അറുതി വേണം കലാലയങ്ങളിലെ റാഗിംഗ് ക്രൂരതകള്‍ക്ക്

കലാലയങ്ങളിലെ റാഗിംഗ് ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്നാണ് ഇതിനൊരറുതിയെന്ന ശക്തമായ ചോദ്യമാണ് മനസാക്ഷിയുള്ളവര്‍ ഉയര്‍ത്തുന്നത്. ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമാകുന്ന റാഗിംഗ് തടയാന്‍ നിയമമുണ്ടെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹപാഠികളുടെ ആള്‍ക്കൂട്ടവിചാരണക്കും റാഗിംഗ് ക്രൂരതക്കും മര്‍ദ്ദനത്തിനും ഇരയായ വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വേദനാജനകമാണ്. കല്‍പ്പറ്റ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ഹോസ്റ്റലിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് […]

കലാലയങ്ങളിലെ റാഗിംഗ് ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്നാണ് ഇതിനൊരറുതിയെന്ന ശക്തമായ ചോദ്യമാണ് മനസാക്ഷിയുള്ളവര്‍ ഉയര്‍ത്തുന്നത്. ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമാകുന്ന റാഗിംഗ് തടയാന്‍ നിയമമുണ്ടെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹപാഠികളുടെ ആള്‍ക്കൂട്ടവിചാരണക്കും റാഗിംഗ് ക്രൂരതക്കും മര്‍ദ്ദനത്തിനും ഇരയായ വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വേദനാജനകമാണ്. കല്‍പ്പറ്റ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ഹോസ്റ്റലിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഡാന്‍സ് കളിച്ച സിദ്ധാര്‍ത്ഥനെ സഹപാഠികളായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയും റാഗിംഗിന് വിധേയനാക്കുകയും ചെയ്തിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്ന് ദിവസം ഭക്ഷണം പോലും നല്‍കാതെയാണ് സിദ്ധാര്‍ത്ഥനെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയനാക്കിയത്. പിന്നീടാണ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണ, ആള്‍ക്കൂട്ടവിചാരണ, റാഗിംഗ് തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് സഹപാഠികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആറ് പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതല്ലെന്നും ഇതൊരു കൊലപാതകമാണെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എ.ഡി.ജി.പിക്ക് പരാതി നകിയിരിക്കുകയാണ്. കേരളത്തിലെ പല സ്‌കൂളുകളിലും കോളേജുകളിലും റാഗിംഗ് അരങ്ങേറുന്നുണ്ട്. റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും അക്രമങ്ങളും പതിവാകുകയാണ്. ഇതിനിടയിലാണ് റാഗിംഗ് ഇരകള്‍ മരണപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നത്. മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് നല്ലൊരു നിലയിലെത്തിക്കാന്‍ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന രക്ഷിതാക്കളുടെ പ്രതീക്ഷകളാണ് റാഗിംഗ് തല്ലിക്കെടുത്തുന്നത്. പഠനത്തോടൊപ്പം സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ കൂടി നടക്കുന്ന ഇടങ്ങളാകേണ്ടതിന് പകരം പല കലാലയങ്ങളും റാഗിംഗ് പോലുള്ള സാമൂഹ്യവിരുദ്ധവും അപരിഷ്‌കൃതവുമായ കൃത്യങ്ങളുടെ വിളനിലമായി മാറുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളിലെ കുറ്റവാസനയുള്ളവര്‍ റാഗിംഗ് ഒരു കുറ്റകൃത്യമായല്ല തങ്ങളുടെ അധികാരവും കയ്യൂക്കും പ്രകടിപ്പിക്കാനുള്ള അവസരമായാണ് കാണുന്നത്. റാഗിംഗിനെ അതിജീവിക്കാന്‍ അതിനിരയാകുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സാധിക്കണമെന്നില്ല. ചില വിദ്യാര്‍ത്ഥികളെ അത് കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് നയിക്കുന്നു. അവരുടെ ഭാവി തന്നെ ഇരുളടഞ്ഞതായി മാറുന്നു. മാനസികസമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ചില വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത്. റാഗിംഗിനിടെ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ കലാലയങ്ങളില്‍ നിന്ന് റാഗിംഗ് പോലുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കുന്നവര്‍ കര്‍ശന നടപടികളും തുടര്‍ന്ന് നിയമനടപടികളും ഉണ്ടാകണം. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണവും ആവശ്യമാണ്.

Related Articles
Next Story
Share it