കുടിശ്ശിക തീര്‍ത്ത് റേഷന്‍ വിതരണപ്രതിസന്ധി നീക്കണം

സംസ്ഥാനത്തെ റേഷന്‍ വിതരണം കടുത്ത പ്രതിസന്ധിയിലാണ്. റേഷന്‍ വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതാണ് റേഷന്‍ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. വിതരണ കരാറുകാര്‍ക്ക സപ്ലൈകോ കോടികളുടെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഓഡിറ്റിങ്ങ് കഴിഞ്ഞ് നല്‍കാനായി നീക്കിവെച്ചിരിക്കുന്ന 10 ശതമാനം തുക ഏഴുമാസമായി ലഭിക്കാതായതോടെയാണ് കരാറുകാര്‍ സമരത്തിനിറങ്ങിയത്. കുടിശ്ശിക ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് റേഷന്‍ വിതരണ കരാറുകാര്‍. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ റേഷന്‍ ഉപഭോക്താക്കളെയും സമരം പ്രതികൂലമായി […]

സംസ്ഥാനത്തെ റേഷന്‍ വിതരണം കടുത്ത പ്രതിസന്ധിയിലാണ്. റേഷന്‍ വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതാണ് റേഷന്‍ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. വിതരണ കരാറുകാര്‍ക്ക സപ്ലൈകോ കോടികളുടെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഓഡിറ്റിങ്ങ് കഴിഞ്ഞ് നല്‍കാനായി നീക്കിവെച്ചിരിക്കുന്ന 10 ശതമാനം തുക ഏഴുമാസമായി ലഭിക്കാതായതോടെയാണ് കരാറുകാര്‍ സമരത്തിനിറങ്ങിയത്. കുടിശ്ശിക ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് റേഷന്‍ വിതരണ കരാറുകാര്‍. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ റേഷന്‍ ഉപഭോക്താക്കളെയും സമരം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ നാല് താലൂക്കുകളിലായി 373 റേഷന്‍ കടകളാണുള്ളത്. സമരം തുടരുന്നതിനാല്‍ ആവശ്യത്തിന് ഭക്ഷ്യസാധനങ്ങള്‍ റേഷന്‍ കടകളില്‍ സ്റ്റോക്കില്ല. റേഷന്‍ കടകളില്‍ ഏതാനും ദിവസത്തേക്കുള്ള സാധനങ്ങള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. സമരം ആരംഭിച്ചതോടെ രണ്ടാഴ്ചയോളമായി റേഷന്‍ കടകളില്‍ വിതരണം നിലച്ചിരിക്കുകയാണ്. സപ്ലൈകോ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതിന്റെ കമ്മീഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാര്‍ പണിമുടക്കുകയായിരുന്നു. ഡിസംബര്‍ മാസം മുതലുള്ള കമ്മീഷനാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. സമരം ശക്തമായി തുടരുന്നതിനാല്‍ നീലേശ്വരം എഫ്.സി.ഐ, സപ്ലൈകോ എന്‍.എഫ്.എസ്.എ ഗോഡൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞമാസം റേഷന്‍ കടകളിലേക്ക് മാര്‍ച്ച് മാസത്തേക്കുള്ള 50 ശതമാനം റേഷന്‍ സാധനങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിലെ പല റേഷന്‍ കടകളിലും വിതരണം മുടങ്ങിക്കഴിഞ്ഞു. 17ന് വെള്ള-നീല കാര്‍ഡുടമകള്‍ക്കുള്ള വിതരണം പൂര്‍ണ്ണമായും മുടങ്ങുമെന്നാണ് അറിയുന്നത്. എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുടമകള്‍ക്ക് മാത്രമാണ് മാര്‍ച്ച് അവസാനം വരെ നല്‍കാനുള്ള റേഷന്‍ സാധനങ്ങളുള്ളത്. റേഷന്‍ വിതരണകരാറുകാരുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കുക എന്നത് മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം. റേഷന്‍ വ്യാപാരികള്‍ക്ക് രണ്ടുമാസത്തെ വേതനം ലഭിക്കാനുള്ളതിനാല്‍ അവരും അതൃപ്തിയിലാണ്. റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ റേഷനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് നിര്‍ധന കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാകും. വിലക്കയറ്റത്തിന്റെ കെടുതികളില്‍ വലയുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് റേഷന്‍ സംവിധാനം വലിയ ആശ്വാസമാണ്. ഇ പോസ് സംവിധാനത്തിലെ പിഴവുകള്‍ അടക്കമുള്ള പ്രശ്നം കാരണം റേഷന്‍ വിതരണം പൊതുവെ തടസപ്പെടുന്ന സ്ഥിതിയുണ്ട്. റേഷന്‍ വിതരണത്തെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും അടിയന്തിരമായി പരിഹാരം കാണണം.

Related Articles
Next Story
Share it