അനധികൃത പടക്കസംഭരണ കേന്ദ്രങ്ങളും സ്‌ഫോടനങ്ങളും

കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള അനധികൃത പടക്ക സംഭരണകേന്ദ്രങ്ങള്‍ ജനങ്ങളുടെ ജീവനും ജീവിതത്തിനും വലിയ ഭീഷണിയായി മാറുകയാണ്. അനുവദിച്ചതിലും അധികം പടക്കങ്ങള്‍ സംഭരിക്കുന്നത് സ്‌ഫോടനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടവരുത്തുന്നു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ അനധികൃതപടക്ക സംഭരണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടത് രണ്ട് പേരാണ്. 23 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയ കാവ് ഭഗവതി ക്ഷേത്ര താലപ്പൊലിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് ഉഗ്രസ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കാരണം […]

കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള അനധികൃത പടക്ക സംഭരണകേന്ദ്രങ്ങള്‍ ജനങ്ങളുടെ ജീവനും ജീവിതത്തിനും വലിയ ഭീഷണിയായി മാറുകയാണ്. അനുവദിച്ചതിലും അധികം പടക്കങ്ങള്‍ സംഭരിക്കുന്നത് സ്‌ഫോടനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടവരുത്തുന്നു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ അനധികൃതപടക്ക സംഭരണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടത് രണ്ട് പേരാണ്. 23 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയ കാവ് ഭഗവതി ക്ഷേത്ര താലപ്പൊലിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് ഉഗ്രസ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കാരണം വീടുകള്‍ അടക്കം ഇരുന്നൂറോളം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. നിരവധി വാഹനങ്ങളും തകര്‍ന്നു. നാല് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകരുകയായിരുന്നു. വാഹനത്തില്‍ കൊണ്ടുവന്ന പടക്കങ്ങള്‍ ഷെഡിലേക്ക് മാറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. തുടരെ ആറ് സ്‌ഫോടനങ്ങളാണ് ഇവിടെ നടന്നത്. വെടിക്കെട്ട് നടത്തരുതെന്ന് ക്ഷേത്ര കമ്മിറ്റിക്കും പടക്ക കരാറുകാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പൊലീസിന് പുറമെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരിക്കുകയാണ്. തികഞ്ഞ അനാസ്ഥയും ജാഗ്രതക്കുറവും മൂലം കേരളത്തില്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം നടന്നത് കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങലിലാണ്. 2016 ഏപ്രില്‍ 16ന് പുലര്‍ച്ചെ പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 110 പേരായിരുന്നു. 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചാണ് ഒട്ടേറെ മനുഷ്യജീവനുകള്‍ക്ക് ഹാനിവരുത്തിയ ദുരന്തം സംഭവിച്ചത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ഇവിടെ ദുരന്തത്തിന് കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് അന്ന് ദുരന്തത്തില്‍ കലാശിച്ചത്. അറുപതു വര്‍ഷം മുമ്പും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തംനടന്നിരുന്നു. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കലായിക്കോട്ട തകര്‍ന്നാണ് കുറേപ്പേര്‍ മരിച്ചത്. കണ്ടങ്കാളി, പേട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കമ്പത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം നിര്‍ത്തിവെച്ച ഉത്സവം 1966 മുതലാണ് വീണ്ടും തുടങ്ങിയത്.
1952ല്‍ ശബരിമലയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 68പേരാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് 20 വര്‍ഷത്തിനിടെ ചെറുതും വലുതുമായ 750 ഓളം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതില്‍ സ്ത്രീകള്‍ അടക്കം 400ലധികം പേര്‍ മരിച്ചു. ആചാരങ്ങളുടെ ഭാഗമായി വെടിക്കെട്ട് അനിവാര്യമാണെന്ന വിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ അനിവാര്യമാണ്. ശ്രദ്ധക്കുറവും ജാഗ്രതയില്ലായ്മയും കാരണം വില നല്‍കേണ്ടിവരുന്നത് മനുഷ്യജീവനുകള്‍ക്കാണെന്ന വസ്തുത മറക്കരുത്.

Related Articles
Next Story
Share it