെ തങ്ങളാലാവുന്ന വിധം പ്രവര്‍ത്തിക്കണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും സാമുദായിക സംഘടനകള്‍ക്കുമൊക്കെ ഈ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ സാധിക്കും. പടന്നക്കാട് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി മയക്കുമരുന്ന് വിപണനം നടത്തുന്നവരും ഉപയോഗിക്കുന്നവരും മഹല്ല് പരിധിയില്‍ ഉണ്ടെങ്കില്‍ അവരെ ജമാഅത്തിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും വിവാഹകാര്യത്തില്‍ പിന്തുണ നല്‍കുന്നതുള്‍പ്പെടെ നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തികച്ചും മാതൃകാപരമായ നടപടിയാണ്. ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ ലഹരിമാഫിയകളെ പ്രതിരോധിക്കുന്നതിനും ആളുകളെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജാതിമതരാഷ്ട്രീയ ഭേദമന്യേ ലഹരിമാഫിയക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇനിയും വൈകിയാല്‍ പുതുതലമുറ മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായി നാശത്തിലേക്ക് നീങ്ങും. ജാഗ്രതയും നടപടികളും ബോധവല്‍ക്കരണവും സജീവമാക്കിയാല്‍ സമൂഹത്തിന്റെയും നാടിന്റെയും ശത്രുക്കളായ ലഹരിമാഫിയകളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

Related Articles
Next Story
Share it