ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ ഡോക്ടര്‍മാരുടെ കുറവും സാങ്കേതികമായ മറ്റ് പരാധീനതകളും കാരണം അവതാളത്തിലാവുകയാണ്. ജില്ലയില്‍ സാധാരണക്കാരായ ആളുകള്‍ മരുന്നിനും ചികിത്സക്കുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുകാരണം രോഗികള്‍ കടുത്ത ദുരിതത്തിലാണ്. ജനറല്‍ ആസ്പത്രിയില്‍ ദിവസവും രോഗികളുടെ നീണ്ടനിര തന്നെയാണുള്ളത്. 19 ഡോക്ടര്‍മാരുടെ കുറവ് ജനറല്‍ ആസ്പത്രിയിലെ സേവനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. 19 ഡോക്ടര്‍മാരില്‍ ഒരാള്‍ അസി. സര്‍ജനാണ്. പി.ജി പഠനത്തിനായി അസി. സര്‍ജന്‍ […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ ഡോക്ടര്‍മാരുടെ കുറവും സാങ്കേതികമായ മറ്റ് പരാധീനതകളും കാരണം അവതാളത്തിലാവുകയാണ്. ജില്ലയില്‍ സാധാരണക്കാരായ ആളുകള്‍ മരുന്നിനും ചികിത്സക്കുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുകാരണം രോഗികള്‍ കടുത്ത ദുരിതത്തിലാണ്. ജനറല്‍ ആസ്പത്രിയില്‍ ദിവസവും രോഗികളുടെ നീണ്ടനിര തന്നെയാണുള്ളത്. 19 ഡോക്ടര്‍മാരുടെ കുറവ് ജനറല്‍ ആസ്പത്രിയിലെ സേവനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. 19 ഡോക്ടര്‍മാരില്‍ ഒരാള്‍ അസി. സര്‍ജനാണ്. പി.ജി പഠനത്തിനായി അസി. സര്‍ജന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. പകരം അസി. സര്‍ജനെ നിയമിച്ചിട്ടില്ല. പഠനം കഴിഞ്ഞ് അസി. സര്‍ജന്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് ആര്‍ക്കുമറിയില്ല. ജനറല്‍ ആസ്പത്രിയില്‍ 16 ഡോക്ടര്‍മാരുടെ തസ്തികയില്‍ ആരെയും നിയമിച്ചിട്ടില്ല. ഇന്‍ര്‍വ്യൂ വിളിച്ചിട്ടും ആരും എത്താത്തതിനാലാണ് നിയമനം വൈകുന്നതെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. അത്യാഹിത വിഭാഗത്തില്‍ എട്ട് ഡോക്ടര്‍മാരുടെ സേവനം വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്. നാല് ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനുണ്ട്. രണ്ട് ഡോക്ടര്‍മാര്‍ മെഡിക്കല്‍ അവധിയില്‍ പോയിരിക്കുകയാണ്. അത്യാഹിതവിഭാഗത്തില്‍ ഒരേ സമയത്ത് ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. ഉച്ചക്ക് ശേഷമുള്ള ഫീവര്‍ ഒ.പി ഇല്ലാതായിട്ട് ഒരുമാസം പിന്നിടുകയാണ്. അത്യാഹിതവിഭാഗത്തില്‍ എല്ലാ വിഭാഗത്തിലും പെട്ട രോഗികള്‍ പരിശോധനയ്ക്കും ചികിത്സക്കുമായി എത്തുന്നുണ്ട്. വിവിധ കേസുകളില്‍ പെട്ടവരെയും പരിശോധനക്കായി ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. പോക്സോ കേസുകളിലും ലഹരിക്കേസുകളിലും പ്രതികളായവരെ ജയിലില്‍ നിന്നും പരിശോധനക്കായി കൊണ്ടുവരികയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. രോഗം ഗുരുതരാവസ്ഥയിലുള്ളവരെയും അപകടത്തിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റവരെയും ആദ്യം എത്തിക്കുന്നത് അത്യാഹിതവിഭാഗത്തിലാണ്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ ദിവസവും തിരക്കുകളുണ്ട്. ഇവരെയെല്ലാം ഒരേ ഡോക്ടര്‍ പരിശോധിക്കേണ്ടിവരുന്നതിനാല്‍ മാനസിക സമ്മര്‍ദ്ദവും ജോലി ഭാരവും കൂടുന്നു. മാത്രമല്ല അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരുണ്ടെങ്കില്‍ മാത്രമേ അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ. 212 കിടക്കകളുള്ള ജനറല്‍ ആസ്പത്രിയില്‍ ദിവസവും 130 വരെ ഇന്‍പേഷ്യന്റായി അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജില്ലാ ആസ്പത്രി അടക്കം ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. സര്‍ക്കാര്‍ ആസ്പത്രികളിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താനും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it