ഇത് നീതിന്യായ വ്യവസ്ഥക്ക് കളങ്കം

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രവും അനുബന്ധരേഖകളും കോടതിയില്‍ നിന്ന് കാണാതായെന്ന വിവരം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവതരവുമാണ്. മനുഷ്യമനസ്സാക്ഷിയെ നടുക്കത്തിലാഴ്ത്തുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു അഭിമന്യുവിന്റെ കൊലപാതകം. കേരളക്കരയെ ഈ ദാരുണസംഭവം കണ്ണീരണിയിച്ചിരുന്നു. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് കേസിന്റെ സുപ്രധാന രേഖകളെല്ലാം കോടതിയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. അഭിമന്യു വധക്കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണസംഘം ഈ കേസില്‍ വലിയ താല്‍പ്പര്യമെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലയ്ക്ക് സുപ്രധാന […]

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രവും അനുബന്ധരേഖകളും കോടതിയില്‍ നിന്ന് കാണാതായെന്ന വിവരം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവതരവുമാണ്. മനുഷ്യമനസ്സാക്ഷിയെ നടുക്കത്തിലാഴ്ത്തുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു അഭിമന്യുവിന്റെ കൊലപാതകം. കേരളക്കരയെ ഈ ദാരുണസംഭവം കണ്ണീരണിയിച്ചിരുന്നു. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് കേസിന്റെ സുപ്രധാന രേഖകളെല്ലാം കോടതിയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. അഭിമന്യു വധക്കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണസംഘം ഈ കേസില്‍ വലിയ താല്‍പ്പര്യമെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലയ്ക്ക് സുപ്രധാന തെളിവായ കത്തി ഇതുവരെയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ ആരംഭിക്കാന്‍ തന്നെ ഏറെ വൈകിയിരിക്കുകയാണ്. അതിനിടയിലാണ് കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്നും കാണാതായിരിക്കുന്നത്. ഇത്രയും പ്രമാദമായ ഒരു കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്നും കാണാതായത് എങ്ങനെയെന്ന ചോദ്യമാണ് സമൂഹ മനഃസാക്ഷി അധികാര കേന്ദ്രങ്ങളോടും ഇവിടത്തെ നിയമവ്യവസ്ഥയോടും ഉയര്‍ത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഫയലുകളും രേഖകളും കാണാതാകുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എത്ര ചെറിയ കേസിന്റെ രേഖകളായാല്‍ പോലും കോടതിയില്‍ അത് സുരക്ഷിതമാണെന്നും അവിടെ നിന്ന് ആര്‍ക്കുമത് കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നുമാണ് പൊതുസമൂഹം കരുതിയിരുന്നത്. അത് ജുഡീഷ്യറിയോട് ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ കാര്യം കൂടിയായിരുന്നു. എന്നാല്‍ കേസ് രേഖകള്‍ കോടതിയില്‍ നിന്ന് കടത്താന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇത് അഭിമന്യു വധക്കേസില്‍ മാത്രമല്ല മറ്റ് കേസുകളുടെ കാര്യത്തില്‍ പോലും ആശങ്കയുളവാക്കുന്ന കാര്യമാണ്. കോടതിയില്‍ കേസ് രേഖകള്‍ സൂക്ഷിക്കുന്നതിന് ചുമതലയുള്ള ജീവനക്കാരുണ്ട്. ഇവര്‍ സ്ഥലം മാറിപ്പോകുമ്പോള്‍ മറ്റ് ജീവനക്കാരെ ഏല്‍പ്പിക്കും. അപ്പോള്‍ ജീവനക്കാര്‍ അറിയാതെ കേസ് രേഖകള്‍ കാണാതാകില്ലെന്ന കാര്യം ഉറപ്പാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എല്ലായിടത്തും അരിച്ചുപെറുക്കിയിട്ടും രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറയുമ്പോള്‍ ഇത് ആരോ കടത്തിക്കൊണ്ടുപോയി എന്ന് വേണം സംശയിക്കാന്‍. എങ്കില്‍ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കോടതി ജീവനക്കാര്‍ ഇത്തരമൊരു നടപടിക്ക് ഒത്താശ നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഇതിന് സമാധാനം പറയേണ്ടിവരും. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്. കേസ് ഫയലുകള്‍ കോടതികളില്‍ പോലും സുരക്ഷിതമല്ലെങ്കില്‍ അത് നീതിന്യായ വ്യവസ്ഥക്ക് കളങ്കമുണ്ടാക്കും. കോടതികളിലെത്തുന്ന മറ്റ് കേസുകളുടെ രേഖകളും ഇതുപോലെ കാണാതായെന്ന് വരും. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും കടുത്ത നടപടികള്‍ സ്വീകരിക്കുകയും വേണം.

Related Articles
Next Story
Share it