കോളേജ് ഹോസ്റ്റലുകളിലെ ദുരൂഹമരണങ്ങള്‍

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ സംസ്ഥാനത്തെ മറ്റ് ചില കോളേജുകളിലെ ഹോസ്റ്റലുകളില്‍ നടന്ന ദുരൂഹമരണങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുമ്പോള്‍ സത്യാവസ്ഥ കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുമ്പ് ചില കോളേജ് ഹോസ്റ്റലുകളില്‍ നടന്ന ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ […]

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ സംസ്ഥാനത്തെ മറ്റ് ചില കോളേജുകളിലെ ഹോസ്റ്റലുകളില്‍ നടന്ന ദുരൂഹമരണങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുമ്പോള്‍ സത്യാവസ്ഥ കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുമ്പ് ചില കോളേജ് ഹോസ്റ്റലുകളില്‍ നടന്ന ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ തോട്ടട എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ അശ്വന്ത് എന്ന വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതോടെ ഈ വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹത വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. അശ്വന്തിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടുവെന്നാണ് കോളേജ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്. ബന്ധുക്കള്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ മൃതദേഹം അഴിച്ചുകിടത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ വരെ പൂര്‍ത്തിയാക്കിയിരുന്നു. ബന്ധുക്കള്‍ എത്തും മുമ്പെ തിടുക്കത്തില്‍ അശ്വന്തിന്റെ മൃതദേഹം താഴെയിറക്കിയതില്‍ അന്ന് തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല. സിദ്ധാര്‍ത്ഥന്റെ മരണവുമായി അശ്വന്തിന്റെ മരണത്തിലും ചില സാമ്യതകളുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അശ്വന്തിന്റെ മരണത്തിന് മുമ്പ് കോളേജ് ഹോസ്റ്റലില്‍ അസ്വാഭാവികമായ ചില സംഭവങ്ങള്‍ നടന്നതായി രക്ഷിതാക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്നാണ് കുടുംബം പറയുന്നത്. മൂന്ന് ദിവസം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനമുറകള്‍ക്കും ഇരയായാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടത്. സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നും ഇത് ആത്മഹത്യല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്താനാകും. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ മരണം ആത്മഹത്യയെന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കാണ് കേസ്. അശ്വന്തിന്റെ മരണവും ആത്മഹത്യയെന്ന രീതിയിലായിരുന്നു അന്വേഷിച്ചിരുന്നത്. അശ്വന്ത് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ സ്വാതിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഈ സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ഇതിന് മുമ്പ് മറ്റ് പല കോളേജ് ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ തൂങ്ങിമരിച്ച സംഭവമുണ്ടായെങ്കലും ഇതേക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും നടന്നില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഇത്തരം കേസുകളില്‍ പുനരന്വേഷണം നടത്തി ഉത്തരവാദികളുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോളേജ് ഹോസ്റ്റലുകളില്‍ ദുരൂഹമരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി ആവശ്യമാണ്.

Related Articles
Next Story
Share it