ജനങ്ങളെ ഇങ്ങനെ ഷോക്കടിപ്പിക്കരുത്

കേരളത്തില്‍ വൈദ്യുതി നിരക്ക് 50 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വിവരം വൈദ്യുതി ഉപഭോക്താക്കളെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. ഇടക്കിടെ വൈദ്യുതിനിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നത് കാരണം നിലവില്‍ തന്നെ ഉപഭോക്താക്കള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡിന് ശേഷം ജനങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രയാസങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ കുത്തനെ ഉയര്‍ത്തുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിക്കാനും ജീവിതം കൂടുതല്‍ ദുസഹമാകാനും ഇടവരുത്തും. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് […]

കേരളത്തില്‍ വൈദ്യുതി നിരക്ക് 50 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വിവരം വൈദ്യുതി ഉപഭോക്താക്കളെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. ഇടക്കിടെ വൈദ്യുതിനിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നത് കാരണം നിലവില്‍ തന്നെ ഉപഭോക്താക്കള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡിന് ശേഷം ജനങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രയാസങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ കുത്തനെ ഉയര്‍ത്തുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിക്കാനും ജീവിതം കൂടുതല്‍ ദുസഹമാകാനും ഇടവരുത്തും. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് താളം തെറ്റുന്ന അവസ്ഥയിലുള്ളത്. വൈകുന്നേരം ആറുമണിമുതല്‍ രാത്രി 10 മണിവരെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്കാണ് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനക്കായി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കുമെന്നാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ച അവസരത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നത്. വൈദ്യുതിനിരക്ക് 50 ശതമാനം വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ അധികാരികളുള്ളത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനുമുണ്ടാകുമെന്നാണ് അറിയുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളെയായിരിക്കും നിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ ബാധ്യതയുണ്ടാക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചുരുക്കം വ്യവസായങ്ങള്‍ക്ക് മാത്രമേ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. വ്യവസായങ്ങള്‍ക്ക് വൈകിട്ട് ആറുമണിമുതല്‍ രാത്രി 10 മണിവരെ അധികനിരക്കും രാവിലെ 10 മണിമുതല്‍ രാവിലെ ആറുമണി വരെ 25 ശതമാനം ഇളവുമുണ്ട്. എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിങ്ങ് രീതി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ വൈദ്യുതിനിരക്ക് തന്നെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അധികസാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണ്. നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇനിയൊരു നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. വൈദ്യുതിവിതരണത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കൂടുന്നതല്ലാതെ കുറയുന്ന സാഹചര്യമില്ല. വൈദ്യുതി വിതരണം പലപ്പോഴും കാര്യക്ഷമമാകുന്നില്ല. ചെറിയൊരു കാറ്റടിച്ചാല്‍ പോലും വൈദ്യുതി നിലക്കുന്നു. പിന്നെ വിതരണം പുനസ്ഥാപിക്കപ്പെടാന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നു. ഒന്നോ രണ്ടോ ദിവസങ്ങളോ ഒരാഴ്ചയോ വൈദ്യുതി വിതരണം നിലയ്ക്കുന്ന പ്രദേശങ്ങള്‍ പോലും കേരളത്തിലുണ്ട്. ലക്ഷങ്ങള്‍ വൈദ്യുതി കുടിശിക വരുത്തുന്ന സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളുമുണ്ട്. വൈദ്യുതി മോഷണവും തകൃതിയായി നടക്കുന്നു. ഇതൊക്കെ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നത്. ഇതിനൊന്നും പരിഹാരം കാണാതെ സാധാരണക്കാരായ ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തരത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധനവ് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ ഒരു പുനഃപരിശോധനക്ക് സര്‍ക്കാര്‍ തയ്യാറാകണം.

Related Articles
Next Story
Share it